-->
ബംഗളൂരു: മാലമോഷ്‌ടാക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് കര്‍ണാടകയില്‍ നാല്‍പ്പത്തിയഞ്ചുകാരി കുഴഞ്ഞുവീണു മരിച്ചു. ബംഗളൂരു നോര്‍ത്ത് ജില്ലയിലെ നെലമംഗലയ്‌ക്കടുത്തുള്ള ഹുസ്‌കൂര്‍ ഗ്രാമത്തില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ജ്യോതി എന്നു പേരുള്ള സ്‌ത്രീയാണു മരിച്ചതെന്നാണു വിവരം.
രാവിലെ വീടിനു മുന്‍വശത്തെ മുറ്റം തൂത്തുവാരുന്നതിനിടെയാണ് ജ്യോതി ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ കവര്‍ച്ചക്കാര്‍ സ്‌പ്രേ ഉപയോഗിച്ച് ഇവരെ ആക്രമിച്ചശേഷം സ്വര്‍ണമാല പൊട്ടിച്ചെടുത്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിനിടെയുണ്ടായ സംഘര്‍ഷവും ആഘാതവും മൂലം ജ്യോതി സംഭവസ്‌ഥലത്തുതന്നെ കുഴഞ്ഞുവീണു. അയല്‍ക്കാര്‍ സഹായിക്കാന്‍ ഓടിയെങ്കിലും താമസിയാതെ ഇവര്‍ മരിക്കുകയായിരുന്നു. സംഭത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ മദനായകനഹള്ളി സ്‌റ്റേഷനിലെ പോലീസുദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി. കുറ്റവാളികളെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.