-->
മനുഷ്യനുമായി ഏറ്റവുമധികം ആത്മബന്ധം പുലര്‍ത്തുന്ന ജീവികളാണ് നായ്ക്കള്‍. ഭൂരിഭാഗം ആളുകളും സ്വന്തം മക്കളെപോലെയും കുടുംബത്തിലെ ഒരംഗത്തെപ്പോലെയുമൊക്കെയാണ് അവയെ പരിചരിക്കുന്നത്. ജോലിത്തിരക്കാണെങ്കിലും ഇവരെ നോക്കാനായി ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. 2019ല്‍ ഫിലിപ്പീന്‍സില്‍ തത്സമയ സംപ്രേക്ഷണത്തിനിടെ മാധ്യമപ്രവര്‍ത്തക നായയെ കാലിനുതാഴെ ഒളിപ്പിച്ചത് ഏറെ കൗതുകമുണര്‍ത്തിയിരിക്കുന്നു. ആ ചിത്രങ്ങള്‍ ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
കരുണ, ഉത്തരവാദിത്തം, പത്രപ്രവര്‍ത്തനത്തിന്റെ മാനുഷിക മുഖം എന്നിവയെല്ലാം പ്രതിഫലിപ്പിച്ച ഒരു ലളിതമായ പ്രവൃത്തിയെന്നാണ് ഈ ചിത്രത്തെക്കുറിച്ച് ആളുകള്‍ പറയുന്നത്. ഫിലിപ്പീന്‍സിലെ ദവാവോയില്‍ 'ടിവി പട്രോള്‍ സതേണ്‍ മിന്‍ഡനാവോ' എന്ന ചാനലിലെ റിപ്പോര്‍ട്ടറായ മെലാനി സെവെറിനോയാണ് തന്റെ അരുമയുമായി ന്യൂസ് സ്റ്റുഡിയോയിലേക്ക് എത്തിയത്. വീട്ടില്‍ നായയെ നോക്കാന്‍ ആരുമില്ലാത്ത അവസ്ഥ വന്നപ്പോഴാണ് മെലാനി ഓഫിസിലേക്ക് കൊണ്ടുവന്നത്. വാര്‍ത്താ അവതരണത്തിലുടനീളം മെലാനി നായ്ക്കുട്ടിയെ തന്റെ കാല്‍ക്കല്‍ ഒളിപ്പിച്ചുവച്ചു. വാര്‍ത്ത ബുള്ളറ്റിന്‍ കഴിയുന്നതുവരെ നായ മെലാനിയുടെ കാലോടുചേര്‍ന്ന് ഉറങ്ങുകയായിരുന്നു. സഹപ്രവര്‍ത്തകന്‍ എടുത്ത ചിത്രം പിന്നീട് ലോകം കീഴടക്കുകയായിരുന്നു.