Thursday, March 12, 2026 Last Updated 6 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 01.21 PM

‘ശ്രീനിയേട്ടന്റെ സ്വപ്നങ്ങള്‍ നൂറുശതമാനം സാക്ഷാത്കരിക്കും...’വി. ശ്രീനിവാസന്റെ ഓര്‍മ്മകളില്‍ വിതുമ്പിക്കരഞ്ഞ് ഒളിംപ്യൻ പി.ടി. ഉഷ; കണ്ണും മനസ്സും ഇടറി ട്രാക്കിലെ പെണ്‍പുലി

ഭര്‍ത്താവിന്റെ
uploads/news/2026/02/824675/Untitled-3.jpg
Olympian PT Usha MP mourns the loss of her husband V Srinivasan (Image Source: youtube)

ഇന്ത്യൻ അത്‌ലറ്റിക്സിലെ ഇതിഹാസതാരം ഒളിംപ്യൻ പി.ടി. ഉഷ, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയും, ഏറ്റവും മികച്ച കായികതാരങ്ങളില്‍ ഒരാളുമായിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് പി.ടി ഉഷയുടെ ഭര്‍ത്താവായ ശ്രീനിവാസന്‍ അന്തരിച്ചത്. പി.ടി. ഉഷ എംപിക്ക് തണലായി എന്നും ഒപ്പം നിന്ന വ്യക്തി കൂടിയായിരുന്നു അവരുടെ ഭർത്താവും ദേശീയ സർവകലാശാലതല കബഡി താരവുമായിരുന്ന വെങ്ങാലിൽ ശ്രീനിവാസൻ എന്ന വി.ശ്രീനിവാസൻ. ശ്രീനിവാസന്റെ വിയോഗത്തിലൂടെ നഷ്ടമായത് പി.ടി. ഉഷയുടെ വളർച്ചയുടെ പടവുകളിൽ തണലായി എപ്പോഴും കൂടെയുണ്ടായിരുന്നയാളെയാണ്. അവരുടെ ഓരോവിജയങ്ങളിലും നിഴൽപോലെ എപ്പോഴും കൂടെയുണ്ടായിരുന്നയാളായിരുന്നു ഭര്‍ത്താവും കോച്ചുമൊക്കെയായ ശ്രീനിവാസന്‍.
ഇപ്പോഴിതാ തനിക്ക് എന്നും താങ്ങും തണലുമായി, പ്രചോദനവും പ്രോത്സാഹനവും കരുത്തും നല്‍കിയ ഭര്‍ത്താവ് വി. ശ്രീനിവാസന്റെ ഓര്‍മ്മകളില്‍ വിതുമ്പുകയാണ് പി.ടി. ഉഷ. ഇന്നലെ ന്യൂഡല്‍ഹിയില്‍ നടന്ന പ്രാര്‍ത്ഥനാസഭയില്‍ സംസാരിച്ച സമയത്താണ് പി.ടി. ഉഷ വിതുമ്പിപ്പൊട്ടിയത്. ട്രാക്കില്‍ കരുത്തയായ പി.ടി.ഉഷ കണ്ണും മനസ്സം പിടിച്ചു നിര്‍ത്താനായില്ല. ശ്രീനിയേട്ടന്റെ സ്വപ്നങ്ങള്‍ നൂറുശതമാനം സാക്ഷാത്കരിക്കുമെന്ന് ഉഷ പറഞ്ഞു.
‘‘മ്യൂസിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. ഏഷ്യന്‍ ഗെയിംസിനുശേഷം ആത്മകഥ പ്രകാശനം ചെയ്യണമെന്നാണ് തീരുമാനിച്ചിരുന്നത്. ഇതുരണ്ടും പൂര്‍ത്തിയാക്കും. ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സില്‍ നിന്ന് ഒളിംപിക് മെഡല്‍ ശ്രീനിയേട്ടന്റെ സ്വപ്നമായിരുന്നു. അതിനുള്ള പരിശ്രമവും കൂടുതല്‍ കരുത്തോടെ തുടരും. എന്നാല്‍ മാത്രമേ അദ്ദേഹത്തിന് സന്തോഷമാകൂ. ഭര്‍ത്താവ് മാത്രമല്ല അദ്ദേഹം ആത്മസുഹൃത്തുമായിരുന്നു. ശ്രീനിയേട്ടന്റെ സ്വപ്നങ്ങള്‍ നൂറുശതമാനം സാക്ഷാത്കരിക്കും.
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വഴികാട്ടിയും പിന്തുണച്ചും കൂടെ നിന്നു. എനിക്കും കുടുംബത്തിനും രാജ്യത്തിനും വേണ്ടി എല്ലാം ചെയ്തു. എപ്പോഴും കൂടെയുണ്ടാകുമെന്നുറപ്പാണ്...’’ വിതുമ്പികൊണ്ട് ഉഷ പറഞ്ഞു. പ്രസംഗത്തിനിടെ പലപ്പോഴും ഉഷയുടെ കണ്ണു നിറഞ്ഞൊഴുകി. മകന്‍ വിഘ്നേഷ് ഉജ്ജ്വലും ഉഷയ്‌ക്കൊപ്പമുണ്ടായിരുന്നു. ദേശീയ കബഡി താരവും സിഐഎസ്എഫ് ഡിവൈഎസ്പിയുമായിരുന്ന വി. ശ്രീനിവാസന്‍ കഴിഞ്ഞ 30നാണ് അന്തരിച്ചത്.

കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്ന ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗം കോഴിക്കോട് തിക്കോടി പെരുമാൾപുരത്തെ ‘ഉഷസ്’ വീടിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ശ്രീനിവാസന്റെ വിയോഗമറിഞ്ഞ് കായികതാരങ്ങളും രാഷ്ട്രീയ – സാംസ്കാരിക പ്രവർത്തകരും കായികരംഗത്തെ മാധ്യമപ്രവർത്തകരും ഉള്‍പ്പടെ ആയിരങ്ങള്‍ വീട്ടിലേക്ക് ഒഴുകിയെത്തി.
1991 ഏപ്രിൽ 25 നായിരുന്നു ബന്ധു കൂടിയായ ഉഷയുമായി ശ്രീനിവാസന്റെ വിവാഹം. വിവാഹശേഷവും പി.ടിഉഷയുടെ ജീവിതവിജയങ്ങൾക്കായി ശ്രീനിവാസന്‍ കൂടെയുണ്ടായിരുന്നു. അപ്പർപ്രൈമറി സ്കൂൾ കാലഘട്ടം മുതൽ പി.ടി. ഉഷ പങ്കെടുത്ത എല്ലാ മത്സരങ്ങളെക്കുറിച്ചും അതിൽ കുറിച്ച സെക്കൻഡുകൾ ഉൾപ്പെടെയുള്ള സമയ റെക്കോർഡുകളും ശ്രീനിവാസന് മനഃപാഠമായിരുന്നു. വിവാഹശേഷം അത്‌ലീറ്റുകൾ പൊതുവേ ട്രാക്ക് ഉപേക്ഷിക്കുന്നതില്‍ നിന്ന് മാറി, മികച്ച നേട്ടങ്ങള്‍ കൈവരിച്ചാണ് പി.ടി. ഉഷ കുതിപ്പ് തുടർന്നത്. 2000 ൽ ട്രാക്കില്‍ നിന്ന് വിരമിച്ച പി.ടി.ഉഷ പുത്തൻ കായികതാരങ്ങളെ സൃഷ്ടിക്കാനായി കോച്ചായി മാറി. അപ്പോഴും താങ്ങും തണലുമായി ശ്രീനിവാസൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

Ads by Google
Monday 09 Feb 2026 01.21 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW