-->
കൊച്ചി: ക്ലിയോസ്‌പോര്‍ട്‌സ് സംഘടിപ്പിച്ച നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പുരുഷ വിഭാഗത്തില്‍ രഞ്‌ജിത്ത് സിങ്ങും വനിതാ വിഭാഗത്തില്‍ അഭിലാഷ സഞ്‌ജീവും ജേതാക്കളായി. 42.1 കി.മി. മാരത്തണില്‍ പഞ്ചാബ് അമൃത്സര്‍ സ്വദേശിയും ആര്‍മി ഉദ്യോഗസ്‌ഥനുമായ രഞ്‌ജിത്ത് സിങ് രണ്ട് മണിക്കൂര്‍ 28 മിനിറ്റ് 53 സെക്കന്‍ഡിലാണ് ഒന്നാമതായി ഓടിയെത്തിയത്.
മുംബൈ മാരത്തണില്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടുള്ള താരം ഇതാദ്യമായാണ് കൊച്ചി മാരത്തണിന്റെ ഭാഗമാകുന്നത്. മഹാരാഷ്‌ട്ര സ്വദേശിയായ അഭിലാഷ മൂന്നു മണിക്കൂര്‍ 10 മിനിറ്റ് 26 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത് വനിതാ വിഭാഗത്തില്‍ ഒന്നാം സ്‌ഥാനം നേടി. 22 കാരിയായ അഭിലാഷ നേരത്തെ മുംബൈ മാരത്തണില്‍ അഞ്ചാം സ്‌ഥാനം നേടിയിട്ടുണ്ട്. പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി മനോജ് ആര്‍.എസ് (2:33:21) രണ്ടാം സ്‌ഥാനവും മധുര സ്വദേശി വിനോദ് കുമാര്‍ (2:34:52) മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. വനിതാ വിഭാഗത്തില്‍ ഉത്തരാഖണ്ഡ് സ്വദേശി കെ.എം ലക്ഷ്‌മി (3:33:01) രണ്ടാമതും പൊള്ളാച്ചി സ്വദേശി ദിവ്യ എസ് (3:39:37) മൂന്നാമതും എത്തി. ആദ്യ മൂന്ന് സ്‌ഥാനക്കാര്‍ക്ക് യഥാക്രമം 1,25,000, 1,00,000, 75,000 രൂപ വീതം ക്യാഷ് പ്രൈസും മെഡലും വിതരണം ചെയ്‌തു.21.0975 കി.മീ ഹാഫ് മാരത്തണിലെ 18-40 വയസ് പുരുഷ വിഭാഗത്തില്‍ ജമ്മു കാശ്‌മീര്‍ സ്വദേശി ആദിത്യ സിങ് (1:10:40) ഒന്നാമതെത്തി. വയനാട് സ്വദേശി സന്ദീപ് വി.കെ (1:12:40), പാലക്കാട് സ്വദേശി ജെറാള്‍ഡ് സിസില്‍ (1:15:05) എന്നിവര്‍ രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ കരസ്‌ഥമാക്കി. വനിതാ വിഭാഗത്തില്‍ പാലക്കാട് സ്വദേശി ഐശ്വര്യ എസ് (1:45:10) ഒന്നാം സ്‌ഥാനം നേടിയപ്പോള്‍ കോട്ടയം സ്വദേശി ദേവിക ബെന്‍ (1:51:57), അന്ന (1:56:58) എന്നിവര്‍ രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ സ്വന്തമാക്കി.
ഇംഗ്ലണ്ട്, ജപ്പാന്‍, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 7,800-ല്‍പ്പരം റണ്ണേഴ്‌സ് മാരത്തണില്‍ പങ്കെടുത്തു.
ഇന്നലെ പുലര്‍ച്ചെ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നിന്നാരംഭിച്ച മാരത്തണ്‍ ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം.വി.എസ് മൂര്‍ത്തി, മാരത്തണ്‍ മെഡിക്കല്‍ ഡയറക്‌ടറും ആസ്‌റ്റര്‍ മെഡ്‌സിറ്റി എമര്‍ജന്‍സി മെഡിസിന്‍ കണ്‍സള്‍ട്ടന്റുമായ ഡോ.സാവിത്രി, ടൈഗര്‍ബാം റീജിയണല്‍ മേധാവി വി. സുബ്രഹ്‌മണ്യന്‍, ട്രേഡ് മാര്‍ക്കറ്റിങ് മേധാവി അനൂപ് ദ്വിവേദി, ക്ലിയോസ്‌പോര്‍ട്‌സ് ഡയറക്‌ടര്‍മാരായ അനീഷ് പോള്‍, ബൈജു പോള്‍, ശബരി നായര്‍, എം.ആര്‍.കെ ജയറാം എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്‌തു.