-->
തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയോട് ഹോട്ടല്‍ മുറിയില്‍വെച്ച് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2025 നവംബര്‍ ആറിന് തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ ചലചിത്രമേളയുടെ സ്‌ക്രീനിങ്ങിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ചലച്ചിത്ര പ്രവര്‍ത്തകരടക്കം ആറ് സാക്ഷികളാണുള്ളത്.
ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്കെന്ന പേരില്‍ തലസ്ഥാനത്തെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ചലച്ചിത്ര പ്രവര്‍ത്തകയെ പി ടി കുഞ്ഞുമുഹമ്മദ് കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. സംവിധായിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പരാതിക്കാരി പരാതിയില്‍ പറയുന്ന സമയത്ത് ഇരുവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു.
അതേസമയം കേസില്‍ ഡിസംബര്‍ 24ന് കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഹാജരായ കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണമെന്ന കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാണ് കുഞ്ഞുമുഹമ്മദ് തനിക്കെതിരായ അനുകൂല വിധി കോടതിയില്‍നിന്നും നേടിയത്. കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് വൈകിയതില്‍ കടുത്ത വിമര്‍ശനവും ഡബ്ല്യുസിസി ഉന്നയിച്ചിരുന്നു.