-->
കയാക്കിങ്ങിനിടെ ഉണ്ടായ അതിശക്തമായ കൊടുങ്കാറ്റില്‍ കടലില്‍പ്പെട്ട കുടുംബത്തിലെ 13 വയസ്സുകാരന്‍ കരയിലേക്കു 4 കിലോമീറ്റര്‍ നീന്തി സഹായം തേടി. കരയിലെത്തിയതും കുഴഞ്ഞുവീണ പയ്യന്‍ പറഞ്ഞതുപ്രകാരം ഹെലികോപ്റ്ററില്‍ തിരച്ചില്‍ നടത്തിയ സംഘം കടലില്‍ നിലതെറ്റി നീങ്ങിയിരുന്ന ബോട്ടില്‍നിന്ന് അവന്റെ അമ്മയെയും സഹോദരങ്ങളെയും രക്ഷപ്പെടുത്തി.
ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്നുള്ള കുടുംബമാണ് രാവിലെ കയാക്കിങ് വള്ളത്തില്‍ കടലില്‍ ഇറങ്ങിയത്. കൊടുങ്കാറ്റും തിരമാലയും മൂലം നിയന്ത്രണം നഷ്ടപ്പെട്ട ഇവര്‍ ഉച്ചയോടെ ഉള്‍ക്കടലില്‍ പെട്ടു. കൂറ്റന്‍ തിരയില്‍ മുങ്ങിച്ചാകുമെന്ന സ്ഥിതി വന്നപ്പോഴാണ് അമ്മ ആസ്റ്റിന്‍ ആപ്പല്‍ബീ എന്ന മകനെ അപകടകരമായ ആ ജോലി ഏല്‍പിച്ചത്. കരയില്‍ നീന്തിയെത്തി സഹായം തേടുക. ഇരുട്ടായിട്ടും ആരെയും കാണാതായതോടെ മകന്‍ അപകടത്തില്‍പ്പെട്ടെന്ന് ആശങ്കപ്പെട്ടു.
4 കിലോമീറ്റര്‍ ദൂരം നീന്തുന്നതിനിടെ വേഗം കിട്ടാന്‍ ലൈഫ് ജാക്കറ്റ് ഉപേക്ഷിച്ച ആസ്റ്റിന്‍ കൈകാലുകള്‍ കുഴഞ്ഞിട്ടും നീന്തിക്കൊണ്ടേയിരുന്നു. രാത്രി 8.30ന് ഹെലികോപ്റ്ററെത്തി അമ്മ ജോവാന്‍ (47), 12 വയസ്സുള്ള സഹോദരന്‍ ബ്യൂ, 8 വയസ്സുള്ള സഹോദരി ഗ്രേസ് എന്നിവരെ കണ്ടെത്തുമ്പോള്‍ അവര്‍ 14 കിലോമീറ്റര്‍ ദൂരെ ഒഴുകിനടക്കുന്ന നിലയിലായിരുന്നു. ഭയം പിടികൂടാതിരിക്കാന്‍ പാട്ടുപാടിയും തമാശ പറഞ്ഞും ഒരു ഗെയിമായി ആ അവസരത്തെ കണ്ടുവെന്നു ജോവാന്‍ പറഞ്ഞു. രക്ഷപ്പെടുത്തുമ്പോള്‍ 3 പേരും തണുത്തു മരവിച്ച നിലയിലായിരുന്നു.