-->
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് നിര്‍ണായക ചോദ്യമുയര്‍ത്തി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് - ആലില എവിടെ? കൊടിമരം നീക്കംചെയ്തപ്പോള്‍ തയാറാക്കിയ മഹസറില്‍ മൂന്ന് സ്വര്‍ണ ആലിലകള്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പിന്നീട് സ്ട്രോങ് റൂമില്‍ നടത്തിയ പരിശോധനയില്‍ രണ്ടെണ്ണം മാത്രമാണ് കണ്ടെത്തിയതെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു സ്വര്‍ണ ആലില കാണാനില്ല.
2017-ലെ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഉയര്‍ന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ദേവസ്വം വിജിലന്‍സിനോട് നിര്‍ദേശിച്ചത്. അന്വേഷണത്തിനുശേഷം തിങ്കളാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കൊടിമരവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കൊള്ള നടന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നേരിട്ടുള്ള പിഴവുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. മുന്‍ ദേവസ്വം പ്രസിഡന്റും ബോര്‍ഡ് അംഗവും സംബന്ധിച്ച ആരോപണങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
എന്നാല്‍, കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷണറായ എ.എസ്.പി. കുറുപ്പിന്റെ ഭാഗത്ത് നടപടിക്രമ വീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലന്‍സ് ചൂണ്ടിക്കാണിക്കുന്നു. സ്വര്‍ണം ഏറ്റുവാങ്ങാനുള്ള ചുമതല അഭിഭാഷക കമ്മിഷണര്‍ക്കു നല്‍കിയിരുന്നില്ലെങ്കിലും സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച സ്വര്‍ണം അദ്ദേഹം ഏറ്റുവാങ്ങിയതായും രസീത് നല്‍കുന്നതില്‍ വീഴ്ചയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏകദേശം 20 പേര്‍ സ്വര്‍ണം സമര്‍പ്പിച്ചിട്ടുണ്ടെന്ന വിവരം മാത്രമാണ് ലഭ്യമായത്. സ്വര്‍ണം നല്‍കിയവരുടെ പേരുകളോ സമര്‍പ്പിച്ച അളവുകളോ കണക്കാക്കി അവതരിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണു കണ്ടെത്തിയത്. ഭക്തര്‍ സമര്‍പ്പിക്കുന്ന സ്വര്‍ണം ഏറ്റുവാങ്ങാനും രേഖപ്പെടുത്തി സൂക്ഷിക്കാനും എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തി ദേവസ്വം ബോര്‍ഡ് ഉത്തരവ് നല്‍കിയിരുന്നുവെങ്കിലും ആ ഉത്തരവ് നടപ്പാക്കിയില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, സംസ്ഥാന വിജിലന്‍സ് വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
* സുനില്‍ ജെ. സണ്ണി