Saturday, March 14, 2026 Last Updated 18 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 01.16 PM

92കാരന്‍റെ വീടിന് ഭീഷണിയായി അയലത്തെ പറമ്പിൽ വൻമരങ്ങൾ; ഒരുമാസത്തിനകം മുറിച്ചുമാറ്റാൻ നിർദേശിച്ച് ഹൈക്കോടതി, സംഭവം ​കൊച്ചിയില്‍

down

കൊച്ചി: പള്ളുരുത്തിയിൽ 92വയസുകാരന്റെ വീടിന് ഭീഷണിയായി അയലത്തെ പറമ്പിൽ നിന്നിരുന്ന വൻമരങ്ങൾ മുറിച്ചുമാറ്റാൻ ഉത്തരവിട്ട് ഹൈക്കോടതി. സി ജെ മാത്യുസിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. രാമേശ്വരം വില്ലേജിൽ 4.2 സെന്റ് സ്ഥലത്താണ് ഹർജിക്കാരന്റെ വീട്. തൊട്ടടുത്ത പറമ്പിലെ അതിർത്തിയിലുള്ള വൻമരങ്ങൾ വീടിന് അപകടകരമാം വിധം വളർന്നതോടെയാണ് ഇയാൾ പരാതി നൽകിയത്.

ഈ ഭൂമി കാട് പിടിച്ച് ഇഴ ജന്തുക്കളടക്കം നിറഞ്ഞുവെന്ന് പരാതിക്കാരൻ ഉന്നയിച്ചിരുന്നു. എന്നാൽ സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് തർക്കം ഉള്ളതിനാൽ ഇവിടെ കയറാനാകില്ലെന്നായിരുന്നു സ്ഥലമുടമ കോടതിയിൽ അറിയിച്ചത്. ഇതോടെ അടിയന്തര ആവശ്യമെന്ന് കണ്ടെത്തിയാൽ ഉടമയെ അറിയിക്കാതെ തന്നെ കോർപ്പറേഷന് മരങ്ങൾ വെട്ടിനീക്കാൻ അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. ഈ അധികാരം നിലനിൽക്കെ വയോധികനെ പരാതിയുടെ പേരിൽ വലച്ച കൊച്ചി കോർപ്പറേഷൻ നടപടി നാണക്കേടാണെന്ന് വിമർശിച്ച കോടതി, ഒരു മാസത്തിനകം മരങ്ങൾ മുറിച്ചുനീക്കാൻ നിർദേശിച്ച് ഉത്തരവിടുകയായിരുന്നു. ഇക്കാര്യം നടപ്പാക്കുന്നുണ്ടോയെന്ന് ജില്ലാ കളക്ടറും ആർഡിഒയും ഉറപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി.

മരങ്ങൾ മുറിച്ചുമാറ്റിത്തരണമെന്ന ആവശ്യവുമായി ഒമ്പത് വർഷമായി വയോധികൻ പല ഓഫീസുകളും കയറി ഇറങ്ങിയെങ്കിലും അനുകൂല നടപടി ഉണ്ടായിരുന്നില്ല. ഫോർട്ട് കൊച്ചി ആർഡിഒയ്ക്ക് നൽകിയ പരാതിയിൽ പ്രശ്‌ന പരിഹാരത്തിന് കൊച്ചി കോർപ്പറേഷന് നിർദേശം നൽകിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഇതോടെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിച്ചെങ്കിലും അവിടെയും പ്രശ്‌നത്തിന് പരിഹാരമായില്ല. പിന്നാലെ മാത്യൂസ് ജില്ലാകളക്ടറെ സമീപിച്ചു. നടപടി സ്വീകരിക്കാൻ കളക്ടർ കൊച്ചി കോർപ്പറേഷന് നിർദേശം നൽകിയെങ്കിലും പ്രദേശത്തെ കാട് വെട്ടിത്തെളിക്കുകമാത്രമാണുണ്ടായത്. ഇതോടെയാണ് പ്രതിരോധമന്ത്രാലയത്തിൽനിന്നും വിരമിച്ച ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ആവശ്യത്തിനായി ഒമ്പത് വർഷത്തോളം നിയമപരമായി പോരാടിയ ഹർജിക്കാരനെ കോടതി അഭിനന്ദിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW