-->
മുംബൈ: പ്രമുഖ സംരംഭകന്‍ പുനെയിലെ ബഹുനിലക്കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു. സോലാപൂരിലെ പ്രശസ്‌തമായ മുള്‍ട്ടാണി ബേക്കറിയുടെ ഉടമ സുനില്‍ മോട്ടിലാല്‍ സദരംഗനി (59) യാണു മരിച്ചത്.
വ്യാഴാഴ്‌ച വൈകുന്നേരം നാലുമണിയോടെ വിസാപൂര്‍ റോഡിലെ പനാസ് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലായിരുന്നു സംഭവം.
മരിക്കുന്നതിനുമുമ്പ് കെട്ടിടത്തിന്റെ 17-ാം നിലയില്‍ സദരംഗനി അലഞ്ഞുതിരിയുന്നത് ചില താമസക്കാര്‍ കണ്ടിരുന്നു. ഇവരില്‍ ചിലര്‍ അദ്ദേഹത്തിന്റെ വീഡിയോ പകര്‍ത്തുകയും കെട്ടിടത്തിന്റെ വാച്ച്‌മാനെ വിവരമറിയിക്കുകയും ചെയ്‌തു. തുടര്‍ന്ന് വാച്ചമാനും സ്‌ഥലത്തുണ്ടായിരുന്ന ഓഫീസ് ജീവനക്കാരനും 17-ാം നിലയിലെത്തി സംസാരിച്ചശേഷം സദരംഗനിയെ പത്താം നിലയിലേക്കു കൊണ്ടുവന്നു.
എന്നാല്‍ കാറിന്റെ താക്കോല്‍ നഷ്‌ടപ്പെട്ടുവെന്നു പറഞ്ഞ് അദ്ദേഹം മുകളിലേക്ക് ഓടുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റൊരാള്‍ മുകളിലെത്തിയെങ്കിലും സദരംഗനി അപ്പോഴേക്കും ചാടിക്കഴിഞ്ഞിരുന്നു.
വിവരം ലഭിച്ചയുടന്‍ മുതിര്‍ന്ന പോലീസുദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി. ഗുരുതരമായി പരുക്കേറ്റ് രക്‌തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ സദരംഗനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് വഴിയാണ് പോലീസ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് സദരംഗനി സോളാപൂരില്‍ നിന്ന് പൂനെയിലേക്കു താമസം മാറിയത്. കുറച്ചു ദിവസങ്ങളായി അദ്ദേഹം സമ്മര്‍ദത്തിലായിരുന്നെന്നും ഇതാണ് ജീവനൊടുക്കാന്‍ കാരണമായതെന്നും പോലീസ് പറഞ്ഞു.സംഭവത്തെത്തുടര്‍ന്ന് സദരംഗനിയുടെ കുടുംബം ആശുപത്രിയില്‍ എത്തി. ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരുന്നു. സംരംഭകനെ ആത്മഹത്യയിലേക്കു നയിച്ച സാഹചര്യങ്ങളും സോളാപൂരില്‍ നിന്ന് പൂനെയിലേക്കു മടങ്ങിയതിന്റെ കാരണങ്ങളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുന്നു.സംഭവത്തെത്തുടര്‍ന്ന് വന്‍ ജനക്കൂട്ടം സംഭവസ്‌ഥലത്ത് തടിച്ചുകൂടി. ദുരന്തത്തിനു മുമ്പുള്ള നിമിഷങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ദൃക്‌സാക്ഷികളുമായി സംസാരിക്കുകയും ചെയ്‌തു.