-->
ന്യൂഡല്‍ഹി: എ.ഐ(നിര്‍മിത ബുദ്ധി)യില്‍ പിടിമുറുക്കി കേന്ദ്ര സര്‍ക്കാര്‍. എ.ഐ. സൃഷ്‌ടിച്ച ഉള്ളടക്കം നിര്‍ബന്ധമായും ലേബല്‍ ചെയ്യണമെന്നു സര്‍ക്കാര്‍ ഉത്തരവിട്ടു. എതിര്‍പ്പുള്ള ഉള്ളടക്കം മൂന്ന് മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭേദഗതി വരുത്തിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം അനുസരിച്ചാണു നടപടി. എ.ഐ. ടൂളുകള്‍ ഉപയോഗിച്ച് സൃഷ്‌ടിച്ച ഉള്ളടക്കം ലേബല്‍ ചെയ്യേണ്ടത് പ്ലാറ്റ്‌ഫോമുകളുടെ ചുമതലയാണ്. തങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കം എ.ഐ. ഉപയോഗിച്ച് സൃഷ്‌ടിച്ചതോ മാറ്റം വരുത്തിയതോ ആണോ എന്ന് ഉപയോക്‌താക്കള്‍ വ്യക്‌തമാക്കണം. പുതിയ നിയമം അനുസരിച്ച്, നിയമവിരുദ്ധമോ ഹാനികരമോ ആയ ചില വിഭാഗങ്ങളില്‍പ്പെട്ട ഉള്ളടക്കം മൂന്ന് മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം.
എ.ഐ. സൃഷ്‌ടിച്ച ഉള്ളടക്കം ശരിയായ വെളിപ്പെടുത്തലില്ലാതെ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ നടപടിയുണ്ടാകും. ഉപയോക്‌താക്കളുടെ പ്രഖ്യാപനങ്ങള്‍ പരിശോധിക്കാന്‍ ടൂളുകളും പരിശോധനാ സംവിധാനങ്ങളും വിന്യസിക്കാനും സര്‍ക്കാര്‍ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. എ.ഐയുടെ ദുരുപയോഗവും ഓണ്‍ലൈനിലെ ഡീപ്‌ഫേക്കുകളും നിയന്ത്രിക്കുക, ഹാനികരമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉള്ളടക്കത്തില്‍ പ്ലാറ്റ്‌ഫോമുകള്‍ വേഗത്തില്‍ നടപടിയെടുക്കാന്‍ പ്രേരിപ്പിക്കുക എന്നിവയാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യമെന്നു സര്‍ക്കാര്‍ വിശദീകരിക്കുന്നു.
മാറിയ നിയമങ്ങള്‍
ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമങ്ങളിലാണു ഭേദഗതി വരുത്തിയത്. ഇടനിലക്കാരുമായി ബന്ധപ്പെട്ട ചട്ടക്കൂട് 2011ലാണ് ആദ്യമായി തയാറാക്കിയത്. പിന്നീട് 2021ല്‍ ഭേദഗതി ചെയ്‌തു. ഇത് പ്രധാനപ്പെട്ട സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ പരിശോധനാ ബാധ്യതകള്‍ വര്‍ധിപ്പിക്കുകയും ഡിജിറ്റല്‍ വാര്‍ത്തകള്‍ക്കും ഓഡിയോവിഷ്വല്‍ ഉള്ളടക്കങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്‌തു.
ഭേദഗതി പ്രകാരം ഡീപ്‌ഫേക്കുകള്‍ ഉള്‍പ്പെടെയുള്ള കൃത്രിമമായി സൃഷ്‌ടിച്ച വിവരങ്ങള്‍ കര്‍ശനമായ നിയന്ത്രണ സംവിധാനത്തിന്റെ കീഴില്‍ കൊണ്ടുവന്നു.
പുതിയ നിയമപ്രകാരം, എഐ സൃഷ്‌ടിച്ചതോ പരിഷ്‌ക്കരിച്ചതോ ആയ ഉള്ളടക്കം ദൃശ്യമായ വെളിപ്പെടുത്തലുകള്‍ വഴിയോ അല്ലെങ്കില്‍ ഉള്‍ച്ചേര്‍ത്ത മെറ്റാഡേറ്റ വഴിയോ ലേബല്‍ ചെയ്യുകയോ തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലാക്കുകയോ വേണം. കൂടാതെ, ഈ തിരിച്ചറിയല്‍ ടാഗുകള്‍ ഒരിക്കല്‍ പ്രയോഗിച്ചാല്‍ പിന്നീട് മാറ്റാന്‍ സാധിക്കില്ല.
ഓരോ മൂന്ന് മാസത്തിലൊരിക്കലെങ്കിലും എ.ഐ. ദുരുപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉപയോക്‌താക്കള്‍ക്ക് പ്ലാറ്റ്‌ഫോമുകള്‍ മുന്നറിയിപ്പ് നല്‍കണം. നേരത്തെ, നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് 36 മണിക്കൂര്‍ സമയം ലഭിച്ചിരുന്നു. ഇപ്പോള്‍ കോടതിയില്‍ നിന്നോ സര്‍ക്കാര്‍ ഭാഗത്ത് നിന്നോ നിര്‍ദേശം ലഭിച്ചാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ എ.ഐ. സൃഷ്‌ടിച്ച ഉള്ളടക്കം നീക്കം ചെയ്യുകയോ അതിലേക്ക് പ്രവേശനം നിഷേധിക്കുകയോ വേണം. അവസാന ഉപയോക്‌താക്കളുടെ ഡേറ്റ സംഭരിക്കുകയോ കൈമാറുകയോ ചെയ്യുന്ന സ്‌ഥാപനങ്ങളാണു പ്ലാറ്റ്‌ഫോമുകള്‍/ഇടനിലക്കാര്‍. ജിയോ, ആമസോണ്‍, ഗൂഗിള്‍, മെറ്റ തുടങ്ങിയ ടെലികോം സേവന ദാതാക്കള്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസുകള്‍, സേര്‍ച്ച് എന്‍ജിനുകള്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നടപ്പാക്കലിന്റെ ആദ്യ ഘട്ടം ഇന്ത്യയില്‍ 50 ലക്ഷത്തില്‍ കൂടുതല്‍ രജിസ്‌റ്റര്‍ ചെയ്‌ത ഉപയോക്‌താക്കളുള്ള വലിയ സാമൂഹിക മാധ്യമ ഇടനിലക്കാരെ കേന്ദ്രീകരിക്കും. മെറ്റ, എക്‌സ് പോലുള്ള വിദേശ കമ്പനികളെയാണു നിയമങ്ങള്‍ പ്രധാനമായും ബാധിക്കുക. എ.ഐ. ചാറ്റ്‌ബോട്ട് ഗ്രോക്ക് ലൈംഗിക ഡീപ്‌ഫേക്കുകള്‍ സൃഷ്‌ടിച്ചത് വിവാദമായിരുന്നു. അതിന്റെ പശ്‌ചാത്തലത്തിലാണു നടപടിയെന്നാണു കേന്ദ്രത്തിന്റെ വിശദീകരണം. ഐ.എ.എം.എ.ഐ, നാസ്‌കോം തുടങ്ങിയ സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കൂടിയാലോചനകളുടെ അടിസ്‌ഥാനത്തിലാണു തീരുമാനം.