-->
കൊല്ലം: വിവാഹച്ചടങ്ങിന് തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച കാര്‍ വൈറലായതോടെ കാറും ഉടമയെയും കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിച്ചു. ഇന്നലെ വൈകിട്ട് മുഖത്തല നടുവിലക്കര ഭാഗത്തുള്ള ഒരു പെയ്ന്റിങ് വര്‍ക് ഷോപ്പില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. കാറിന്റെ ഇരു വശങ്ങളില്‍ സ്ഥാപിച്ചിരുന്ന പുകക്കുഴലുകളും ചക്രങ്ങളും അഴിച്ചു മാറ്റിയ നിലയിലായിരുന്നു. നിറം മാറ്റാനുള്ള ശ്രമത്തിനിടെയാണ് പിടിയിലാകുന്നത്.
തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഫാന്റെ ഉടമസ്ഥതയിലുള്ള കാറാണിത്. കഴിഞ്ഞ ഞായറാഴ്ച കുണ്ടറ ഇളമ്പള്ളൂരിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ സഞ്ചരിച്ച കാറാണ് രൂപമാറ്റം വരുത്തിയത്. തീ തുപ്പുന്ന കാറിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കാര്‍ സ്റ്റാര്‍ട്ടാക്കുമ്പോഴും റേസ് ചെയ്യുമ്പോഴുമാണ് തീ തുപ്പിയിരുന്നത്.
തുടര്‍ന്ന് മോട്ടര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കാറിനെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. ഒടുവില്‍ ഇന്നലെ രാവിലെ ഉദ്യോഗസ്ഥര്‍ സ്ഥലം കണ്ടെത്തി വീട്ടിലെത്തിയപ്പോള്‍ കാറും ഉടമയും അവിടെയില്ലായിരുന്നു. കാറുമായി ഉടമ അടുത്ത ദിവസം ഹാജരാകണമെന്ന് വീട്ടുകാരോട് നിര്‍ദേശിച്ചെങ്കിലും എത്തിയില്ല. തുടര്‍ന്ന് ഇന്നലെ മോട്ടര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എ.കെ.ദിലുവിന്റ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് മുഖത്തല നടുവിലക്കര ഭാഗത്തെ പെയ്ന്റിങ് വര്‍ക് ഷോപ്പില്‍ രൂപമാറ്റം വരുത്തിയ നിലയില്‍ കാര്‍ കണ്ടെത്തിയത്.
വാഹനം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഉടമയെ കണ്ടെത്താനായില്ല. കാറിന്റെ റജിസ്‌ട്രേഷനും ഉടമയുടെ ലൈസന്‍സും റദ്ദാക്കിയതായി മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍, ടി.ജി.പ്രമോദ്, അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ രാകേഷ്, രൂപേഷ്, നിഥിന്‍ എന്നിവരാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്.