-->
ന്യൂഡല്‍ഹി: ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരേ പ്രതിപക്ഷം അവിശ്വാസത്തിനു നോട്ടീസ് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന്, പ്രമേയം ചര്‍ച്ച ചെയ്‌തു തീരുമാനിക്കുംവരെ സഭാ നടപടിക്രമങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചതായി സൂചന.
സ്‌പീക്കറെ നീക്കം ചെയ്യാന്‍ വ്യവസ്‌ഥ ചെയ്യുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 94(സി) പ്രയോഗിക്കുന്നതിനുള്ള നോട്ടീസ് ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് ആണു സമര്‍പ്പിച്ചത്. സ്‌പീക്കര്‍ ഓം ബിര്‍ളയെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇന്നലെ ഉച്ചയ്‌ക്ക് 1.14 ന് അദ്ദേഹത്തില്‍ അവിശ്വാസം പ്രകടിപ്പിക്കുന്ന പ്രമേയം സമര്‍പ്പിച്ചതായി ഗൊഗോയ് പിന്നീട് പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല പ്രതിപക്ഷ പാര്‍ട്ടികളും ഈ ആശങ്ക പങ്കിടുന്നതായും ഗൊഗോയ് പറഞ്ഞു.
പ്രമേയം ചര്‍ച്ച ചെയ്യുമ്പോള്‍ സ്‌പീക്കര്‍ ചെയറില്‍ ഇരിക്കരുതെന്നു നിയമങ്ങള്‍ വ്യക്‌തമാക്കുന്ന സാഹചര്യത്തില്‍ നടപടിക്രമങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഓം ബിര്‍ള തീരുമാനിച്ചതായാണു വിശദീകരണം.
ചില അംഗങ്ങള്‍ തന്നില്‍ വിശ്വാസക്കുറവ് പ്രകടിപ്പിച്ചതിനാലാണ് ഈ തീരുമാനമെന്നും, സര്‍ക്കാരിലെയോ പ്രതിപക്ഷത്തെയോ നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചാലും അദ്ദേഹം പിന്മാറില്ല. എത്രയും വേഗം ചര്‍ച്ച നടക്കണമെന്നു ബിര്‍ള ആഗ്രഹിക്കുന്നുണ്ടെങ്കിലും മാര്‍ച്ച് 9 ന് മുമ്പ് അതു നടക്കാന്‍ സാധ്യതയില്ല.
പ്രമേയത്തിനുള്ള നോട്ടീസില്‍ 2026 നു പകരം 2025 എന്നു രേഖപ്പെടുത്തിയതിനാല്‍ അതു സ്വീകരിക്കാന്‍ കഴിയില്ലെന്നു ലോക്‌സഭാ സെക്രട്ടേറിയറ്റ് വ്യക്‌തമാക്കിയതായി ഇതിനിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തിരുത്തല്‍ വരുത്തിയ ശേഷം നോട്ടീസ് വീണ്ടും സമര്‍പ്പിക്കാമെന്നു സെക്രട്ടേറിയറ്റ് പറഞ്ഞതിനെത്തുടര്‍ന്ന് പ്രതിപക്ഷം രണ്ടാമത്തെ നോട്ടീസ് സമര്‍പ്പിച്ചു. ലോക്‌സഭയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഓം ബിര്‍ള തീരുമാനിക്കുന്നത് ഇതാദ്യമല്ല. പാര്‍ലമെന്റ് തുടര്‍ച്ചയായി തടസ്സപ്പെടുന്നതില്‍ അതൃപ്‌തി പ്രകടിപ്പിച്ച് 2023 ല്‍ അദ്ദേഹം ഇപ്രകാരം ചെയ്‌തിരുന്നു. എം.പിമാര്‍ സഭയുടെ അന്തസിന് അനുസൃതമായി പെരുമാറുമെന്ന് ഉറപ്പ് ലഭിച്ചതിനുശേഷമാണ് അന്ന് അദ്ദേഹം പിന്‍വാങ്ങിയത്.