-->
തിരുവനന്തപുരം; അനന്തപുരിക്ക് ഇനി കാല്‍പന്ത് ആരവം. സംസ്‌ഥാന യൂത്ത് അണ്ടര്‍ 20 അന്തര്‍ ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനു തലസ്‌ഥാനത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ കിക്കോഫ്.ഇന്നലെ നടന്ന വാശിയേറിയ മത്സരത്തില്‍ കോട്ടയം എറണാകുളത്തിനെയും (8-9) കാസര്‍ഗോഡ് കൊല്ലത്തിനെയും (4-2) തറപ്പറ്റിച്ചു. തോല്‍വിയോടെ എറണാകുളവും കൊല്ലവും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. സഡന്‍ ഡെത്തിലൂടെയായിരുന്നു കരുത്തരായ എറണാകുളത്തെ കോട്ടയം പരാജയപ്പെടുത്തിയത്.
ആക്രമണത്തിന് മുന്‍തൂക്കം നല്‍കി 4-3-3 ശൈലിയിലായിരുന്നു കോട്ടയത്തെ പരിശീലകന്‍ എല്‍ദോ പോള്‍ കളത്തിലിറക്കിയത്. എന്നാല്‍ പ്രതിരോധത്തിനും ആക്രമണത്തിനും ഒരുപോലെ പ്രാധാന്യം നല്‍കികൊണ്ട് 4-4-2 ശൈലിയിലായിരുന്നു എറണാകുളം ഗ്രൗണ്ടിലിറങ്ങിയത്. കളിയുടെ ഏഴാം മിനിട്ടില്‍ തന്നെ 'കൊച്ചി ബ്രോ'സിനെ ഞെട്ടിച്ചുകൊണ്ട് കോട്ടയം അക്കൗണ്ട് തുറന്നു. എറണാകുളത്തിന്റെ മധ്യനിരയെയും പ്രതിരോധനിരയെയും സമര്‍ഥമായി കബളിപ്പിച്ച് പന്തുമായി പാഞ്ഞ കോട്ടയത്തിന്റെ നായകന്‍ ടി. ആദിത്യന്‍ ബോക്‌സിനുള്ളില്‍ നിന്നു പിന്നിലേക്ക് നല്‍കിയ മനോഹമായ പാസ് മധ്യനിരതാരം പിയൂഷ് വി.എസ് ബുള്ളറ്റ് ഷോട്ടിലൂടെ വലക്കകത്തേക്ക് അടിച്ചുകയറ്റി. സേ്‌കാര്‍(1-0). അടിക്ക് മറുപടി തിരിച്ചടിയെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തുടര്‍ന്നുള്ള
മിനിട്ടുകളില്‍ എറണാകുളത്തിന്റെ നീക്കങ്ങള്‍. വലത് വിങ്ങില്‍ നിന്ന് കാല്‍വിന്‍ തോമസ് നിരന്തരം പന്തുമായി ഗോള്‍മുഖത്തെത്തി കോട്ടയത്തെ വിറപ്പിച്ചെങ്കിലും സ്‌ട്രൈക്കര്‍മാരായ കെ.അര്‍. അജിത്തിനും കെവിന്‍ ടി. അനോജിനും വലകുലുക്കാന്‍ കഴിയാതെ പോയത് എറണാകുളത്തിനു തിരിച്ചടിയായി. അരഡസനോളം സുവര്‍ണാവസരങ്ങളാണ് ഇരുവരും ചേര്‍ന്ന് കളഞ്ഞ് കുളിച്ചത്.
നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ കളിയുടെ 68ാം മിനിട്ടിലാണ് എറണാകുളത്തിന്റെ ആശ്വാസഗോളെത്തിയത്. പ്രതിരോധനിരക്കാരെ ട്രിബിള്‍ ചെയ്‌ത് പന്തുമായി ഓടികയറിയ കെവിനെ ബോക്‌സിനുള്ളില്‍ ക്യാപ്‌റ്റന്‍ ആദിത്യന്‍ പിന്നില്‍ നിന്നു വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത അജിത്തിന് ഇത്തവണ ഉന്നം തെറ്റിയില്ല. സ്‌കോര്‍ 1-1. അവസാന മിനിട്ടുകളില്‍ ഇരുടീമും ഗോള്‍ ഉയര്‍ത്താന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോളിമാര്‍ വിട്ടുകൊടുക്കാന്‍ താറാകാതെ വന്നതോടെ മത്സരം പെനല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഇരുടീമിന്റെയും ആദ്യ അഞ്ച് കിക്കുകള്‍ ലക്ഷ്യം
കണ്ടതോടെ മത്സരം സഡന്‍ ഡെത്തിലായി. സഡന്‍ ഡെത്തില്‍ എറണാകുളത്തിനായി മൂന്നാം കിക്കെടുത്ത എബിന്‍ ടോമിന്റെ ഷോട്ട് പോസ്‌റ്റിലിടിച്ച് തെറിച്ചതോടെ ആവേശകരമായ മത്സരം കോട്ടയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. പിയൂഷാണ് കളിയിലെ താരം.
ജി. അരുണ്‍