-->
കൊല്‍ക്കത്ത: കുഞ്ഞന്മാരായ സ്‌കോട്ട്‌ലന്‍ഡിനെ കെട്ടുകെട്ടിച്ച് ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ പ്രതാപികളായ വെസ്‌റ്റിന്‍ഡീസിന് ജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഗ്രൂപ്പ് സി പോരാട്ടത്തില്‍ 35 റണ്ണിന് വിന്‍ഡീസ് എതിരാളികളെ മറികടന്നു. ഷിംറോണ്‍ ഹെറ്റ്‌മെയറുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയും ഹാട്രിക്കടക്കം അഞ്ചുവിക്കറ്റ് വീഴ്‌ത്തിയ റൊമാരിയോ ഷെപ്പേഡിന്റെ മികച്ച ബൗളിങ്ങും വെസ്‌റ്റിന്‍ഡീസ് ജയത്തിന് അടിത്തറപാകി. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 182 റണ്ണടിച്ചു. സ്‌കോട്ട്‌ലന്‍ഡിന്റെ മറുപടി 18.5 ഓവറില്‍ 147-ല്‍ അവസാനിച്ചു. ഹെറ്റ്‌മെയറാണു കളിയിലെ കേമന്‍. 3.5 ഓവറില്‍ 30 റണ്ണിന് മൂന്നു വിക്കറ്റ് വീഴ്‌ത്തിയ ജാസണ്‍ ഹോള്‍ഡര്‍ ടി-20 ക്രിക്കറ്റില്‍ 100 വിക്കറ്റ് തികയ്‌ക്കുന്ന ആദ്യ വെസ്‌റ്റിന്‍ഡീസ് താരമായി. ഇന്നലത്തെ പ്രകടനത്തോടെ 90 കളിയില്‍ ഹോള്‍ഡറിന് 101 വിക്കറ്റായി.
ബ്രാന്‍ഡന്‍ കിങ്ങും (30 പന്തില്‍ 35) ക്യാപ്‌റ്റന്‍ ഷായ് ഹോപ്പും (22 പന്തില്‍ 19) ചേര്‍ന്ന വെസ്‌റ്റിന്‍ഡീസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് 8.2 ഓവറില്‍ 54 റണ്ണടിച്ച് തുടക്കം ഗംഭീരമാക്കി. അടുത്തടുത്ത ഓവറില്‍ ഓപ്പണര്‍മാര്‍ മടങ്ങിയെങ്കിലും ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ ആക്രമണോത്സുക ബാറ്റിങ് വെസ്‌റ്റിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു. അടുത്തിടെ മൂന്നാം നമ്പറില്‍ ക്രീസിലെത്തി 48, 75, 48 റണ്ണടിച്ച താരം പ്രകടനം ആവര്‍ത്തിച്ചു.
10-ാം ഓവറിലെ 58 റണ്ണില്‍നിന്ന് ടീം സ്‌കോര്‍ 182-ല്‍ എത്തിയതിനുപിന്നില്‍ ഹെറ്റ്‌മെയറുടെ വെടിക്കെട്ടായിരുന്നു. നാലാമനായെത്തിയ റോവ്‌മാന്‍ പവല്‍ (14 പന്തില്‍ 24), ഷെര്‍ഫെയ്‌ന്‍ റഥര്‍ഫോഡ് (13 പന്തില്‍ 26), എന്നിവരും മികച്ച ബാറ്റിങ് കാഴ്‌ചവച്ചു. 19-ാം ഓവറിലെ അവസാന പന്തില്‍ കൂടാരം കയറുമ്പോള്‍ ഹെറ്റ്‌മെയര്‍ 36 പന്തില്‍ 64 റണ്‍ വാരി. ആറു സിക്‌സും അഞ്ചുഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. റൊമാരിയോ ഷെപ്പേഡ് (ആറ്), മാത്യു ഫോഡ് (ഒന്ന്) എന്നിവര്‍ പുറത്താകാതെനിന്നു.
മറുപടി പറഞ്ഞ സ്‌കോട്ട്‌ലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ ഏഴില്‍ ഓപ്പണര്‍ മൈക്കല്‍ ജോണ്‍സി (ഒന്ന്)നെ അവര്‍ക്കു നഷ്‌ടമായി. ബ്രണ്ടന്‍ മക്‌മ്യൂലന്‍ (14), ജോര്‍ജ് മുന്‍സെ (19) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയതോടെ അവര്‍ 5.4 ഓവറില്‍ 37 റണ്ണിലേക്കു വഴുതി. ക്യാപ്‌റ്റന്‍ റിച്ചി ബെറിങ്‌ടണ്‍ (24 പന്തില്‍ 42), ടോം ബ്രൂസ് (28 പന്തില്‍ 35) എന്നിവരുടെ ചെറുത്തുനില്‍പ്പ് ചെറിയ പ്രതീക്ഷ നല്‍കി. പക്ഷേ, നായകനെ ഹോള്‍ഡറും ബ്രൂസിനെ ഗുദാകേഷ് മോത്തിയും വീഴ്‌ത്തി. പിന്നീട് മാത്യു ക്രോസ് (11), മാര്‍ക്ക് വാട്ട് (15) എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കം കണ്ടെത്താനായത്.
17-ാം ഓവറിലെ രണ്ടാം പന്തില്‍ മാത്യു ക്രോസിനെ പറഞ്ഞുവിട്ട റൊമാരിയോ ഷെപ്പേഡ് ഹാട്രിക്കടക്കം നാലുവിക്കറ്റിന് അവകാശിയായി. മൂന്നാം പന്തില്‍ മൈക്കല്‍ ലീസ്‌ക്, അടുത്ത പന്തില്‍ ഒലിവര്‍ ഡേവിഡ്‌സണ്‍ എന്നിവരെ പുറത്താക്കിയാണ് ഷെപ്പേഡ് ഹാട്രിക് തികച്ചത്. ഓവറിലെ അവസാന പന്തില്‍ സഫ്‌യാന്‍ ഷരീഫും താരത്തിനുമുന്നില്‍ കീഴടങ്ങി.
ഇതോടെ ആറിന് 133 എന്ന നിലയില്‍നിന്ന് ഒന്‍പതിന് 133 എന്ന നിലയിലായി സ്‌കോട്ട്‌ലന്‍ഡ്. മാര്‍ക്ക് വാട്ടിനെ പവലിന്റെ കൈകളിലെത്തിച്ച് ജാസണ്‍ ഹോള്‍ഡര്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. വിന്‍ഡീസ് ബൗളര്‍മാരില്‍ ഷമാര്‍ ജോസഫും ഗുദാകേഷ് മോട്ടിയും ഓരോ വിക്കറ്റെടുത്ത് ഷെപ്പേഡിനും ഹോള്‍ഡര്‍ക്കും ഉറച്ച പിന്തുണ നല്‍കി.