Wednesday, March 11, 2026 Last Updated 31 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.35 PM

എസ്‌.ഐ.ആര്‍. തടസപ്പെടുത്താന്‍ അനുവദിക്കില്ല: സുപ്രീം കോടതി

uploads/news/2026/02/824715/in4.jpg

ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണ (എസ്‌.ഐ.ആര്‍) പ്രക്രിയ തടസ്സപ്പെടുത്താനാവില്ലെന്നു സംസ്‌ഥാന സര്‍ക്കാരുകളോട്‌ സുപ്രീം കോടതി. പശ്‌ചിമ ബംഗാളില്‍ എസ്‌.ഐ.ആറിനുള്ള സമയപരിധി 14 മുതല്‍ ഒരാഴ്‌ച കൂടി സുപ്രീം കോടതി നീട്ടി.
'എസ്‌.ഐ.ആര്‍ വിഷയത്തില്‍ എന്ത്‌ ഉത്തരവുകളോ വ്യക്‌തതയോ ആവശ്യമാണെങ്കിലും അത്‌ ഞങ്ങള്‍ പുറപ്പെടുവിക്കും. പക്ഷേ, എസ്‌.ഐ.ആര്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല. ഇത്‌ എല്ലാ സംസ്‌ഥാനങ്ങളും മനസിലാക്കണം'- ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ പറഞ്ഞു.
സംസ്‌ഥാനത്തെ എസ്‌.ഐ.ആര്‍ പ്രക്രിയ ചോദ്യംചെയ്‌ത്‌ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ മറുപടി കേള്‍ക്കുന്നതിനിടെയാണു കോടതിയുടെ നിരീക്ഷണം. ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസ്‌ ജോയ്‌മല്യ ബാഗ്‌ചി, ജസ്‌റ്റിസ്‌ വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചാണു കേസ്‌ പരിഗണിക്കുന്നത്‌.
പശ്‌ചിമ ബംഗാളിലെ എസ്‌.ഐ.ആര്‍ പരിഷ്‌കരണമാണു കേസിന്‌ ആധാരം. എസ്‌.ഐ.ആറില്‍ ക്രമക്കേടുകളുണ്ടെന്നു കാട്ടി മമത ബാനര്‍ജി കോടതിയെ സമീപിക്കുകയായിരുന്നു. സംസ്‌ഥാനത്ത്‌ ആയിരക്കണക്കിനു മൈക്രോ ഒബ്‌സര്‍വര്‍മാരെ വിന്യസിച്ചതിനെയും അവര്‍ ചോദ്യംചെയ്‌തു.
എന്നാല്‍, തങ്ങളുടെ നടപടികളെ ന്യായീകരിച്ച തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ സംസ്‌ഥാന സഹകരിക്കുന്നില്ലെന്ന്‌ ആരോപണമുയര്‍ത്തി. എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട്‌ 8,500 ഉദ്യോഗസ്‌ഥരെ വിന്യസിച്ചിട്ടുണ്ടെന്നു വാദം കേള്‍ക്കലിനിടെ ചീഫ്‌ ജസ്‌റ്റിസ്‌ അഭിപ്രായപ്പെട്ടു. നേരത്തെ ചെയ്‌തിരുന്നെങ്കില്‍, അത്‌ അംഗീകരിക്കപ്പെടുമായിരുന്നു എന്നും സംസ്‌ഥാന സര്‍ക്കാരിന്റെ സമയക്രമീകരണത്തെ പരാമര്‍ശിച്ച്‌ അദ്ദേഹം പറഞ്ഞു.
മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക്‌ പകരം നിയോഗിക്കാന്‍ 8,000-ത്തിലധികം ഗ്രൂപ്പ്‌ ബി ഉദ്യോഗസ്‌ഥരുടെ പേരുകള്‍ അയയ്‌ക്കുന്നതില്‍ കാലതാമസം വരുത്തിയത്‌ എന്തുകൊണ്ടാണെന്നു സുപ്രീം കോടതി പശ്‌ചിമ ബംഗാള്‍ സര്‍ക്കാരിനോട്‌ ചോദിച്ചു. ഫെബ്രുവരി 4 ന്‌ ഞങ്ങള്‍ നിര്‍ദേശം നല്‍കിയതാണ്‌. പിന്നെ പേരുകള്‍ മെയിലില്‍ അയയ്‌ക്കാന്‍ ഏഴിന്‌ പുലര്‍ച്ചെ 12 വരെ സമയം എടുത്തത്‌ എന്തിനെന്നായി കോടതി.
വേണ്ട ഉദ്യോഗസ്‌ഥരുടെ കണക്ക്‌ വ്യക്‌തമാക്കി അഞ്ച്‌ കത്തുകള്‍ പശ്‌ചിമ ബംഗാള്‍ സര്‍ക്കാരിന്‌ കൈമാറിയിരുന്നെന്നു തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ കോടതിയെ അറിയിച്ചു. അവര്‍ നല്‍കിയില്ലെന്നും മൈക്രോ നിരീക്ഷകരെ വിന്യസിച്ചതിന്റെ കാരണം വിശദീകരിച്ചു കമ്മിഷന്‍ ചൂണ്ടിക്കാട്ടി. മൈക്രോ നിരീക്ഷകരുടെ വിന്യാസം കമ്മിഷന്റെ ഭരണഘടനാപരമായ അധികാരത്തില്‍ ഉള്‍പ്പെട്ടതാണെന്നും കമ്മിഷന്‍ വാദിച്ചു.
ഫെബ്രുവരി 4 നു മുഖ്യമന്ത്രി മമത ബാനര്‍ജി അഭിഭാഷകര്‍ക്കൊപ്പം കോടതിയില്‍ ഹാജരായിരുന്നു. മൈക്രോ ഒബ്‌സര്‍വര്‍മാരെ വിന്യസിക്കുന്നതിനെ അവര്‍ ചോദ്യംചെയ്‌തു. ആവര്‍ത്തിച്ച്‌ അഭ്യര്‍ഥിച്ചിട്ടും സംസ്‌ഥാന സര്‍ക്കാര്‍ മതിയായ ജീവനക്കാരെ നല്‍കിയില്ലെന്നു തെര. കമ്മിഷനും മറുപടി നല്‍കി. ഈ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിവുള്ള സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെ നല്‍കാന്‍ തയാറാണെന്നു അന്ന്‌ മമത ബോധിപ്പിച്ചതാണ്‌. പക്ഷേ, പിന്നീട്‌ ഫെബ്രുവരി ഏഴിനു പുലര്‍ച്ചെ 11:57നാണ്‌ 8,505 ഉദ്യോഗസ്‌ഥരെ നല്‍കാന്‍ തയാറാണെന്നു സര്‍ക്കാര്‍ അറിയിച്ചത്‌. ഇക്കാര്യം ബോധ്യപ്പെട്ടതാണെന്നും കോടതി ഇന്നലത്തെ ഉത്തരവില്‍ വ്യക്‌തമാക്കി.
പശ്‌ചിമ ബംഗാള്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക്‌ മനു സിങ്‌വി തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ വാദത്തെ എതിര്‍ത്തു. കമ്മിഷന്‍ ഒരിക്കലും ഗ്രൂപ്പ്‌-ബി ഉദ്യോഗസ്‌ഥരെ ആവശ്യപ്പെട്ടില്ലെന്ന്‌ അദ്ദേഹം കോടതിയെ അറിയിച്ചു.
പേരുകള്‍ തയാറായിട്ടുണ്ടെന്നും വോട്ടെടുപ്പ്‌ പാനലിന്‌ അയച്ചിട്ടുണ്ടെന്നും മമത ബാനര്‍ജിക്കുവേണ്ടി ഹാജരായ ശ്യാം ദിവാനും കോടതിയെ അറിയിച്ചു.

Ads by Google
Monday 09 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW