-->
ചെന്നൈ: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ പകവീട്ടാനൊരുങ്ങി ന്യൂസിലന്‍ഡ് ഇന്ന് അഫ്‌ഗാനിസ്‌ഥാനെതിരേ. ഗ്രൂപ്പ് ഡിയിലെ ഗ്ലാമര്‍ പോരാട്ടം രാവിലെ 11 മുതല്‍ ചെന്നൈയിലാണ് നടക്കുന്നത്. 2024 ലോകകപ്പിലേറ്റ 84 റണ്‍ തോല്‍വിക്കു പകരംവീട്ടാനൊരുങ്ങുന്ന ന്യൂസിലന്‍ഡിനെ പക്ഷേ, പരുക്കു വലയ്‌ക്കുന്നുണ്ട്. ഗയാനയില്‍ കിവികളെ വീഴ്‌ത്തി തുടങ്ങിയ അഫ്‌ഗാന്റെ സ്വപ്‌നസമാന പടയോട്ടം സെമി ഫൈനല്‍ വരെയെത്തിയിരുന്നു. ഡെവണ്‍ കോണ്‍വെ, ഫിന്‍ അലന്‍ തുടങ്ങിയവര്‍ പരുക്കില്‍നിന്നു മുക്‌തരായെങ്കിലും ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രെയ്‌സ്വെല്‍, പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരെ ചുമ അലട്ടുന്നത് ന്യൂസിലന്‍ഡിന് ആശങ്കയാണ്. എങ്കിലും ഇരുവരും ഇന്നു കളിച്ചേക്കുമെന്നാണു കരുതുന്നത്.
ക്യാപ്‌റ്റന്‍ റാഷിദ് ഖാന്‍ നയിക്കുന്ന സ്‌പിന്‍ കരുത്തിലാണ് അഫ്‌ഗാനിസ്‌ഥാന്റെ പ്രതീക്ഷകളത്രയും. ഇന്നു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ട് താരതമ്യേനെ ദുര്‍ബലരായ നേപ്പാളിനെ നേരിടും. ഗ്രൂപ്പ് സിയിലെ പോരാട്ടം മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞു മൂന്നിനാണ്.
ഇന്ത്യക്കൊപ്പം സഹആതിഥേയത്വം വഹിക്കുന്ന ശ്രീലങ്കയ്‌ക്കും ഇന്ന് ആദ്യമത്സരമാണ്. ഗ്രൂപ്പ് ബിയില്‍ സ്വന്തം മൈതാനമായ കൊളംബോയില്‍ അയര്‍ലന്‍ഡാണ് അവരുടെ എതിരാളികള്‍.