-->
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരേ കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസില്‍ കോണ്‍ഗ്രസ് എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഒപ്പുവച്ചില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍, സ്‌പീക്കറെ പുറത്താക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയത്തില്‍ പ്രതിപക്ഷ നേതാവ് ഒപ്പുവയ്‌ക്കുന്നത് ഉചിതമല്ലെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്‌തമാക്കി.
സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് അവിശ്വാസ നീക്കമുണ്ടായത്. പക്ഷപാതപരമായി സഭാ നടപടികള്‍ കൈകാര്യം ചെയ്യുന്നു എന്നാണു സ്‌പീക്കര്‍ക്കെതിരേ പ്രതിപക്ഷത്തിനുള്ള പരാതി.
നേരത്തെ, ഭരണഘടനയുടെ 94(സി) അനുച്‌ഛേദ പ്രകാരമാണു പ്രതിപക്ഷ പാര്‍ട്ടികള്‍ സ്‌പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരേ അവിശ്വാസ പ്രമേയ നോട്ടീസ് സമര്‍പ്പിച്ചത്. നോട്ടീസില്‍ ആകെ 120 എംപിമാര്‍ ഒപ്പുവച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ഡി.എം.കെ. തുടങ്ങിയ പാര്‍ട്ടികള്‍ പ്രമേയത്തെ പിന്തുണയ്‌ക്കുന്നു. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി.) ഇതുവരെ നോട്ടീസില്‍ ഒപ്പുവച്ചിട്ടില്ല.
പൊതുപ്രാധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കാന്‍ സ്‌പീക്കര്‍ അവസരം നിഷേധിച്ചതായി നോട്ടീസില്‍ പ്രതിപക്ഷ എം.പിമാര്‍ ആരോപിച്ചു.
രാഹുല്‍ ഗാന്ധിക്ക് രാഷ്‌ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുമതി നിഷേധിച്ചതും, പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്‌തതും, ബി.ജെ.പി എം.പി. നിഷികാന്ത് ദുബെയുടെ മുന്‍ പ്രധാനമന്ത്രിമാര്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ നടപടി എടുക്കാത്തതും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, പ്രതിപക്ഷത്തിന്റെ നീക്കത്തെ സര്‍ക്കാര്‍ തള്ളി. പ്രതിപക്ഷത്തിന് പ്രമേയം പാസാക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ഇല്ലെന്നും, പാര്‍ലമെന്ററി നടപടികള്‍ക്ക് തടസമുണ്ടാക്കുന്നതായും മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ഭരണഘടനയുടെ 94(സി) അനുച്‌ഛേദ പ്രകാരം, 14 ദിവസത്തെ നിര്‍ബന്ധിത അറിയിപ്പ് കാലയളവിന് ശേഷം ലോക്‌സഭയില്‍ പ്രമേയം പാസാക്കുന്നതിലൂടെ സ്‌പീക്കറെ നീക്കം ചെയ്യാന്‍ കഴിയും. പക്ഷേ, അതിനൃ സഭയില്‍ ഭൂരിപക്ഷം ഉണ്ടാകണം.