Wednesday, March 11, 2026 Last Updated 16 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.37 PM

എപ്‌സ്‌റ്റീന്‍ ഫയലില്‍ 169 വട്ടം പരാമര്‍ശം; കണ്ടിട്ടേയില്ലെന്ന്‌ ദലൈലാമയുടെ ഓഫീസ്‌

uploads/news/2026/02/824571/in2.jpg

ധര്‍മശാല: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീന്‌ ടിബറ്റന്‍ ആത്മീയനേതാവ്‌ ദലൈലാമയുമായി ബന്ധമുണ്ടായിരുന്നെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ ലാമയുടെ ഓഫീസ്‌. വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട എപ്‌സ്‌റ്റീന്‍ ഫയലുകളില്‍ ദലൈലാമയുടെ പേര്‌ 169 തവണ പ്രത്യക്ഷപ്പെടുന്നതായി യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ജസ്‌റ്റിസിന്റെ (ഡി.ഒ.ജെ) രേഖകള്‍ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത സാഹചര്യത്തിലാണു വിശദീകരണം.
ഒന്നിലധികം സ്വകാര്യ ഇ-മെയിലുകളിലും 'മസാജ്‌ ഫോര്‍ ഡമ്മീസ്‌' എന്ന പുസ്‌തകത്തിന്റെ സൂചികയിലും ആത്മീയനേതാവിന്റെ പേര്‌ പ്രത്യക്ഷപ്പെട്ടതായാണ്‌ ചില റിപ്പോര്‍ട്ടുകളിലെ ആരോപണം. നേരത്തെ എപ്‌സ്‌റ്റീന്‍ കേസ്‌ രേഖകളുടെ ഭാഗമായി പുറത്തിറക്കിയ ഫയലുകളില്‍ സ്‌കാന്‍ചെയ്‌ത രേഖയായി ഇവ ഉള്‍പ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു. ഇത്തരം പ്രചാരണങ്ങള്‍ വ്യാപകമായതോടെയാണ്‌ ദലൈലാമയുടെ ഓഫീസ്‌ ആരോപണങ്ങള്‍ ശക്‌തമായി നിരസിച്ചത്‌.
"എപ്‌സ്‌റ്റീന്‍ ഫയലുകളെക്കുറിച്ചുള്ള സമീപകാല മാധ്യമറിപ്പോര്‍ട്ടുകളും സാമൂഹിക മാധ്യമ പോസ്‌റ്റുകളും ദലൈലാമയെ ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ എപ്‌സ്‌റ്റീനെ ഒരിക്കലും ദലൈലാമ സന്ദര്‍ശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പേരില്‍ കൂടിക്കാഴ്‌ചയോ ആശയവിനിമയമോ നടത്താന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും സ്‌ഥിരീകരിക്കാന്‍ കഴിയും" -ലാമയുടെ ഓഫീസ്‌ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
ടിബറ്റന്‍ ആത്മീയ നേതാവും എപ്‌സ്‌റ്റീനും തമ്മിലുള്ള കൂടിക്കാഴ്‌ചകളുടെ വിവരങ്ങളടങ്ങിയതായി പറയപ്പെടുന്ന 2012 ഒക്‌ടോബറിലെ ഇ-മെയിലുകള്‍ ചില റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. എപ്‌സ്‌റ്റീനൊപ്പം ദലൈലാമ ഒരു പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു അതിലെ സൂചന. ദലൈലാമയുടെ അനുയായികളെന്നു വിശേഷിപ്പിക്കപ്പെടുന്നവര്‍ എപ്‌സ്‌റ്റീനെ കണ്ടിരിക്കാമെന്ന്‌ യൂറോപ്യന്‍ മാധ്യമമായ നെക്‌സ്‌റ്റ ടിവി ഇതിനിടെ അവകാശപ്പെട്ടു. ഇത്‌ ഊഹാപോഹങ്ങള്‍ക്ക്‌ ആക്കം കൂട്ടി.
'ഡെയ്‌ലി ബീസ്‌റ്റ്‌' പോഡ്‌കാസ്‌റ്റില്‍ മാധ്യമപ്രവര്‍ത്തകന്‍ മൈക്കല്‍ വുള്‍ഫ്‌ അവകാശവാദം ഉന്നയിച്ചതോടെ കഴിഞ്ഞവര്‍ഷം ഈ വിഷയം ശ്രദ്ധ നേടിയിരുന്നു.
എപ്‌സ്‌റ്റീന്റെ മാന്‍ഹട്ടനിലെ വസതിയില്‍ ഒത്തുചേരലുകള്‍ സംഘടിപ്പിച്ചതിനെക്കുറിച്ചും നിരവധി പ്രമുഖര്‍ അതില്‍ പങ്കെടുത്തതിനെക്കുറിച്ചുമാണ്‌ വൂള്‍ഫ്‌ പ്രോഗ്രാമില്‍ സംസാരിച്ചത്‌. ഈ ഒത്തുചേരലുകളെ 'സലൂണുകള്‍' എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്‌. ദലൈലാമ ഒത്തുചേരലില്‍ ഉള്‍പ്പെട്ടിരുന്നതായും വൂള്‍ഫ്‌ പറയുന്നു. ആത്മീയനേതാവിന്റെ സാന്നിധ്യം ഏതെങ്കിലും ധനസമാഹരണവുമായോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായോ ബന്ധപ്പെട്ടിരിക്കാമെന്ന അനുമാനത്തിലേക്കും അദ്ദേഹം എത്തുന്നുണ്ട്‌. സാമ്പത്തിക സംഭാവനകള്‍ക്കായി നിരവധി വ്യക്‌തികള്‍ എപ്‌സ്‌റ്റീനെ സമീപിച്ചെന്ന വിവരമാണ്‌ ഇതിന്‌ അടിസ്‌ഥാനം.
'ദലൈലാമ എന്തുകൊണ്ട്‌ ജെഫ്രി എപ്‌സ്‌റ്റീന്റെ വീട്ടില്‍ ഉണ്ടായിരുന്നു' എന്ന ലേഖനത്തില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ജേക്കബ്‌ സില്‍വര്‍മാനും പിന്നീട്‌ വൂള്‍ഫിന്റെ അവകാശവാദങ്ങള്‍ പരാമര്‍ശിച്ചു. എപ്‌സ്‌റ്റീനുമായി എന്തെങ്കിലുംബന്ധമുണ്ടോയെന്ന ചോദ്യങ്ങള്‍ക്ക്‌ ദലൈലാമയുടെ ഓഫീസ്‌ അന്നു മറുപടി നല്‍കിയില്ലെന്നായിരുന്നു സില്‍വര്‍മാന്റെ റിപ്പോര്‍ട്ടിലെ ആക്ഷേപം. എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട രേഖകളുടെ ശേഖരം യു.എസ്‌. നീതിന്യായ വകുപ്പ്‌ അടുത്തിടെ പുറത്തിറക്കിയതോടെയാണ്‌ വീണ്ടും വിവാദമുയര്‍ന്നത്‌.
മൂന്നു ദശലക്ഷത്തിലധികം ഫയലുകള്‍, രണ്ടായിരത്തിലധികം വീഡിയോകള്‍, 1,80,000 ചിത്രങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാഷ്‌ട്രീയ നേതാക്കള്‍, വന്‍കിട ബിസിനസുകാര്‍, ആഗോളതലത്തില്‍ ശ്രദ്ധേയരായ വ്യക്‌തികള്‍ എന്നിവരുള്‍പ്പെടെ വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖരെക്കുറിച്ച്‌ ഫയലുകളില്‍ പരാമര്‍ശങ്ങളുള്ളതായി പറയുന്നു.

Ads by Google
Sunday 08 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW