-->
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍നിന്ന് 114 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള 3.25 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രതിരോധ മന്ത്രാലയം ഈ ആഴ്‌ച അംഗീകരിച്ചേക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഡല്‍ഹി സന്ദര്‍ശനത്തിനു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ നീക്കം. ഈ കരാര്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടായിരിക്കും.
ഇടപാടില്‍ ഏകദേശം 100 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനുള്ള വ്യവസ്‌ഥകളും ഉള്‍പ്പെടുന്നു.
ഈ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍, ഫ്രാന്‍സിനു പുറത്തുള്ള ഏറ്റവും വലിയ റാഫേല്‍ വിമാന ഉടമകളില്‍ ഒന്നായി ഇന്ത്യ മാറും. ലോകത്തിലെ ഏറ്റവും മാരകമായ ഇരട്ട എന്‍ജിന്‍, മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങളില്‍ ഒന്നാണു റാഫേല്‍. ആകാശ മേധാവിത്വം സ്‌ഥാപിക്കാനും കൃത്യതയോടെ ലക്ഷ്യങ്ങളെ തകര്‍ക്കാനും അതിനു കഴിയും.
ഇന്ത്യക്ക് നിലവില്‍ 36 റാഫേല്‍ വിമാനങ്ങളുണ്ട്. അവസാന 'സി' വേരിയന്റിന്റെ വിതരണം 2024 ഡിസംബറില്‍ പൂര്‍ത്തിയായി. കൂടാതെ, 63,000 കോടി രൂപയുടെ ഇടപാടിലൂടെ 26 നാവിക വേരിയന്റുകളായ 'എം' പതിപ്പും ഓര്‍ഡര്‍ ചെയ്‌തിട്ടുണ്ട്. ഈ ഇടപാടില്‍ നാല് ഇരട്ട സീറ്റ് പരിശീലന വിമാനങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ, വിമാനങ്ങളുടെ പരിപാലനം, അറ്റക്കുറ്റപ്പണി, പരിശീലനം എന്നിവയ്‌ക്കുള്ള കരാറും ഇതിലുള്‍പ്പെടുന്നു.
2030ല്‍ വിമാനങ്ങള്‍ ഇന്ത്യക്കു ലഭിച്ചുതുടങ്ങും. 'എം' പതിപ്പ് റാഫേലുകള്‍ ഐ.എന്‍.എസ്. വിക്രാന്ത്, ഐ.എന്‍.എസ്. വിക്രമാദിത്യ എന്നീ വിമാനവാഹിനി കപ്പലുകളില്‍ വിന്യസിക്കും.
ഇതുവരെ വിതരണം ചെയ്‌ത 'സി' പതിപ്പ് വിമാനങ്ങള്‍ അംബാലയിലെ 17ാം സ്‌ക്വാഡ്രണായ 'ഗോള്‍ഡന്‍ ആരോസ്', ബംഗാളിലെ ഹസീമാരയിലുള്ള 101ാം സ്‌ക്വാഡ്രണായ 'ഫാല്‍ക്കണ്‍സ്' എന്നിവയ്‌ക്ക് കൈമാറിയിട്ടുണ്ട്.
ഇന്ത്യന്‍ വ്യോമസേനയുടെ റാഫേല്‍ വിമാനങ്ങള്‍ ഇതിനോടകം പോരാട്ടങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ സിന്ദൂറിലും ലഡാക്കിലും ഇവ ഉപയോഗിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ റാഫേലുകള്‍ 250 കിലോമീറ്ററിലധികം ദൂരത്തുനിന്നു ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിവുള്ള എസ്.സി.എ.എല്‍.പി. എയര്‍ ലോഞ്ച്‌ഡ് ക്രൂയിസ് മിസൈല്‍ പ്രയോഗിച്ചു. ഇറാഖ് യുദ്ധം, ലിബിയ എന്നിവിടങ്ങളിലും ഇവ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഫ്രാന്‍സും ഇന്ത്യയും ഡാസോ ഏവിയേഷനും ടാറ്റ അഡ്വാന്‍സ്‌ഡ് സിസ്‌റ്റംസും തമ്മില്‍ നാല് നിര്‍മാണ കൈമാറ്റ കരാറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ത്യന്‍ സൈന്യത്തിനായുള്ള റാഫേലുകളുടെ വിതരണം വേഗത്തിലാക്കാന്‍ സഹായിക്കും. ഹൈദരാബാദില്‍ അത്യാധുനിക ഉത്‌പാദന കേന്ദ്രം സ്‌ഥാപിക്കാനും ഫ്രഞ്ച് യുദ്ധവിമാനത്തിന്റെ പ്രധാന ഭാഗങ്ങളായ ലേറ്ററല്‍ ഷെല്ലുകള്‍, പിന്‍ ഭാഗം, മധ്യഭാഗം, മുന്‍ ഭാഗം എന്നിവ നിര്‍മിക്കാനും ടാറ്റ അഡ്വാന്‍സ്‌ഡ് സിസ്‌റ്റംസ് ലക്ഷ്യമിടുന്നു.
2028ല്‍ ആദ്യത്തെ ഫ്യൂസലേജ് ഭാഗങ്ങള്‍ നിര്‍മാണ ശാലയില്‍നിന്നു പുറത്തിറങ്ങും. പ്രതിമാസം രണ്ട് പൂര്‍ണ ഫ്യൂസലേജ് വിതരണം ചെയ്യുക എന്നതാണ് ലക്ഷ്യം. റാഫേല്‍ യുദ്ധവിമാനങ്ങളുടെ അന്തിമ അസംബ്ലിങ് ഫ്രാന്‍സിലെ മെറിനാകിലുള്ള ഡാസോയുടെ ഉത്‌പാദന കേന്ദ്രത്തിലായിരിക്കും നടക്കുക.
അതേസമയം, പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ) വികസിപ്പിക്കുന്ന അഞ്ചാം തലമുറ തദ്ദേശീയ യുദ്ധവിമാനങ്ങള്‍ നാവിക സേനയുടെ ഭാഗമാക്കാനും പദ്ധതിയുണ്ട്.