-->
ന്യൂഡല്‍ഹി: രാത്രിജോലിക്കു ശേഷം വീട്ടിലേക്ക് മടങ്ങിയ യുവാവിനു നിരത്തില്‍ ജലവിതരണ ബോര്‍ഡ് എടുത്ത കുഴിയില്‍ വീണ് ദാരുണാന്ത്യം. ന്യൂഡല്‍ഹിയില്‍ കൈലാഷ്‌പുരി സ്വദേശിയായ കമല്‍ ധ്യാനി (25)ക്കാണ് ഉദ്യോഗസ്‌ഥ അനാസ്‌ഥയില്‍ ജീവന്‍ നഷ്‌ടമായത്. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതിനു പിന്നാലെ മൂന്ന് ഉദ്യോഗസ്‌ഥര്‍ക്കു സസ്‌പെന്‍ഷന്‍.
രോഹിണിയിലെ ഓഫീസില്‍നിന്ന് വ്യാഴാഴ്‌ച രാത്രിയോടെ ഇരുചക്രവാഹനത്തില്‍ പുറപ്പെട്ടെങ്കിലും കമല്‍ വീട്ടിലെത്തിയില്ല. പാതിരാത്രിയില്‍ സഹോദരന്‍ ഉള്‍പ്പെടെയുള്ള ഉറ്റവര്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. വിവരം അറിയിച്ചതോടെ പോലിസും തെരച്ചിലിനിറങ്ങി. പക്ഷേ, ഫലമുണ്ടായില്ല.
രാവിലെ എട്ടോടെ വീട്ടുകാരുടെ പ്രാര്‍ഥനകള്‍ വിഫലമാക്കി പോലീസ് സ്‌റ്റേഷനിലേക്ക് ഒരു സ്‌ത്രീയുടെ ഫോണ്‍വിളിയെത്തി. 15 അടി താഴ്‌ചയുള്ള കുഴിയില്‍ മൃതദേഹം കണ്ടെന്നായിരുന്നു സന്ദേശം. സംഭവസ്‌ഥലത്തെത്തുമ്പോള്‍ മറിഞ്ഞ നിലയില്‍ ബൈക്കും കമലിന്റെ മൃതദേഹവും കണ്ടെത്തി.
തിരക്കേറിയ റോഡില്‍ ജലവിതരണത്തിനായി ഡല്‍ഹി ജല്‍ ബോര്‍ഡ് (ഡി.ജെ.ബി) കുഴിയെടുത്തിരുന്നു. ആഴത്തിലുള്ള കുഴിയുണ്ടെന്നു തിരിച്ചറിയാന്‍ മുന്നറിയിപ്പു ബോര്‍ഡുകളൊന്നും സ്‌ഥാപിച്ചിരുന്നില്ല. ഇതാണ് അപകടത്തിനു വഴിവച്ചതെന്നു കമലിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ന്നു. തലസ്‌ഥാനം ഭരിക്കുന്ന ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കി ആം ആദ്‌മി പാര്‍ട്ടി (എ.എ.പി) ഉള്‍പ്പെടെയുള്ളവര്‍ കുറിപ്പുമായി രംഗത്തെത്തി. ഡല്‍ഹി നഗരവികസന മന്ത്രി ആശിഷ് സൂദ് അന്വേഷണത്തിന് ഉത്തരവിട്ട് പ്രതിരോധം തീര്‍ത്തു. പ്രാഥമിക അന്വേഷണത്തിനൊടുവില്‍ ഡല്‍ഹി ജല്‍ ബോര്‍ഡിലെ മൂന്ന് ഉദ്യോഗസ്‌ഥരെ സസ്‌പെന്‍ഡ് ചെയ്‌തു. കമലിന്റെ ദാരുണമരണത്തില്‍ ദുഃഖം അറിയിച്ച ബോര്‍ഡ്, സംഭവം അന്വേഷിക്കാന്‍ സമിതി രൂപീകരിച്ചു. അനാസ്‌ഥയുണ്ടെന്നു വ്യക്‌തമായാല്‍ ഏതു തലത്തിലും കടുത്ത നടപടി സ്വീകരിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.