-->
പൊഖ്‌റ: സാഫ് അണ്ടര്‍-19 വനിതാ ഫുട്‌ബോള്‍ കിരീടം വീണ്ടെടുത്ത് ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ എതിരില്ലാത്ത നാലു ഗോളിനു തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകളുടെ നേട്ടം. ആദ്യപകുതിയില്‍ ഒരു ഗോളിനു മുന്നില്‍നിന്ന ജേതാക്കള്‍ രണ്ടാം പകുതിയില്‍ മൂന്നുവട്ടം നിറയൊഴിച്ചു.
റൗണ്ട് റോബിന്‍ ഘട്ടത്തില്‍ ആതിഥേയരായ നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. അടുത്ത കളിയില്‍ ഭൂട്ടാനെ ഏകപക്ഷീയമായ എട്ടുഗോളിന് നിലംപരിശാക്കി.
ക്യാപ്‌റ്റന്‍ ജൂലന്‍ നോങ്‌മെയ്‌തെം 42-ാം മിനിറ്റില്‍ ഇന്ത്യയുടെ ആദ്യ ഗോളിന് അവകാശിയായി. ആല്‍വ ദേവി സെന്‍ജമില്‍നിന്നു പന്ത് സ്വീകരിച്ച് പ്രിതിക ബാര്‍മന്‍ നല്‍കിയ പാസ് ജൂലന്‍ വലയിലേക്കു തിരിച്ചുവിടുകയായിരുന്നു. ആല്‍വ ദേവി നേടിയെടുത്ത പെനാല്‍റ്റി 63-ാം മിനിറ്റില്‍ ലക്ഷ്യത്തിലെത്തിച്ച് എലിസബത് ലാഖ്‌റ ലീഡ് ഇരട്ടിയാക്കി.
ഇതോടെ കൂടുതല്‍ വിരണ്ട എതിരാളികളുടെ വിവശത മുതലാക്കി ഇന്ത്യ രണ്ടു വട്ടംകൂടി വല കുലുക്കി. ബംഗ്ലാദേശ് ഗോള്‍കീപ്പറില്‍നിന്നു പന്ത് റാഞ്ചി പേള്‍ ഫെര്‍ണാണ്ടസ് (68) മൂന്നാം ഗോളിന് അവകാശിയായി. ഗോള്‍ദാഹം അടങ്ങാതെ വീണ്ടും സമ്മര്‍ദം ചെലുത്തിയ ഇന്ത്യ അന്‍വിത രഘുരാമനി (83) ലൂടെ പട്ടിക തികച്ചു.