-->
തിരുവനന്തപുരം: സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരേ കേരളത്തിന് 84 റണ്‍ ഒന്നാം ഇന്നിങ്‌സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 255-ന് എതിരേ ഗോവ 171 റണ്ണിന് എല്ലാവരും പുറത്തായി.
അഞ്ചു വിക്കറ്റ് നേടിയ ഷോണ്‍ റോജറുടെ പ്രകടനമാണ് കേരളത്തിന് കരുത്തായത്. ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന് വേണ്ടി ഷോണ്‍ സെഞ്ചുറിയും നേടിയിരുന്നു. ഇതോടെ ഒരു മത്സരത്തില്‍ തന്നെ സെഞ്ചുറിയും അഞ്ച് വിക്കറ്റും എന്ന അപൂര്‍വ നേട്ടവും ഷോണ്‍ സ്വന്തമാക്കി. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ കേരളം രണ്ടാം ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നഷ്‌ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്. ഇതോടെ കേരളത്തിന് ആകെ 121 റണ്ണിന്റെ ലീഡായി.
വിക്കറ്റ് നഷ്‌ടമില്ലാതെ 15 റണ്‍ എന്ന നിലയില്‍ രണ്ടാം ദിവസം കളി തുടങ്ങിയ ഗോവയ്‌ക്കു തുടക്കത്തിലേ തിരിച്ചടിയേറ്റു. ഒന്‍പത് റണ്‍സെടുത്ത ശാര്‍ദൂല്‍ സന്തോഷ് സേത്തിനെ പുറത്താക്കി പവന്‍ രാജ് കേരളത്തിന് ബ്രേക്ക്‌ത്രൂ സമ്മാനിച്ചു. തുടര്‍ന്നു വന്ന ശന്തനു നെവാഗിയെ (13) ജെ.എസ്. അനുരാജ് വിക്കറ്റിനു മുന്നില്‍ കുടുക്കി.
ഉറച്ചുനിന്ന വിരാജ് നായിക്കിനെ (29) പുറത്താക്കി ഷോണ്‍ റോജര്‍ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടതോടെ ഗോവ വിയര്‍ത്തു. ക്യാപ്‌റ്റന്‍ യഷ് കസവങ്കര്‍ (15), അനൂജ് യാദവ് (18), ദിശാങ്ക് മിസ്‌ക്വിന്‍ (17), നിത്യയ് (ഒന്ന്) എന്നിവരെ മടക്കി ഷോണ്‍ മധ്യനിരയുടെ നട്ടെല്ലൊടിച്ചു.
ഒരു ഘട്ടത്തില്‍ എട്ടു വിക്കറ്റിന് 116 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്ന ഗോവയെ ചിഗിരുപതി വെങ്കടയും സമര്‍ഥും ചേര്‍ന്ന ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ട് 150 കടത്തി. ഇരുവരും ചേര്‍ന്ന് 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വെങ്കട 31 റണ്ണടിച്ചപ്പോള്‍ സമര്‍ഥ് 16 റണ്ണുമായി പുറത്താകാതെ നിന്നു. അവസാന രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്‌ത്തി ആകെ മൂന്നു വിക്കറ്റുമായി ജെ.എസ്. അനുരാജ് ഗോവന്‍ ഇന്നിങ്‌സിന് തിരശീലയിട്ടു.
രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കേരളത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്‌ടമായി. എസ്. എസ്. അക്ഷയ് (10), അഭിഷേക് ജെ. നായര്‍ (രണ്ട്) എന്നിവരാണ് പുറത്തായത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 18 റണ്ണുമായി വരുണ്‍ നായനാരും രണ്ടു റണ്ണുമായി കൈലാസ് ബി. നായരുമാണ് ക്രീസില്‍.