-->
ഓരോ ദിവസവും നിരവധി ആളുകളാണ് തങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. ചിലര്‍ക്കിത് ഒരു പ്രത്യേക ശരീര രൂപഭംഗി നേടുന്നതിനും മറ്റു ചിലര്‍ക്ക് മികച്ച ആരോഗ്യം കൈവരിക്കുന്നതിനുമാണ്. എന്നാല്‍ ഈ ശ്രമത്തില്‍ എല്ലാവരും വിജയിക്കണമെന്നില്ല. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള പ്രക്രിയ ഏറെ സങ്കീര്‍ണമാണ്. ഇതില്‍ ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലി മാറ്റങ്ങള്‍ എന്നിവയുടെ സംയോജനം ഉള്‍പ്പെടുന്നു. ഇക്കാര്യത്തില്‍ അടുത്തിടെ വൈറലായ ഒരു അസാധാരണ സമീപനമാണ് 'ഫാറ്റ് ക്യാമ്പുകള്‍. കുറഞ്ഞ സമയംകൊണ്ട് ശരീരഭാരം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തവയാണ് ഈ കഠിനമായ പ്രോഗ്രാമുകള്‍.
ഒരു ഓസ്‌ട്രേലിയന്‍ ഇന്‍ഫ്‌ലുവന്‍സര്‍ ചൈനയിലെ അത്തരം ഒരു ഫാറ്റ് ജയിലിനെക്കുറിച്ചുള്ള തന്റെ അനുഭവം രേഖപ്പെടുത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ഒരു വീഡിയോയില്‍, ഓസ്‌ട്രേലിയയിലെ തന്റെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് തന്റെ ദിനചര്യയിലെ വിരസത മാറ്റാന്‍ ചൈനയിലേക്ക് മാറിയതായി അവര്‍ വെളിപ്പെടുത്തി
മറ്റൊരു വീഡിയോയില്‍, ഫാറ്റ് ക്യാമ്പിലെ തന്റെ ദിനചര്യയെക്കുറിച്ച് അവര്‍ വിശദീകരിച്ചു. രാവിലെ 7:30ന് അലാറം മുഴങ്ങുന്നതോടെ ദിവസം ആരംഭിക്കുന്നു. രാവിലെ എട്ട് മണിക്ക് എല്ലാവരും ശരീരഭാര പരിശോധനയ്ക്കായി ഒത്തുകൂടുന്നു. രാവിലെ 9:20 മുതല്‍ 10:30 വരെ കഠിനമായ ഏറോബിക്‌സ് ക്ലാസ് ഉള്‍പ്പെടുന്നു. തുടര്‍ന്ന് രാവിലെ 11:15ന് അന്നത്തെ ആദ്യത്തെ ഭക്ഷണം. പ്രഭാതഭക്ഷണത്തില്‍ നാല് മുട്ടകള്‍, ഒരു കഷ്ണം റൊട്ടി, അര തക്കാളി, കുറച്ച് വെള്ളരിക്ക എന്നിവ ഉള്‍പ്പെടുന്നു. പ്രഭാതഭക്ഷണത്തിനു ശേഷം, ഇവര്‍ കാര്‍ഡിയോ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നു. അതിനുശേഷം ഉച്ചയ്ക്ക് 2:504നാല് മണിക്കും ഇടയില്‍ വെയിറ്റ് ലിഫ്റ്റിങ് സെഷനായിരിക്കും.
ഉച്ചഭക്ഷണത്തില്‍ ടോസ്റ്റ് ചെയ്ത താറാവ്, താമര തണ്ട്, വറുത്ത പച്ചക്കറികള്‍, കുറച്ച് കാരറ്റ്, ഒരു വാഴപ്പഴം എന്നിവ ഉള്‍പ്പെടുന്നു. തുടര്‍ന്ന്, അവര്‍ ഏകദേശം രണ്ട് മണിക്കൂര്‍ ഉയര്‍ന്ന തീവ്രതയുള്ള പരിശീലനത്തിലും സ്പിന്‍ ക്ലാസുകളിലും ഏര്‍പ്പെടുന്നു. അന്നത്തെ രാത്രി ഭക്ഷണം, വറുത്ത മത്തനും പച്ചക്കറികളും മാത്രമായിരുന്നു. അന്നത്തെ അവസാനത്തെ ശരീരഭാര പരിശോധനയ്ക്ക് ശേഷം, എല്ലാവരും ഉറങ്ങാന്‍ പോകുന്നു. ഈ വ്യായാമങ്ങള്‍ ഒരു ദിവസം ഏകദേശം 12 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കാം. ഇന്‍ഫ്‌ലുവന്‍സറായ യുവതിയുടെ ശാരീരിക മാറ്റത്തില്‍ സോഷ്യല്‍മീഡിയ ഞെട്ടിയിട്ടുമുണ്ട്.