-->
ഡല്‍ഹി: നമീബിയയ്‌ക്കെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് എ ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിന് ഏഴ് വിക്കറ്റ് ജയം.
ആദ്യം ബാറ്റ് ചെയ്‌ത നമീബിയ എട്ട് വിക്കറ്റിന് 156 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത നെതര്‍ലന്‍ഡ്‌സ് കളി തീരാന്‍ 12 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ബാസ് ഡി ലീഡാണ് (48 പന്തില്‍ നാല് സിക്‌സറും അഞ്ച് ഫോറുമടക്കം പുറത്താകാതെ 72 റണ്ണും രണ്ട് വിക്കറ്റും) വിജയ ശില്‍പ്പി. രണ്ട് കളികളില്‍നിന്നു രണ്ട് പോയിന്റാണു നെതര്‍ലന്‍ഡ്‌സിന്റെ നേട്ടം. കന്നി മത്സരത്തില്‍ തന്നെ നമീബിയ തോല്‍വിയറിഞ്ഞു.
അരുണ്‍ ജെയ്‌റ്റ്ലി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വേഡ്‌സ് നമീബിയയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. യാന്‍ നികോള്‍ ലോഫ്‌റ്റി ഈറ്റന്‍ (38 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 42), ഓപ്പണര്‍ യാന്‍ ഫ്രൈലിങ്ക് (26 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 30), ജെജെ സ്‌മിറ്റ് (15 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 22), നായകന്‍ ജെറാഡ് ഇറാസ്‌മസ് (ഒന്‍പത് പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 18) എന്നിവരാണു നമീബിയയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ഹോളണ്ടിനായി ലോഗാന്‍ വാന്‍ ബീകും ബാസ് ഡി ലീഡും രണ്ട് വിക്കറ്റ് വീതമെടുത്തു.
നെതര്‍ലന്‍ഡ്‌സിനായി മൈക്കിള്‍ ലെവിറ്റും (15 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 28) മാക്‌സ് ഓ ദൗദുമാണ് (ഏഴ്) ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്. ദൗദിനെ ബെര്‍നാഡ് സ്‌കൂറ്റ്‌സിന്റെ പന്തില്‍ ഇറാസ്‌മസ് പിടികൂടി. മൂന്നാമനായാണു ഡി ലീഡ് ക്രീസിലെത്തിയത്. ലെവിറ്റിനെ റൂബന്‍ ട്രംപല്‍മാനും പുറത്താക്കി. കോളിന്‍ ഓകര്‍മാന്‍ (28 പന്തില്‍ ഒരു സിക്‌സറടക്കം 32), സ്‌കോട്ട് എഡ്വേഡ്‌സ് (ഒന്‍പത് പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം പുറത്താകാതെ 18) എന്നിവരുടെ കൂട്ടുപിടിച്ചാണു ഡി ലീഡ് ടീമിനെ ജയത്തിലെത്തിച്ചത്.