Friday, March 13, 2026 Last Updated 11 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.29 PM

കുടുംബം ഒപ്പം വേണ്ട

uploads/news/2026/02/824896/sp3.jpg

ന്യൂഡല്‍ഹി: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിലും ഇന്ത്യന്‍ താരങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ തുടരുമെന്ന്‌ ബി.സി.സി.ഐ. ലോകകപ്പിനിടെയും താരങ്ങള്‍ക്കു കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാനാകില്ല. കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ സ്വന്തം നിലയില്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നു ബി.സി.സി.ഐ. വ്യക്‌തമാക്കി.
കുടുംബാംഗങ്ങളുടെ കാര്യത്തില്‍ വ്യക്‌തത വരുത്താന്‍ ടീം മാനേജ്‌മെന്റ്‌ ബോര്‍ഡിനെ സമീപിച്ചിരുന്നു. 2024-25 സീസണിലെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി കൈവിട്ടതിനു പിന്നാലെയാണ്‌ താരങ്ങള്‍ക്ക്‌ ബി.സി.സി.ഐ. നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പര്യടനത്തിനിടെ ടീം മീറ്റിങ്ങുകളിലടക്കം ചില താരങ്ങള്‍ പങ്കെടുക്കാതിരുന്നത്‌ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചതുകൊണ്ടാണെന്നും അത്‌ ദയനീയ പ്രകടനത്തിനു കാരണമായെന്ന്‌ സപ്പോര്‍ട്ട്‌ സ്‌റ്റാഫ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. അതോടെ 45 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വിദേശ പര്യടനങ്ങളില്‍ പരമാവധി 14 ദിവസം മാത്രമേ താരങ്ങള്‍ക്ക്‌ കുടുംബത്തെ ഒപ്പം താമസിപ്പിക്കാന്‍ അനുവദിക്കൂ എന്ന നയം ബി.സി.സി.ഐ സ്വീകരിച്ചു.
ലോകകപ്പ്‌ പോലുള്ള ടൂര്‍ണമെന്റുകളില്‍ കുടുംബാംഗങ്ങള്‍ക്ക്‌ താരങ്ങള്‍ക്കൊപ്പം ടീം ഹോട്ടലില്‍ താമസിക്കാന്‍ അനുവാദമില്ല. മത്സരം കാണുന്നതിന്‌ ഉള്‍പ്പെടെ ഇവര്‍ എത്തുന്നുണ്ടെങ്കില്‍ താരങ്ങളുടെ ചെലവില്‍ പ്രത്യേക താമസസൗകര്യം ഏര്‍പ്പെടുത്തണം. കോവിഡ്‌ 19 വൈറസ്‌ മഹാമാരിയുടെ സമയത്ത്‌ എല്ലാ പരമ്പരകളിലും കുടുംബത്തെ ഒപ്പം കൂട്ടാന്‍ താരങ്ങള്‍ക്ക്‌ അനുവാദമുണ്ടായിരുന്നു.
താരങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായിരുന്നു അത്‌. ഇന്ത്യന്‍ ടീമംഗങ്ങളില്‍ നായകന്‍ സൂര്യകുമാര്‍ യാദവ്‌, പേസര്‍ ജസ്‌പ്രീത്‌ ബുംറ, സഞ്‌ജു സാംസണ്‍ എന്നിവരാണ്‌ വിവാഹിതര്‍. ഹാര്‍ദിക്‌ പാണ്ഡ്യയും പങ്കാളിക്കൊപ്പമാണ്‌ സ്‌ഥിരമായി യാത്ര ചെയ്യുന്നത്‌. ഔദ്യോഗിക ബ്രോഡ്‌കാസ്‌റ്ററുടെ അവതാരക കൂടിയായ ബുംറയുടെ ഭാര്യ സഞ്‌ജന ഗണേശന്‍ ലോകകപ്പ്‌ മത്സരങ്ങളില്‍ ടീമിനൊപ്പമുണ്ട്‌. ലോകകപ്പില്‍ താരങ്ങള്‍ ചാര്‍ട്ടര്‍ വിമാനങ്ങളിലാകും യാത്ര ചെയ്യുക. താരങ്ങള്‍ക്ക്‌ അവരുടെ ഷെഫുമാരെ ഒപ്പം കൂട്ടാന്‍ അനുവാദമുണ്ടെങ്കിലും ടീം ഹോട്ടലില്‍ താമസിപ്പിക്കാനാകില്ല. ഹോട്ടലിന്‌ അടുത്തുള്ള മറ്റു താമസസ്‌ഥലങ്ങളില്‍നിന്ന്‌ ഭക്ഷണം പാകം ചെയ്‌ത് താരങ്ങള്‍ക്ക്‌ എത്തിച്ചു നല്‍കണം.

Ads by Google
Tuesday 10 Feb 2026 11.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW