-->
ഗുവാഹത്തി: മുസ്ലിം വേഷധാരികള്‍ക്കുനേരേ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നിറയൊഴിക്കുന്നതായി എ.ഐ. വീഡിയോ. വിവാദമായതോടെ വീഡിയോ പിന്‍വലിച്ച് ബി.ജെ.പി. അസം ബി.ജെ.പിയുടെ ഔദ്യോഗിക എക്‌സ് പേജിലായിരുന്നു വീഡിയോ പോസ്‌റ്റ് ചെയ്‌തിരുന്നത്. പോയിന്റ് ബ്ലാങ്ക് ഷോട്ട് എന്ന തലക്കെട്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ താടിയും തൊപ്പിയും ധരിച്ച രണ്ടുപേര്‍ക്കുനേരേ ഹിമന്ത വെടിവയ്‌ക്കുന്നതാണ് ചിത്രീകരിച്ചിരുന്നത്. സംസ്‌ഥാന ജനസംഖ്യയുടെ 90 ശതമാനവും മുസ്ലിംകളാകുമെന്നും ബി.ജെ.പിയെ അധികാരത്തിലെത്തിച്ചില്ലെങ്കില്‍ അസമിന്റെ സംസ്‌കാരം തകരുമെന്ന വിശദീകരണവും അടങ്ങുന്നതായിരുന്നു ഉള്ളടക്കം.
പിന്നാലെ വംശഹത്യയ്‌ക്കുള്ള ആഹ്വാനമാണ് വീഡിയോ നല്‍കുന്നതെന്ന അതിരൂക്ഷ ആരോപണമുയര്‍ത്തി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നു വ്യക്‌തമായതോടെ വീഡിയോ പിന്‍വലിച്ച് ബി.ജെ.പി. തലയൂരി.