-->
ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'Innoveg.co.in' എന്ന അഗ്രിഇന്നൊവേഷന്‍ സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകന്‍ അങ്കിത് ബര്‍ബേറ്റ തന്റെ നാല് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ഒരു സമ്മാനമാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. തന്റെ കമ്പനിയിലെ മികച്ച പ്രകടനം കാഴ്ചവെച്ച നാല് ജീവനക്കാര്‍ക്ക് പുത്തന്‍ ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക് കാറുകള്‍ അദ്ദേഹം സമ്മാനമായി നല്‍കിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന വീഡിയോയില്‍, നാല് കാറുകളുടെ താക്കോലുമായി നില്‍ക്കുന്ന അങ്കിതിനെ കാണാം. തന്റെ ജീവനക്കാരെ 'യോദ്ധാക്കള്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. 'ബോസ് എന്നത് എന്റെ അടയാളമാണ്, എന്നാല്‍ പ്രിയപ്പെട്ടവര്‍ക്കായി ജീവിക്കുക എന്നത് എന്റെ ഭാഗ്യമാണ്' എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്.
നാല് താക്കോലുകളും കൂട്ടിക്കലര്‍ത്തിയ ശേഷം ജീവനക്കാരോട് ഓരോന്ന് തിരഞ്ഞെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. ഇന്ന് എന്റെ നാല് യോദ്ധാക്കള്‍ക്ക് ഞാന്‍ ടാറ്റ നെക്‌സോണ്‍ നല്‍കുകയാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. തുടര്‍ന്ന് ഓരോരുത്തരായി പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ അണ്‍ലോക്ക് ചെയ്യുന്നതും കാണാം. അപ്രതീക്ഷിതമായി ലഭിച്ച ഈ വലിയ സമ്മാനത്തിന്റെ ഞെട്ടലിലും സന്തോഷത്തിലുമായിരുന്നു ആ നാല് ജീവനക്കാരും. വീഡിയോ വൈറലായതോടെ നിരവധിപേരാണ് കമ്പനിയില്‍ ജോലി അവസരം ചോദിച്ച് രംഗത്തെത്തിയിരിക്കുന്നത്.