-->
തിരുവനന്തപുരം: 23 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരേ കേരളത്തിന് കൂറ്റന്‍ വിജയം. 243 റണ്ണിന് എതിരാളികളെ തകര്‍ത്തു. 364 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഗോവ 120 റണ്ണിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റെടുത്ത കൈലാസ് ബി. നായര്‍ രണ്ടാം ഇന്നിങ്‌സില്‍ ഗോവയുടെ പതനം ഉറപ്പാക്കി. സ്‌കോര്‍ ചുരുക്കത്തില്‍- കേരളം: 255, 279. ഗോവ: 171, 120.
ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ ജമ്മു കശ്‌മീരും മേഘാലയയും കേരളത്തിനു മുന്നില്‍ മുട്ടുമടക്കിയിരുന്നു. അടുത്ത മത്സരത്തില്‍ ഝാര്‍ഖണ്ഡാണ് കേരളത്തിന്റെ എതിരാളി. 13-നാണ് മത്സരം.
ഇന്നലെ മൂന്നു വിക്കറ്റിന് 63 റണ്ണെന്ന നിലയില്‍ അവസാന ദിവസം കളി തുടങ്ങിയ ഗോവയ്‌ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. 25 റണ്ണെടുത്ത ശന്തനു നെവാഗിയെ എ. ജിഷ്‌ണു എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കി. പിന്നീടുവന്ന ബാറ്റര്‍മാര്‍ക്കൊന്നും കേരളത്തിന്റെ ബൗളിങ് നിരയ്‌ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തി കേരളം ആദ്യ സെഷനില്‍ തന്നെ വിജയം സ്വന്തമാക്കി. അഞ്ചുവിക്കറ്റെടുത്ത കൈലാസിനു പുറമേ ജെ.എസ്. അനുരാജ് രണ്ടും പവന്‍രാജ്, ഷോണ്‍ റോജര്‍, എ. ജിഷ്‌ണു എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.