-->
കൊളംബോ: ഐ.സി.സി. ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആദ്യ ജയം പാകിസ്‌താന്. കൊളംബോയില്‍ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ മൂന്നുവിക്കറ്റിനാണ് പാകിസ്‌താന്‍ രക്ഷപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്‌ത് എതിരാളികള്‍ മുന്നോട്ടുവച്ച 148 റണ്‍ വിജയലക്ഷ്യം മൂന്നു പന്ത് ബാക്കിനില്‍ക്കെ ഏഴുവിക്കറ്റ് നഷ്‌ടപ്പെടുത്തി അവര്‍ മറികടന്നു.
തുടരെ വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തി പരാജയം തുറിച്ചുനോക്കിയ പാകിസ്‌താനെ എട്ടാമനായെത്തിയ ഫാഹീം അഷ്‌റഫിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് വിജയതീരത്തെത്തിച്ചത്. 11 പന്തില്‍ മൂന്നു സിക്‌സും രണ്ടു ഫോറും അടക്കം അഷ്‌റഫ് 29 റണ്ണുമായി പുറത്താകാതെനിന്നു.
ഒന്‍പതു പന്തില്‍ അഞ്ചു റണ്ണുമായി ഷഹീന്‍ ഷാ അഫ്രീദിയായിരുന്നു ക്രീസിലുണ്ടായിരുന്നത്. 31 പന്തില്‍ രണ്ടു സിക്‌സും നാലുഫോറും അടക്കം 47 റണ്ണടിച്ച ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാനാണു പാകിസ്‌താന്റെ ടോപ്‌സ്കോറര്‍. 13 പന്തില്‍ 24 റണ്ണുമായി സഹ ഓപ്പണര്‍ സായിം അയൂബും അവര്‍ക്ക് മികച്ച തുടക്കം നല്‍കി.
അയൂബ്, ക്യാപ്‌റ്റന്‍ സല്‍മാന്‍ ആഗ (എട്ടുപന്തില്‍ 12), ബാബര്‍ അസം (18 പന്തില്‍ 15) എന്നിവര്‍ മങ്ങി. മധ്യനിരയില്‍ ഉസ്‌മാന്‍ ഖാന്‍ (പൂജ്യം), ഷാദാബ് ഖാന്‍ (എട്ട്), മുഹമ്മദ് നവാസ് (ആറ്) എന്നിവര്‍ കൂടാരം കയറിയതോടെ 16.1 ഓവറില്‍ പാകിസ്‌താന്‍ ഏഴുവിക്കറ്റിന് 114 റണ്ണിലേക്കു വീണിരുന്നു. എന്നാല്‍, മനസാന്നിധ്യം വിടാതെ വെടിക്കെട്ട് ബാറ്റിങ് കാഴ്‌ചവച്ച ഫാഹീം അഷ്‌റഫ് പാകിസ്‌താന് അവസാന ഓവറില്‍ ജയം സമ്മാനിച്ചു. ഡി ലീഡിനെ ഫോറടിച്ച് അഷ്‌റഫ് വിജയം രാജകീയമാക്കി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സ്‌കോട്ട്‌ലന്‍ഡിനായി നായകന്‍ സ്‌കോട്ട് എഡ്‌വേര്‍ഡ്‌സ് 29 പന്തില്‍ 37 റണ്ണടിച്ചു. ബാസ് ഡി ലീഡ് (30), മൈക്കല്‍ ലെവിറ്റ് (24), കോളിന്‍ ആക്കര്‍മാന്‍ (20), ആര്യന്‍ ദത്ത് (13) എന്നിവര്‍ തരക്കേടില്ലാതെ ബാറ്റ്‌വീശി. 3.5 ഓവറില്‍ 24 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത സല്‍മാന്‍ മിര്‍സ പാക് ബൗളര്‍മാരില്‍ തിളങ്ങി. മുഹമ്മദ് നവാസ്, അബ്രാര്‍ അഹ്‌മ്മദ്, സായിം അയൂബ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി.