-->
മുംബൈ: ആരാധകരുടെ നെഞ്ചിടിപ്പേറ്റി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് യു.എസിനെതിരേ ആദ്യമത്സരത്തില്‍ ജയം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌തപ്പോള്‍ മുന്‍നിര പവലിയനിലേക്കു ഘോഷയാത്ര നടത്തിയെങ്കിലും ക്യാപ്‌റ്റന്റെ കളി കെട്ടഴിച്ച സൂര്യകുമാര്‍ യാദവിന്റെ ചിറകേറി 20 ഓവറില്‍ ആതിഥേയര്‍ കുറിച്ചത് ഒന്‍പതു വിക്കറ്റിന് 161 റണ്‍.
എത്തിപ്പിടിക്കാവുന്ന ലക്ഷ്യമായിരുന്നെങ്കിലും യു.എസിനെ മികച്ച ബൗളിങ്ങിലൂടെ വരിഞ്ഞുകെട്ടി ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഇന്ത്യ 29 റണ്ണിന്റെ ജയം കുറിച്ചു. അമേരിക്കയുടെ വെല്ലുവിളി 20 ഓവറില്‍ എട്ടുവിക്കറ്റിന് 132 റണ്ണില്‍ അവസാനിച്ചു. അര്‍ഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തി എതിരാളികള്‍ ലക്ഷ്യത്തിലെത്തില്ലെന്ന് ഉറപ്പാക്കി. വരുണ്‍ ചക്രവര്‍ത്തിക്കാണ് ശേഷിച്ച ഒരുവിക്കറ്റ്. 49 പന്തില്‍ നാലു സിക്‌സും 10 ഫോറും പറത്തി പുറത്താകാതെ 84 റണ്‍ വാരി ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലായ നായകന്‍ സൂര്യകുമാര്‍ കളിയിലെ കേമനായി. നമീബിയക്കെതിരേ ഈമാസം 12 നാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഗോള്‍ഡന്‍ ഡക്കായി വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ പുറത്ത്. അലി ഖാന്റെ പന്തില്‍ കൃഷ്‌ണമൂര്‍ത്തി ശര്‍മയെ പിടികൂടി.
ആദ്യ ഓവറില്‍ രണ്ടു ഫോറടക്കം ഇഷാന്‍ കിഷന്‍ പക്ഷേ, ആക്രമണ മൂഡിലായിരുന്നു. വണ്‍ ഡൗണായെത്തിയ തിലക് വര്‍മയുമൊത്ത് കിഷന്‍ ഇന്ത്യയെ അപകടരേഖ കടത്തി. ഇതിനിടയില്‍ യു.എസ്. ഫീല്‍ഡര്‍മാരുടെ ഓട്ടക്കൈകള്‍ കിഷനു തുണയായി. പക്ഷേ, ആറാം ഓവര്‍ എറിയാനെത്തിയ വാന്‍ ഷാന്‍ക്‌വൈക്ക് ആതിഥേയരെ കൂടുതല്‍ ആഴങ്ങളിലേക്കു തള്ളിയിട്ടു. ഓവറിലെ രണ്ടാം പന്തില്‍ 16 പന്തില്‍ 20 റണ്ണടിച്ച കിഷനെ വാന്‍ ഷാന്‍ക്‌വൈക്ക് മടക്കി. പിന്നീട് കണ്ടത് കൂട്ടത്തകര്‍ച്ചയായിരുന്നു.
ഓവറിലെ അഞ്ചാം പന്തില്‍ തിലക് വര്‍മ (25), അവസാന പന്തില്‍ ശിവം ദുബെ (പൂജ്യം) എന്നിവര്‍ വീണതോടെ ഇന്ത്യ നാലു വിക്കറ്റിന് 46 റണ്ണെന്ന നിലയിലേക്കു വഴുതി. പിന്നീട് റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് നായകന്‍ സൂര്യകുമാര്‍ യാദവ് രക്ഷാദൗത്യം തുടങ്ങി. മോശം പന്തുകള്‍ മാത്രം തെരഞ്ഞുപിടിച്ച് അതിര്‍ത്തികടത്തിയും സിംഗിളുകളിലൂടെയും സൂര്യ സ്‌കോര്‍ ഉയര്‍ത്തി. ഇതിനിടയില്‍ 10-ാം ഓവറിലെ റിട്ടേണ്‍ ക്യാച്ച് ബൗളര്‍ നിലത്തിട്ടത് സൂര്യയ്‌ക്കു ജീവശ്വാസമേകി. ടീം സ്‌കോര്‍ 72-ല്‍ എത്തിയപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച റിങ്കു സിങ്ങി (14 പന്തില്‍ ആറ്) നെ മുഹമ്മദ് മൊഹ്‌സിന്‍ പറഞ്ഞുവിട്ടു. ആഞ്ഞടിക്കാന്‍ ശ്രമിച്ച് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (അഞ്ച്)യും ബാറ്റ് താഴ്‌ത്തിയതോടെ 13-ാം ഓവറില്‍ ആറിന് 77 റണ്ണിലേക്ക് ഇന്ത്യ വീണു.
കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങുമെന്നു കരുതിയിടത്ത് അക്‌സര്‍ പട്ടേലിനെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ നടത്തിയ കടന്നാക്രമണമാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 17-ാം ഓവറില്‍ 11 പന്തില്‍ 14 റണ്ണടിച്ച അക്‌സര്‍ മടങ്ങി. ഇതിനിടയില്‍ 41 റണ്ണിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ടീം സ്‌കോര്‍ 100 കടന്നത് ആശ്വാസമായി. അര്‍ഷ്‌ദീപിനെയും വരുണ്‍ ചക്രവര്‍ത്തിയെയും ഒരറ്റത്തുനിര്‍ത്തി അവസാന ഓവറുകളില്‍ സൂര്യ തനിസ്വരൂപം കാട്ടി. ഇന്ത്യന്‍ വംശജന്‍ സൗരഭ് നേത്രാവല്‍ക്കറിന്റെ അവസാന ഓവറില്‍ സൂര്യ 21 റണ്‍ വാരി ടീം സ്‌കോര്‍ 161-ല്‍ എത്തിച്ചു.
യു.എസിന്റെ മറുപടിയും ആശാവഹമായിരുന്നില്ല. നാലാം ഓവറില്‍ മൂന്നു വിക്കറ്റിന് 13 റണ്ണെന്ന പരിതാപകരമായ നിലയിലേക്ക് അവരെ തള്ളിവിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. പനിമൂലം വിശ്രമം അനുവദിച്ച ജസ്‌പ്രീത് ബുംറയ്‌ക്കു പകരം ടീമിലെത്തിയ മുഹമ്മദ് സിറാജ് ഇന്ത്യക്കു ബ്രേക്ക് ത്രൂ സമ്മാനിച്ചു. ആന്‍ഡ്രൈസ് ഗൗസി (ആറ്)നെ തിലക് വര്‍മ പിടികൂടി.
സായ്‌തേജ മുക്കമ്മലെ(രണ്ട്)യെയും സിറാജ് തന്നെ മടക്കി. ക്യാപ്‌റ്റന്‍ മൊണാങ്ക് പട്ടേലി(പൂജ്യം)നെ ശിവം ദുബെയുടെ കൈകളിലെത്തിച്ച് അര്‍ഷ്‌ദീപും ആഞ്ഞടിച്ചു. പിന്നീട് മിലിന്ദ് കുമാര്‍ (34), സഞ്‌ജയ് കൃഷ്‌ണമൂര്‍ത്തി (37), ശുഭം രഞ്‌ജനെ (37) എന്നിവര്‍ മാത്രമാണ് യു.എസിനായി പൊരുതിയത്. പക്ഷേ, വരുണ്‍ ചക്രവര്‍ത്തിയും അക്‌സര്‍ പട്ടേലും മുഹമ്മദ് സിറാജും ചേര്‍ന്ന് മൂവരേയും മടക്കിയത് ഇന്ത്യന്‍ ജയമുറപ്പിച്ചു.
ഹര്‍മീത് സിങ് (പൂജ്യം), മുഹമ്മദ് മുഹ്‌സിന്‍ (എട്ട്) എന്നിവരും യു.എസ്. നിരയില്‍ പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്നും അര്‍ഷ്‌ദീപ് സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടുവീതവും വിക്കറ്റെടുത്തു.