Friday, March 13, 2026 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.29 PM

പാകിസ്‌താന്‌ 32 റണ്‍ ജയം

uploads/news/2026/02/824894/sp1.jpg

കൊളംബോ: യു.എസിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരത്തില്‍ പാകിസ്‌താന്‌ 32 റണ്‍ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ ഒന്‍പത്‌ വിക്കറ്റിന്‌ 190 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത യു.എസിന്‌ എട്ട്‌ വിക്കറ്റിനു നഷ്‌ടത്തില്‍ 158 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
അവരുടെ പോരാട്ടം ഓപ്പണര്‍ ശ്യായന്‍ ജഹാംഗീര്‍ (34 പന്തില്‍ രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 49), ശുഭം രഞ്‌ജനെ (30 പന്തില്‍ മൂന്ന്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 51) എന്നിവരില്‍ മാത്രമൊതുക്കി. ഓഫ്‌ സ്‌പിന്നര്‍ ഉസ്‌മാന്‍ താരിഖ്‌ മൂന്ന്‌ വിക്കറ്റും ഷാദാബ്‌ ഖാന്‍ രണ്ട്‌ വിക്കറ്റുമെടുത്തു തിളങ്ങി. അബ്രാര്‍ അഹമ്മദും മുഹമ്മദ്‌ നവാസും ഷഹീന്‍ ഷാ അഫ്രീഡിയും ഒരു വിക്കറ്റ്‌ വീതവുമെടുത്തു.
എ ഗ്രൂപ്പ്‌ മത്സരത്തില്‍ ടോസ്‌ നേടിയ യു.എസ്‌.എ. നായകന്‍ മോനാങ്ക്‌ പട്ടേല്‍ പാകിസ്‌താനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. കഴിഞ്ഞ ലോകകപ്പിനു സമാനമായി വീണ്ടും ഒരു അട്ടിമറി നടത്താമെന്ന പ്രതീക്ഷയിലായിരുന്നു പട്ടേല്‍. പക്ഷേ പാക്‌ ബാറ്റര്‍മാര്‍ സിംഹളീസ്‌ സ്‌പോര്‍ട്‌സ് ക്ലബ്‌ ഗ്രൗണ്ടില്‍ തകര്‍ത്തടിച്ചു. ട്വന്റി20 യിലെ കന്നി അര്‍ധ സെഞ്ചുറിയടിച്ച ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാനാണ്‌ (41 പന്തില്‍ അഞ്ച്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 73) പാകിസ്‌താനെ മികച്ച സ്‌കോറിലെത്തിച്ചത്‌. ഓപ്പണിങ്‌ വിക്കറ്റില്‍ സായിം അയൂബും (17 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 19) ഫര്‍ഹാനും ചേര്‍ന്ന്‌ 54 റണ്ണെടുത്തു. സായിമിനെയും നായകന്‍ സല്‍മാന്‍ ആഗയെയും (ഒന്ന്‌) ഒരേ ഓവറില്‍ പുറത്താക്കി വാന്‍ സ്‌കവാക്‌ പാകിസ്‌താനെ ഞെട്ടിച്ചു. പിന്നാലെ ക്രീസിലെത്തിയ മുന്‍ നായകന്‍ ബാബര്‍ അസമുമായി (32 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 46) ചേര്‍ന്ന്‌ ഫര്‍ഹാന്‍ ടീമിനെ മുന്നോട്ട്‌ കൊണ്ടുപോയി. ഇരുവരും ചേര്‍ന്ന്‌ 86 റണ്‍ കൂട്ടിചേര്‍ത്തു. ബാബര്‍ അസമിനെ മുഹമ്മദ്‌ മൊഹ്‌സിന്‍ മടക്കി. വൈകാതെ ഫര്‍ഹാനും ഹര്‍മീത്‌ സിങിന്റെ പന്തില്‍ മടങ്ങി. ശാദാബ്‌ ഖാന്‍ (12 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 30) അവസാന ഓവറുകളില്‍ മികച്ച ബാറ്റിങ്‌ പുറത്തെടുത്തു.
പിന്നീടെത്തിയ മുഹമ്മദ്‌ നവാസ്‌ (അഞ്ച്‌), ഫാഹിം അഷ്‌റാഫ്‌ (ഒന്ന്‌), ഉസ്‌മാന്‍ ഖാന്‍ (0), അബ്രാര്‍ അഹമ്മദ്‌ (0) എന്നിവര്‍ നിരാശപ്പെടുത്ത. ഷഹീന്‍ ഷാ അഫ്രീഡി നാല്‌ പന്തില്‍ ഒന്‍പത്‌ റണ്ണുമായി പുറത്താകാതെനിന്നു. യു.എസിനായി വാന്‍ സ്‌കവാക്‌ നാല്‌ വിക്കറ്റെടുത്തു. മുഹമ്മദ്‌ മൊഹ്‌സിന്‍, സൗരഭ്‌ നേത്രവല്‍ക്കര്‍, ഹര്‍മീത്‌ സിങ്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു.

Ads by Google
Tuesday 10 Feb 2026 11.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW