-->
കൊല്‍ക്കത്ത: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ കുഞ്ഞന്മാരുടെ പോരാട്ടത്തില്‍ അരങ്ങേറ്റക്കാരായ ഇറ്റലിക്ക് വമ്പന്‍ തോല്‍വി. ഗ്രൂപ്പ് സി മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡ് 73 റണ്ണിന് ജയിച്ചുകയറി. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് നാലുവിക്കറ്റിന് 207 റണ്ണടിച്ചു. ഇറ്റലിയുടെ മറുപടി 16.4 ഓവറില്‍ 134 റണ്ണില്‍ അവസാനിച്ചു.
ബാറ്റ് ചെയ്‌തപ്പോള്‍ അഞ്ചുപന്തില്‍ രണ്ടുവീതം സിക്‌സും ഫോറും ഉള്‍പ്പെടെ 22 റണ്ണും ബൗളിങ്ങില്‍ 17 റണ്ണിനു നാലുവിക്കറ്റും വീഴ്‌ത്തിയ സ്‌കോട്ട്‌ലന്‍ഡിന്റെ മൈക്കല്‍ ലീസ്‌ക് കളിയിലെ കേമനായി. ഓപ്പണര്‍ ജോര്‍ജ് മുന്‍സെ (54 പന്തില്‍ 84), മൈക്കല്‍ ജോണ്‍സ് (37), ബ്രണ്ടന്‍ മക്‌മ്യൂലന്‍ (18 പന്തില്‍ പുറത്താകാതെ 41), ക്യാപ്‌റ്റന്‍ റിച്ചി ബെറിങ്‌ടണ്‍ (15) എന്നിവര്‍ ലീസ്‌ക്കിനു പുറമേ സ്‌കോട്ട്‌ലന്‍ഡിനായി തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തു.
മറുപടി ബാറ്റിങ്ങില്‍ ബെന്‍ മാനെന്റി (31 പന്തില്‍ 52) ഇറ്റലിക്കായി പൊരുതി. ഹാരി മാനെന്റി (37), ജെ.ജെ. സ്‌മട്ട്‌സ് (22) എന്നിവരും തരക്കേടില്ലാത്ത ബാറ്റിങ് പുറത്തെടുത്തു. ഫീല്‍ഡിങ്ങിനിടെ തോളെല്ലിനു പരുക്കേറ്റ നായകന്‍ വെയ്‌ന്‍ മാഡ്‌സെന്‍ ബാറ്റ് ചെയ്‌തില്ല. താരം ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിച്ചേക്കില്ലെന്നാണു വിവരം.