-->
റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് തോല്‍വിയോടെ തുടക്കം. റെയില്‍വേസ് 131 റണ്ണിനാണ് കേരളത്തെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത റെയില്‍വേസ് 50 ഓവറില്‍ ആറ് വിക്കറ്റിന് 268 റണ്ണെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 42.3 ഓവറില്‍ 137 റണ്ണിന് ഓള്‍ഔട്ടായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത റെയില്‍വേസിന് ഷിപ്ര ഗിരിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മികച്ച സേ്‌കാര്‍ സമ്മാനിച്ചത്. 12 റണ്‍സെടുത്ത ഓപ്പണര്‍ ഝാന്‍സി ലക്ഷ്‌മിയുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്‌ടമായെങ്കിലും ഷിപ്രയും നസ്‌ഹത് പര്‍വീണും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 72 റണ്‍സ് പിറന്നു.
35 റണ്‍സെടുത്ത നസ്‌ഹത്തിനെയും ആരുഷി ഗോയലിനെയും എസ്. ആശ ഒരേ ഓവറില്‍ പുറത്താക്കിയത് കേരളത്തിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ഷിപ്രയും ഭാവന ഗോപ്‌ളാനിയും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് കളി വീണ്ടും റെയില്‍വേസിന്റെ നിയന്ത്രണത്തിലാക്കി. ഇരുവരും ചേര്‍ന്ന് 113 പന്തില്‍ 136 റണ്‍ കൂട്ടിച്ചേര്‍ത്തു. ഭാവന 68 റണ്‍സും ഷിപ്ര 118 റണ്ണുമെടുത്തു. എസ്. ആശ മൂന്ന് വിക്കറ്റും മൃദുല വി.എസ്, സജന സജീവന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.
കേരളത്തിന് നായിക ടി. ഷാനിയും അക്ഷയയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ഓപ്പണിങ് വിക്കറ്റില്‍ 75 റണ്‍ കൂട്ടിച്ചേര്‍ത്തു. അക്ഷയ 29റണ്ണും ഷാനി 46 റണ്ണുമെടുത്തു. പിന്നീടെത്തിയ ബാറ്റര്‍മാര്‍ കൂട്ടത്തോടെ പരാജയപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. അഞ്ച് വിക്കറ്റെടുത്ത പൂനം യാദവാണ് കേരള ബാറ്റിങ് നിരയെ തകര്‍ത്തത്. എസ്.പി. ഐഷ് മൂന്ന് വിക്കറ്റും ഏക്‌ത ബിഷ്‌ട് രണ്ട് വിക്കറ്റുമെടുത്തു.