-->
ഇന്‍ഡോര്‍: ചരിത്രത്തിലാദ്യമായി ജമ്മു കശ്‌മീര്‍ രഞ്‌ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലില്‍. 56 റണ്ണിനു മധ്യപ്രദേശിനെ കീഴ്‌പ്പെടുത്തിയാണ് അരങ്ങേറി 67 വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ജമ്മു കശ്‌മീര്‍ സെമിയിലേക്ക് മാര്‍ച്ച് ചെയ്‌തത്. രണ്ട് ഇന്നിങ്‌സിലുമായി 12 വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ അക്വിബ് നബിയാണ് കശ്‌മീരിന്റെ ചരിത്രനേട്ടത്തിനു ചുക്കാന്‍ പിടിച്ചത്. സ്‌കോര്‍ ചുരുക്കത്തില്‍: ജമ്മു കശ്‌മീര്‍-194, 248. മധ്യപ്രദേശ്-152, 234.
കരുത്തരുടെ പോരാട്ടത്തില്‍ മുംബൈയെ മറികടന്ന് കര്‍ണാടകയും അവസാന നാലിലെത്തി. ഇന്ത്യന്‍ താരം കെ.എല്‍. രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ നാലുവിക്കറ്റിന്റെ ജയമാണ് കര്‍ണാടക കുറിച്ചത്.
325 റണ്‍ ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ കര്‍ണാടകയ്‌ക്കായി ഓപ്പണറായിറങ്ങിയ കെ.എല്‍. രാഹുല്‍ (182 പന്തില്‍ 130), രവിചന്ദ്രന്‍ സ്‌മരണ്‍ (പുറത്താകാതെ 83), ക്യാപ്‌റ്റന്‍ ദേവ്‌ദത്ത് പടിക്കല്‍ (39), വിദ്യാധര്‍ പാട്ടീല്‍ (31) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്‌ചവച്ചു. സ്‌കോര്‍ ചുരുക്കത്തില്‍: മുംബൈ- 120, 377. കര്‍ണാടക-173, ആറുവിക്കറ്റിന് 325.
ആന്ധ്രാപ്രദേശ്-പശ്‌ചിമ ബംഗാള്‍ ക്വാര്‍ട്ടറിലെ വിജയികളാണ് സെമിഫൈനലില്‍ ജമ്മു കശ്‌മീരിന്റെ എതിരാളി. ഉത്തരാഖണ്ഡും കര്‍ണാടകയും തമ്മിലാണു സെമിയിലെ മറ്റൊരു പോരാട്ടം.
എറിഞ്ഞിട്ട് അക്വിബ്
കരിയറിലെ മികച്ച ബൗളിങ് പ്രകടനം കാഴ്‌ചവച്ച അക്വിബ് നബിയുടെ ചിറകേറിയാണ് മധ്യപ്രദേശിനെ തകര്‍ത്ത് ജമ്മു കശ്‌മീര്‍ നടാടെ രഞ്‌ജി സെമിയിലേക്കു ചുവടുവച്ചത്. ആദ്യ ഇന്നിങ്‌സില്‍ 194 റണ്ണിനു പുറത്തായെങ്കിലും ഏഴുവിക്കറ്റ് പിഴുത് നബി മധ്യപ്രദേശിനെ 152 റണ്ണില്‍ ഒതുക്കി നിര്‍ണായക ലീഡ് നേടാന്‍ ജമ്മു കശ്‌മീരിനെ സഹായിച്ചു. മൂന്നു വിക്കറ്റുമായി സുനില്‍ കുമാറും ജമ്മുവിനായി തിളങ്ങി.
രണ്ടാം ഇന്നിങ്‌സില്‍ മുന്‍നിര തകര്‍ന്നെങ്കിലും എട്ടാമനായെത്തിയ വന്‍ഷ്രാജ് ശര്‍മ (പുറത്താകാതെ 54), ആബിദ് മുഷ്‌താഖ് (41), അബ്‌ദുള്‍ സമദ് (32), കനയ്യ വാധ്വാന്‍ (23) എന്നിവര്‍ക്കൊപ്പം അവസാന ബാറ്റര്‍ സുനില്‍ കുമാര്‍ നേടിയ 26 റണ്ണിന്റെയും പിന്‍ബലത്തില്‍ ജമ്മു കശ്‌മീര്‍ 248 റണ്ണടിച്ചു.
291 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മധ്യപ്രദേശിനു യാഷ് ദുബെ (20), ഹിമാന്‍ശു മന്ത്രി (31) എന്നിവര്‍ ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് തരക്കേടില്ലാത്ത തുടക്കം സമ്മാനിച്ചു. പക്ഷേ, മധ്യനിരയില്‍ 32 റണ്ണടിച്ച ശുഭം ശര്‍മ ഒഴികെയുള്ളവര്‍ നിറംമങ്ങിയതു തിരിച്ചടിയായി.
ഹര്‍ഷ് ഗാവ്‌ലി (രണ്ട്), ക്യാപ്‌റ്റന്‍ രജത് പാട്ടീദാര്‍ (എട്ട്), കുമാര്‍ കാര്‍ത്തികേയ (പൂജ്യം), വെങ്കിടേഷ് അയ്യര്‍ (17) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. എട്ടാമന്‍ സാരാംശ് ജെയ്‌ന്‍ 64 റണ്ണുമായി പൊരുതി. ആര്യന്‍ പാണ്ഡെ (22)യും ചെറുത്തുനിന്നു.
ആദ്യ ഇന്നിങ്‌സില്‍ ഏഴുവിക്കറ്റെടുത്ത അക്വിബ് നബി രണ്ടാം ഇന്നിങ്‌സില്‍ 24 ഓവറില്‍ 70 റണ്ണിന് അഞ്ച് ഇരകളെ കണ്ടെത്തി. ആബിദ് മുഷ്‌താഖ് മൂന്നും സുനില്‍ കുമാര്‍, യുദ്ധ്‌വീര്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.
രഞ്‌ജി സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ അഞ്ചിലുള്ള ഏക പേസറാണ് അക്വിബ് നബി. 46 വിക്കറ്റുമായി പട്ടികയില്‍ രണ്ടാമനാണ് നബി. 52 വിക്കറ്റ് വീഴ്‌ത്തിയ ഉത്തരാഖണ്ഡിന്റെ മായങ്ക് മിശ്ര ഒന്നാമതുണ്ട്.
രാഹുല്‍-സ്‌മരണ്‍ ഷോ
രഞ്‌ജി ട്രോഫി ക്രിക്കറ്റില്‍ 42 കിരീടങ്ങളുടെ പെരുമയുള്ള മുംബൈയെ ക്വാര്‍ട്ടറില്‍ കീഴ്‌പ്പെടുത്താന്‍ കര്‍ണാടകയെ സഹായിച്ചത് കെ.എല്‍. രാഹുല്‍-രവിചന്ദ്രന്‍ സ്‌മരണ്‍ കൂട്ടുകെട്ട്. ക്യാച്ചുകള്‍ കൈവിട്ട് ഫീല്‍ഡര്‍മാര്‍ സ്വയം ശവക്കുഴി തോണ്ടിയത് മുംബൈക്കു വിനയായി.
325 റണ്‍ വിജയലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഇന്നലെ 60 റണ്ണുമായി കെ.എല്‍. രാഹുലും ഒന്‍പതു റണ്ണുമായി കരുണ്‍ നായരുമായിരുന്നു കര്‍ണാടകയ്‌ക്കായി ക്രീസിലുണ്ടായിരുന്നത്. വ്യക്‌തിഗത സ്‌കോര്‍ 13-ല്‍ എത്തിയപ്പോള്‍ കരുണിനെ ശാര്‍ദൂല്‍ താക്കൂര്‍ മടക്കി. പക്ഷേ, സ്‌മരണുമായി ചേര്‍ന്ന് നാലാം വിക്കറ്റില്‍ 147 റണ്‍ കൂട്ടിച്ചേര്‍ത്ത് രാഹുല്‍ കര്‍ണാടകയെ സുരക്ഷിത തീരത്തെത്തിച്ചു.
വ്യക്‌തിഗത സ്‌കോര്‍ 75-ല്‍ നില്‍ക്കെ താക്കൂറിന്റെ പന്തില്‍ സ്ലിപ്പില്‍ രാഹുലിനെ കൈവിട്ടിരുന്നു. ആയുസ് നീട്ടിക്കിട്ടിയ രാഹുല്‍ 24-ാം ഫസ്‌റ്റ് ക്ലാസ് സെഞ്ചുറിയുമായി ടീമിന്റെ ജയം ഉറപ്പാക്കി. 182 പന്തില്‍ 14 ഫോറും ഒരു സിക്‌സും അടക്കം 130 റണ്ണടിച്ച രാഹുല്‍ ടീം സ്‌കോര്‍ 266-ല്‍ മടങ്ങി.
ശ്രേയസ് ഗോപാല്‍ (ഒന്ന്), കൃതിക് കൃഷ്‌ണ (രണ്ട്) എന്നിവര്‍ പെട്ടെന്നു മടങ്ങി. പക്ഷേ വിദ്യാധര്‍ പാട്ടീലി (31)നെ കൂട്ടുപിടിച്ച് രവിചന്ദ്രന്‍ സ്‌മരണ്‍ ടീമിന് സെമി ടിക്കറ്റ് സമ്മാനിച്ചു. 40 റണ്ണാണ് കൂട്ടുകെട്ടില്‍ പിറന്നത്.