Wednesday, March 11, 2026 Last Updated 13 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.10 AM

ടെക്കിയുടെ മരണം നിര്‍മാണക്കമ്പനി ഉടമയെ ഉടനടി മോചിപ്പിക്കണമെന്നു ഹൈക്കോടതി

പ്രയാഗ്രാജ്‌: നോയ്‌ഡയില്‍ റോഡരികിലെ കുഴിയിലേക്കു കാര്‍ മറിഞ്ഞ്‌ യുവാവ്‌ മരിച്ച സംഭവത്തില്‍ അറസ്‌റ്റിലായ നിര്‍മാണക്കമ്പനി ഉടമയെ ഉടന്‍ മോചിപ്പിക്കണമെന്ന്‌ അലഹാബാദ്‌ ഹൈക്കോടതി. എം.ഇസഡ്‌. വിസ്‌ടൗണ്‍ പ്ലാനേഴ്‌സ് ഡയറക്‌ടര്‍ അഭയ്‌ കുമാറിനെ വിട്ടയയ്‌ക്കണമെന്നാണ്‌ ജസ്‌റ്റിസുമാരായ സിദ്ധാര്‍ഥ, ജയ്‌ കൃഷ്‌ണ ഉപാധ്യായ്‌ എന്നിവരടങ്ങിയ ബെഞ്ച്‌ ഉത്തരവിട്ടത്‌.
അഭയ്‌ കുമാറിന്റെ അറസ്‌റ്റിനെതിരേ സമര്‍പ്പിച്ച ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജി അനുവദിച്ചാണ്‌ ഹൈക്കോടതിയുടെ ഇടപെടല്‍. അറസ്‌റ്റ് മെമ്മോ നല്‍കുന്നതു സംബന്ധിച്ച 13-ാം വകുപ്പിലെ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ പോലീസ്‌ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ്‌ ഹൈക്കോടതിയുടെ നടപടി. പ്രതികളെ അറസ്‌റ്റിന്റെ കാരണങ്ങള്‍ അറിയിക്കുകയും കസ്‌റ്റഡിയിലെടുക്കുംമുമ്പ്‌ അറസ്‌റ്റ് മെമ്മോയുടെ പകര്‍പ്പ്‌ നല്‍കുകയും ചെയ്യണമെന്നാണ്‌ ഈ വകുപ്പ്‌ പറയുന്നത്‌. അഭയ്‌ കുമാറിനെ നിയമവിരുദ്ധമായാണ്‌ അറസ്‌റ്റ് ചെയ്‌തതെന്നും അറസ്‌റ്റ് സംബന്ധിച്ച സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ലെന്നും ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കുമാറിന്റെ അറസ്‌റ്റ്, തടങ്കല്‍, റിമാന്‍ഡ്‌ എന്നിവ നിയമവിരുദ്ധവും അസാധുവുമാണെന്നു പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു. ജനുവരി 20, 21 തീയതികളില്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി പുറപ്പെടുവിച്ച ജുഡീഷ്യല്‍ റിമാന്‍ഡ്‌ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി.
കഴിഞ്ഞ ജനുവരി 16-നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. നോയ്‌ഡ സെക്‌ടര്‍ 150ലെ റോഡരികിലെ കുഴിയിലേക്കു കാര്‍ മറിഞ്ഞ്‌ സോഫ്‌റ്റ്വേര്‍ എന്‍ജിനീയറായ യുവരാജ്‌ മേത്ത(27)യാണു മരിച്ചത്‌. വിസ്‌ടൗണ്‍ പ്ലാനേഴ്‌സിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്തെ നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ വെള്ളം നിറഞ്ഞാണ്‌ അപകടത്തിനു കാരണമായത്‌. ഇവിടെ മുന്നറിയിപ്പ്‌ ബോര്‍ഡുകളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഒരുക്കിയിരുന്നില്ല. തുടര്‍ന്ന്‌ ഗ്രേറ്റര്‍ നോയ്‌ഡ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യുകയും വിസ്‌ടൗണ്‍ പ്ലാനേഴ്‌സ് ഡയറക്‌ടര്‍ അഭയ്‌ കുമാറിനെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.

Ads by Google
Saturday 07 Feb 2026 11.10 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW