Thursday, March 12, 2026 Last Updated 5 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.39 PM

ആവേശപ്പോരില്‍ അഫ്‌ഗാനെ വീഴ്‌ത്തി കിവീസ്‌

uploads/news/2026/02/824609/sp3.jpg

ചെന്നൈ: ടി20 ലോകകപ്പില്‍ ആവേശകരമായ പോരാട്ടത്തില്‍ അഫ്‌ഗാനിസ്‌താനെ തകര്‍ത്ത്‌ ന്യൂസീലന്‍ഡിന്‌ ആദ്യ ജയം. അഫ്‌ഗാനിസ്‌താന്‍ മുന്നോട്ടുവച്ച 183 റണ്‍സ്‌ വിജയലക്ഷ്യം 18.3 ഓവറില്‍ കിവീസ്‌ മറികടന്നു. സ്‌കോര്‍- 183/5 (17.5). രണ്ടോവറിലധികം ബാക്കിനില്‍ക്കേ അഞ്ചുവിക്കറ്റിനാണ്‌ കിവീസിന്റെ ജയം. ഓപ്പണര്‍ ടിം സിഫര്‍ട്ടും ഗ്ലെന്‍ ഫിലിപ്‌സും കാഴ്‌ചവച്ച തകര്‍പ്പന്‍ ബാറ്റിങ്ങാണ്‌ കിവികള്‍ക്ക്‌ വിജയതീരമടിപ്പിച്ചത്‌.
അഫ്‌ഗാന്റെ ലക്ഷ്യത്തിലേക്ക്‌ ബാറ്റേന്തിയ ന്യൂസീലന്‍ഡിന്‌ തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. ഓപ്പണര്‍ ഫിന്‍ അലന്‍ (1), രചിന്‍ രവീന്ദ്ര (0) എന്നിവരെ മുജീബുര്‍റഹ്‌മാന്‍ പുറത്താക്കിയതോടെ കിവീസ്‌ സമ്മര്‍ദത്തിലായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ടിം സിഫര്‍ട്ടും ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന്‌ ടീമിനെ വിജയത്തിലേക്ക്‌ നയിക്കുകയായിരുന്നു. സിഫര്‍ട്ട്‌ 42 പന്തില്‍ 65 റണ്‍സ്‌ നേടിയപ്പോള്‍ ഫിലിപ്‌സ്‌ 25 പന്തില്‍ 42 റണ്‍സ്‌ നേടി. മൂന്ന്‌ സിക്‌സും ഏഴ്‌ ഫോറും ചേര്‍ന്നതാണ്‌ സിഫര്‍ട്ടിന്റെ ഇന്നിങ്‌സ്‌. മാര്‍ക്ക്‌ ചാപ്‌മന്‍ 28 റണ്‍സും ഡാരില്‍ മിച്ചല്‍ 25* റണ്‍സും നേടി. കളി ജയിക്കുമ്പോള്‍ മിച്ചലിനൊപ്പം മിച്ചല്‍ സാന്റ്‌നര്‍ (17*) ആയിരുന്നു ക്രീസിലുണ്ടായിരുന്നത്‌.നേരത്തേ ടോസ്‌ നേടി ആദ്യം ബാറ്റുചെയ്‌ത അഫ്‌ഗാനിസ്‌താന്‍ നിശ്‌ചിത 20 ഓവറില്‍ ആറുവിക്കറ്റ്‌ നഷ്‌ടത്തില്‍ 182 റണ്‍സ്‌ നേടി. ഗുലാബ്‌ദിന്‍ നായിബിന്റെ വെടിക്കെട്ട്‌ അര്‍ധ സെഞ്ചുറിയാണ്‌ അഫ്‌ഗാന്‌ ആശ്വാസ സ്‌കോര്‍ സമ്മാനിച്ചത്‌. 35 പന്തില്‍ മൂന്ന്‌ സിക്‌സും നാല്‌ ഫോറും സഹിതം താരം 63 റണ്‍സ്‌ നേടി. സ്വദീഖുള്ള അത്താല്‍ 24 പന്തില്‍ 29 റണ്‍സും റഹ്‌മാനുള്ള ഗുര്‍ബാസ്‌ 22 പന്തില്‍ 27 റണ്‍സും ഡാര്‍വിഷ്‌ റസൂലി 13 പന്തില്‍ 20 റണ്‍സും നേടി.
ആദ്യ വിക്കറ്റില്‍ ഇബ്രാഹിം സദ്രാനും ഗുര്‍ബാസും ചേര്‍ന്ന്‌ 31 പന്തില്‍ 35 റണ്‍സ്‌ നേടി. മൂന്നാംവിക്കറ്റില്‍ അത്താലും നായിബും ചേര്‍ന്ന്‌ പടുത്തുയര്‍ത്തിയ 79 റണ്‍സിന്റെ കൂട്ടുകെട്ടാണ്‌ അഫ്‌ഗാനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്‌. ന്യൂസീലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ നാലോവറില്‍ 40 റണ്‍സ്‌ വഴങ്ങി രണ്ട്‌ വിക്കറ്റകള്‍ വീഴ്‌ത്തി. മാറ്റ്‌ ഹെന്റി, ജേക്കബ്‌ ഡഫി, രചിന്‍ രവീന്ദ്ര എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Ads by Google
Sunday 08 Feb 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW