-->
കൊളംബോ: പാകിസ്‌താന്‍ ടീമിന്റെ പങ്കാളിത്തം സംബന്ധിച്ച അനിശ്‌ചിതത്വം നില്‍ക്കേ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ഇന്നു തുടക്കമാകും. കൊളംബോയിലെ റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ രാവിലെ 11 മുതല്‍ നടക്കുന്ന എ ഗ്രൂപ്പിലെ ഉദ്‌ഘാടന മത്സരത്തില്‍ പാകിസ്‌താന്‍ ഹോളണ്ടിനെ നേരിടും.
വൈകിട്ട് മൂന്നു മുതല്‍ നടക്കുന്ന സി ഗ്രൂപ്പ് മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസ് സ്‌കോട്ട്‌ലന്‍ഡിനെയും നേരിടും. നിലവിലെ ചാമ്പ്യന്‍ ഇന്ത്യയും യു.എസ്.എയും തമ്മിലുള്ള എ ഗ്രൂപ്പ് മത്സരം വൈകിട്ട് ഏഴ് മുതലാണ്. സി ഗ്രൂപ്പ് മത്സരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലും ഇന്ത്യയുടെ മത്സരം മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലുമാണ്‌്. ഇന്ത്യ, നമീബിയ, ഹോളണ്ട്, പാകിസ്‌താന്‍, യു.എസ്.എ. എന്നിവരാണ് എ ഗ്രൂപ്പില്‍. ഓസ്‌ട്രേലിയ, അയര്‍ലന്‍ഡ്, ഒമാന്‍, ശ്രീലങ്ക, സിംബാബ്‌വേ എന്നിവരാണു ബി ഗ്രൂപ്പില്‍. ഇം?ണ്ട്, ഇറ്റലി, നേപ്പാള്‍, സ്‌കോട്ട്‌ലന്‍ഡ്, വെസ്‌റ്റിന്‍ഡീസ് എന്നിവരാണു സി ഗ്രൂപ്പുകാര്‍.
ഡി ഗ്രൂപ്പില്‍ അഫ്‌ഗാനിസ്‌ഥാന്‍, കാനഡ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, യു.എ.ഇ. ടീമുകളാണ്. മുംബൈയിലെ കടുത്ത ചൂടാണ് താരങ്ങള്‍ക്കു വെല്ലുവിളി. വൈകിട്ട് കാലാവസ്‌ഥ മത്സരത്തിന് അനുകൂലവുമാണ്. വാങ്കഡെ സ്‌റ്റേഡിയം പരമ്പരാഗതമായി ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്നതാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന സന്നാഹ മത്സരത്തിനിടെ പരുക്കേറ്റ ഓള്‍റൗണ്ടര്‍ ഹര്‍ഷിത് റാണ ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പിക്കാനാകാത്തത് ഇന്ത്യക്കു തലവേദനയാണ്. റാണയുടെ പരുക്കിനെ കുറിച്ചു നായകന്‍ സൂര്യകുമാര്‍ യാദവ് തന്നെയാണു പുറത്തുവിട്ടത്. സന്നാഹ മത്സരത്തില്‍ റാണയ്‌ക്ക് ഒരോവര്‍ മാത്രമാണ് എറിയാനായത്. യു.എസിനെതിരേ റാണ അന്തിമ ഇലവനിലുണ്ടാകുമെന്നു പറയാനാകില്ലെന്നു സൂര്യ പറഞ്ഞു. മറ്റു താരങ്ങളെല്ലാം ഫിറ്റാണെന്ന ആശ്വാസവും ഇന്ത്യക്കുണ്ട്.
റാണയ്‌ക്കു പകരം ഇടംകൈയന്‍ സ്‌പിന്നറും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേല്‍ കളിച്ചേക്കും. ന്യൂസിലന്‍ഡിനെതിരേ നടന്ന കഴിഞ്ഞ അഞ്ച് ട്വന്റി20 കളുടെ പരമ്പരയില്‍ റാണ മൂന്ന് മത്സരങ്ങള്‍ കളിച്ചു. യു.എസ്. ടീമില്‍ കൗതുകമേറെയാണ്. ടീമിലെ നാല് താരങ്ങള്‍ മാത്രമാണ് അമേരിക്കയില്‍ ജനിച്ചവര്‍. മറ്റുള്ളവര്‍ അമേരിക്കയിലേക്കു കുടിയേറിയവരാണ്‌്. മൂന്നു താരങ്ങള്‍ പാകിസ്‌താനിലും നായകന്‍ മോനാങ്ക് പട്ടേല്‍ ഉള്‍പ്പെടെ നാലു പേര്‍ ഇന്ത്യയിലും ജനിച്ചവരാണ്. ''ഞങ്ങളില്‍ ഇന്ത്യക്കാരും പാകിസ്‌താനികളുമില്ലെന്ന്'' മോനാങ്ക് പട്ടേല്‍ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
സാധ്യതാ ടീം: ഇന്ത്യ - അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (നായകന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷദീപ് സിങ്, ജസ്‌പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.
സാധ്യതാ ടീം:: യു.എസ്.എ.- സായ്‌തേജ മുക്കാമല, ആദ്രിസ് ഗൗസ്, ഷായന്‍ ജഹാംഗീര്‍, മോനാങ്ക് പട്ടേല്‍ (നായകന്‍), മിലിന്ദ് കുമാര്‍, ഹര്‍മീത് സിങ്, ശുഭം രന്‍ജാനെ, മുഹമ്മദ് മൊഹ്‌സിന്‍, ഷാഡ്‌ലെ വാന്‍ സ്‌കൂവിക്, സൗരഭ് നേത്രാവല്‍കര്‍, അലി ഖാന്‍.
യു.എസ്. താരം ഹര്‍മീത് സിങും സൂര്യകുമാര്‍ യാദവും മുംബൈക്കു വേണ്ടി 2015 ല്‍ ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിരുന്നു. കഴിഞ്ഞ ലോകകപ്പിലും ഹര്‍മീത് ഇന്ത്യക്കെതിരേ കളിച്ചിരുന്നു. മത്സരത്തില്‍ സൂര്യകുമാര്‍ അര്‍ധ സെഞ്ചുറിയുമായി ഇന്ത്യയെ ജയിപ്പിച്ചു. ഇന്ത്യന്‍ ടീം ട്വന്റി20 ലോകകപ്പില്‍ അവസാനം തോറ്റത് 2022 ലാണ്. അഡ്‌ലെയ്‌ഡില്‍ ഇം?ണ്ടിനെതിരേയായിരുന്നു തോല്‍വി. മിന്നും ഫോമിലുള്ള ഇഷാന്‍ കിഷനാണ് ഇന്നത്തെ ശ്രദ്ധാകേന്ദ്രം. ശുഭ്‌മന്‍ ഗില്ലിനു പരുക്കേറ്റതോടെയാണ് ഇഷാനെ ലോകകപ്പ് ടീമിലെടുത്തത്. മങ്ങിയ ഫോമില്‍ കളിക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്‌ജു സാംസണിനു പ്ലേയിങ് ഇലവനില്‍ ഇടംകിട്ടില്ലെന്ന് ഉറപ്പാണ്. ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറുടെ റോളിനൊപ്പം ഓപ്പണര്‍ കൂടിയാകും.