-->
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തുടര്‍ജയങ്ങളുമായി മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്. ഇന്നലെ നടന്ന കരുത്തരുടെ പോരാട്ടത്തില്‍ ടോട്ടനം ഹോട്ട്‌സ്പറിനെയാണ് യുണൈറ്റഡ് വീഴ്‌ത്തിയത്. ഇതുപകുതികളിലായി നേടിയ ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു സ്വന്തം മൈതാനത്ത് ചുവന്ന ചെകുത്താന്‍മാരുടെ ജയം. റൂബെന്‍ അമോറിമിനെ പുറത്താക്കിയശേഷം താല്‍ക്കാലിക പരിശീലകനായ മൈക്കല്‍ കാരിക്കിനു കീഴില്‍ തുടര്‍ച്ചയായ നാലാം ജയമാണ് ടീം കുറിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ നാലാമതുള്ള മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന് 25 കളിയില്‍ 44 പോയിന്റായി. ഒരുമത്സരം കുറച്ചു കളിച്ച് 53 പോയിന്റുള്ള ആഴ്‌സണല്‍ ഒന്നാമതും 47 പോയിന്റുമായി മാഞ്ചസ്‌റ്റര്‍ സിറ്റി രണ്ടാമതും ഒരുപോയിന്റ് പിന്നില്‍ ആസ്‌റ്റണ്‍ വില്ല മൂന്നാമതുമാണ്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ലീഡ്‌സ് യുണൈറ്റഡ് 3-1 ന് നോട്ടിങ്ങാം ഫോറസ്‌റ്റിനെ വീഴ്‌ത്തി.
മുമ്പ് ഏറ്റുമുട്ടിയ ഏഴു കളികളിലും ടോട്ടനത്തോടു ജയിക്കാന്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനായിരുന്നില്ല. പക്ഷേ, ഇത്തവണ കളി മാറി. കാസിമെറോയെ ഫൗള്‍ ചെയ്‌തതിന് 29-ാം മിനിറ്റില്‍ ക്രിസ്‌റ്റ്യന്‍ റൊമേറോ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായത് ടോട്ടനത്തിനു തിരിച്ചടിയായി. 38-ാം മിനിറ്റില്‍ ബ്രയാന്‍ എംബ്യൂമോ യുണൈറ്റഡിനെ മുന്നില്‍ക്കടത്തി. ബ്രൂണോ ഫെര്‍ണാണ്ടസെടുത്ത കോര്‍ണറില്‍നിന്ന് കോബി മെയ്‌നു നല്‍കിയ പാസ് ഇടംകാല്‍ പ്രഹരത്തിലൂടെ എംബ്യൂമോ വലയിലാക്കി. അധ്വാനിച്ചു കളിച്ച ബ്രൂണോ ഫെര്‍ണാണ്ടസ് 81-ാം മിനിറ്റില്‍ യുണൈറ്റഡിന്റെ രണ്ടാം ഗോളിന് അവകാശിയായി. പോര്‍ച്ചുഗല്‍ സഹതാരം ഡീഗോ ദാലോട്ടിന്റെ പാസാണ് ബ്രൂണോ ലക്ഷ്യത്തിലെത്തിച്ചത്.