Friday, March 13, 2026 Last Updated 22 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.38 PM

ദക്ഷിണാഫ്രിക്കയ്‌ക്കു തകര്‍പ്പന്‍ ജയം

uploads/news/2026/02/824754/sp1.jpg

അഹമ്മദാബാദ്‌: ട്വന്റി-20 ക്രിക്കറ്റ്‌ ലോകകപ്പില്‍ ഗ്രൂപ്പ്‌ ഡിയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കു തകര്‍പ്പന്‍ ജയം. അഹമ്മദാബാദില്‍ നടന്ന പോരാട്ടത്തില്‍ 57 റണ്ണിന്‌ കാനഡയെ തോല്‍പ്പിച്ചു.
ടോസ്‌ നേടിയ കാനഡ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ദുര്‍ബലരായ ബൗളിങ്‌നിരയ്‌ക്കെതിരേ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ നാലുവിക്കറ്റിന്‌ 213 റണ്ണടിച്ചുകൂട്ടി. മറുപടി പറഞ്ഞ കാനഡയ്‌ക്ക് എട്ടുവിക്കറ്റിന്‌ 156 റണ്ണടിക്കാനേ സാധിച്ചുള്ളൂ. നാലോവറില്‍ 31 റണ്‍ വഴങ്ങി നാലുവിക്കറ്റ്‌ വീഴ്‌ത്തിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുന്‍ഗി എന്‍ഗിഡി കളിയിലെ കേമനായി.
ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്കയ്‌ക്കായി ഡെവാള്‍ഡ്‌ ബ്രെവിസ്‌ (ആറ്‌) ഒഴികെയുള്ള മുന്‍നിര ബാറ്റര്‍മാരെല്ലാം മികച്ച പ്രകടനം കാഴ്‌ചവച്ചു. നായകന്‍ എയ്‌ഡന്‍ മാര്‍ക്രമും വിക്കറ്റ്‌ കീപ്പര്‍ ക്വിന്റണ്‍ ഡികോക്കും ചേര്‍ന്ന ഓപ്പണിങ്‌ വിക്കറ്റില്‍ 6.5 ഓവറില്‍ 70 റണ്‍ പിറന്നു. 22 പന്തില്‍ 25 റണ്ണെടുത്ത ഡികോക്കിനെ ദില്‍പ്രീത്‌ ബജ്‌വയ്‌ക്കായിരുന്നു വിക്കറ്റ്‌. വണ്‍ ഡൗണായെത്തിയ റയാന്‍ റിക്കിള്‍ട്ടണ്‍ നായകന്‌ ഉറച്ച പിന്തുണ നല്‍കിയതോടെ സ്‌കോര്‍ കുതിച്ചു. ആക്രമണ മൂഡിലായിരുന്ന മാര്‍ക്രം 32 പന്തില്‍ 59 റണ്ണുമായി രണ്ടാമതായി കൂടാരം കയറി.
10 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു മാര്‍ക്രമിന്റെ ഇന്നിങ്‌സ്. ടീം സ്‌കോര്‍ 126-ല്‍ നായകന്‍ പുറത്തായതിനു പിന്നാലെ 137-ല്‍ റിക്കിള്‍ട്ടണും (21 പന്തില്‍ 33) ഒരു റണ്‍കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഡെവാള്‍ഡ്‌ ബ്രെവിസും പുറത്തായി. മാര്‍ക്രമിനെ പുറത്താക്കി അന്‍ഷ്‌ പട്ടേലാണ്‌ ഇരുവരുടെയും അന്തകനായത്‌.
പിന്നീട്‌ ഡേവിഡ്‌ മില്ലറും ട്രിസ്‌റ്റന്‍ സ്‌റ്റബ്‌സും ചേര്‍ന്ന കൂട്ടുകെട്ട്‌ തകര്‍പ്പനടികളോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 200 കടത്തി. മില്ലര്‍ മൂന്നു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 23 പന്തില്‍ 39 റണ്ണും സ്‌റ്റബ്‌സ് രണ്ടുവീതം ഫോറും സിക്‌സും ഉള്‍പ്പെടെ 19 പന്തില്‍ 34 റണ്ണും നേടി പുറത്താകാതെനിന്നു. കനേഡിയന്‍ ബൗളര്‍മാര്‍ കനിഞ്ഞുനല്‍കിയ 17 എക്‌സ്ട്രാ റണ്ണുകളും ദക്ഷിണാഫ്രിക്കന്‍ അക്കൗണ്ടിലെത്തി.
വമ്പന്‍ ലക്ഷ്യം മറികടക്കാനെത്തിയ കാനഡ ഒരുഘട്ടത്തിലും വിജയപ്രതീക്ഷ പുലര്‍ത്തിയില്ല. 49 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 64 റണ്ണടിച്ച്‌ നവ്‌നീത്‌ ധലിവാള്‍ അവരുടെ ടോപ്‌സ്കോററായി. ഹര്‍ഷ്‌ തക്കര്‍ (33), യുവ്രാജ്‌ സാംറ (12), സാദ്‌ ബിന്‍ സഫര്‍ (11) എന്നിവര്‍ ഒഴികെയുള്ളവര്‍ ഒറ്റയക്കത്തില്‍ ഒതുങ്ങി. നാലുവിക്കറ്റെടുത്ത ലുന്‍ഗി എന്‍ഗിഡിക്കു പുറമേ മാര്‍ക്കോ യാന്‍സന്‍ രണ്ടും കഗീസോ റബാഡ, കോര്‍ബിന്‍ ബോഷ്‌ എന്നിവര്‍ ഓരോ വിക്കറ്റ്‌ വീതവും വീഴ്‌ത്തി.

Ads by Google
Monday 09 Feb 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW