-->
പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭ് ആണ് പിടിയിലായത്. റാന്നിയില്‍ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. വൊക്കന്‍ പ്രശോഭ് എന്നാണ് പ്രതി അറിയപ്പെടുന്നത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇനി കേസില്‍ രണ്ട് പേരാണ് പിടിയിലാകാനുള്ളത്. ഇവര്‍ ബെംഗളൂരുവില്‍ ഉണ്ടെന്ന സൂചന ലഭിച്ചതിനാല്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും പോലീസ് വ്യാപിപ്പിക്കുകയാണ്.
ഫെബ്രുവരി ഒന്നിന് വൈകുന്നേരമായിരുന്നു തിരുവല്ലയിലെ സ്പായില്‍ ആറംഗ സംഘം അതിക്രമിച്ചുകയറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാപ്പ കേസ് പ്രതി സുബിന്‍ സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. നാല്‍പ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ പിരിവ് ആവശ്യപ്പെട്ടാണ് അക്രമി സംഘം സ്പായിലെത്തിയത്. ആദ്യഘട്ടത്തില്‍ പരാതി നല്‍കാന്‍ യുവതി തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് കാര്യങ്ങള്‍ തുറന്നുപറയുകയും പരാതി നല്‍കുകയുമായിരുന്നു. പിന്നാലെ 'മരണ സുബിന്‍' എന്നറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ, ബെര്‍ലിന്‍ ദാസ്, വരുണ്‍ എന്നീ മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു.
കേസില്‍ അന്വേഷണം അതിജീവിതയുടെ സഹപ്രവര്‍ത്തകയിലേക്കും നീണ്ടിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഒരു സഹപ്രവര്‍ത്തക സ്പായിലുണ്ടായിരുന്നു. തന്നെ ക്രൂരമായി പീഡിപ്പിക്കുമ്പോഴും മര്‍ദിക്കുമ്പോഴും സഹപ്രവര്‍ത്തക ഇടപെട്ടില്ലെന്നും അവര്‍ ഗുണ്ടാസംഘത്തിലെ ചിലരോട് സൗഹൃദപരമായാണ് പെരുമാറിയതെന്നും അതിജീവിത പറഞ്ഞിരുന്നു. സഹപ്രവര്‍ത്തകയുടെ ഒരു ആണ്‍സുഹൃത്ത് ഉണ്ടെന്നും ഇയാള്‍ ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ അംഗമാണെന്നും അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്.