Wednesday, March 11, 2026 Last Updated 14 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.35 PM

സ്‌പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരേ അവിശ്വാസ പ്രമേയ നീക്കം

ന്യൂഡല്‍ഹി: ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷ നീക്കം. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്‌ക്കിടെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധിയെ സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന്‌ ആരോപിച്ചാണിത്‌.
മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ഓര്‍മക്കുറിപ്പുകളില്‍ 2020-ലെ ഇന്ത്യ- ചൈന സംഘര്‍ഷത്തെക്കുറിച്ചു പറയുന്ന ഭാഗം ഉദ്ധരിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചതിനെത്തുടര്‍ന്നു കഴിഞ്ഞയാഴ്‌ച ലോക്‌സഭ ബഹളത്തില്‍ മുങ്ങിയിരുന്നു.
'പ്രസിദ്ധീകരിക്കാത്ത' പുസ്‌തകം സഭയില്‍ വായിക്കരുതെന്നു സ്‌പീക്കര്‍ റൂളിങ്‌ പാസാക്കുകയും വായനയുമായി മുന്നോട്ട്‌ പോകാന്‍ രാഹുലിന്‌ അനുമതി നിഷേധിക്കുകയും ചെയ്‌തു. അനിഷ്‌ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഫെബ്രുവരി അഞ്ചിനു സഭയിലേക്കു വരരുതെന്നു പ്രധാനമന്ത്രിയോടു താന്‍ ആവശ്യപ്പെട്ടിരുന്നെന്നും സ്‌പീക്കര്‍ പറഞ്ഞു. ചില കോണ്‍ഗ്രസ്‌ എം.പിമാര്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനരികിലെത്തി പ്രതിഷേധിക്കാന്‍ നീക്കം നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-യു.എസ്‌. വ്യാപാരക്കരാറിന്റെ ചട്ടക്കൂടിനെക്കുറിച്ചു ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ബഹളം വച്ചതിനെത്തുടര്‍ന്ന്‌ ഇന്നലെയും സഭാ നടപടികള്‍ തടസപ്പെട്ടു. ഉച്ചയ്‌ക്ക്‌ 12 മണി വരെ സ്‌പീക്കര്‍ സഭ നിര്‍ത്തിവച്ചു. ചോദ്യോത്തരവേള ആരംഭിച്ചയുടന്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികള്‍ തുടങ്ങി. ഇതോടെ ഏഴു മിനിറ്റിനുള്ളില്‍ സഭ പിരിഞ്ഞു. പ്രതിഷേധം ബജറ്റ്‌ ചര്‍ച്ചയെയും ബാധിച്ചു. ഫെബ്രുവരി ഒന്നിനു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെക്കുറിച്ചു ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു.

Ads by Google
Monday 09 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW