-->
ഹരാരേ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നു നടക്കുന്ന ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഹരാരേ സ്‌പോര്‍ട്‌സ് ക്ലബില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒരു മണി മുതലാണു മത്സരം. ആറാം കിരീടമാണ് ഇന്ത്യയുടെ നോട്ടമെങ്കില്‍ രണ്ടാം കിരീടം തേടിയാണ് ഇംഗ്ലണ്ട് കളിക്കുന്നത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ പത്താം ഫൈനലാണിത്. 2016 നു ശേഷം അവര്‍ എല്ലാ ഫൈനലിലും കളിച്ചു. 2000, 2008, 2018, 2022 സീസണുകളില്‍ ഇന്ത്യ ജേതാക്കളായി. 1998 ല്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് ജേതാക്കളായത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അണ്ടര്‍ 19 യില്‍ 54 തവണ ഏറ്റുമുട്ടി. ഇന്ത്യ 40 തവണയും ഇംഗ്ലണ്ട് 13 തവണയും ജയിച്ചു. ഒരു തവണ മത്സരം ടൈയായി.
സാധ്യതാ ടീം: ഇന്ത്യ - ആരോണ്‍ ജോര്‍ജ്, വൈഭവ് സൂര്യവംശി, ആയുഷ് എംഹാത്രെ (നായകന്‍), വിഹാന്‍ മല്‍ഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു, ആര്‍.എസ്.അംബ്രിഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍.
സാധ്യതാ ടീം: ഇംഗ്ലണ്ട് - ബെന്‍ ഡോവ്‌കിന്‍സ്, ജോസഫ് മൂര്‍സ്, ബെന്‍ മായേഴ്‌സ്, തോമസ് റൂ (നായകന്‍), കാലെബ് ഫാല്‍കോണര്‍, റാല്‍ഫി ആല്‍ബര്‍ട്ട്, ഫര്‍ഹാന്‍ അഹമ്മദ്, സെബാസ്‌റ്റ്യന്‍ മോര്‍ഗാന്‍, ജെയിംസ് മിന്റോ, മാനി ലുംസ്‌ഡന്‍, അലക്‌സ് ഫ്രഞ്ച്.
ഇംഗ്ലീഷ് ടീമിന്റെ മുന്നേറ്റം അസൂയാവഹമാണ്. കടുത്ത സമ്മര്‍ദത്തിലും പതറാതെ കളിക്കാന്‍ അവര്‍ക്കാകുമെന്ന് ഗ്രൂപ്പ് ഘട്ടത്തിലും സുപ്പര്‍ സിക്‌സിലും തെളിയിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന സെമി ഫൈനലില്‍ 27 റണ്ണിനു ജയിച്ചതും അതിനു തെളിവാണ്. ന്യൂസിലന്‍ഡിനെതിരേ 65 റണ്ണിനു ജയിച്ചത് മധ്യനിരയുടെ മാത്രം കഴിവു കൊണ്ടാണ്. ബംഗ്ലാദേശിനെതിരേ ഏഴ് വിക്കറ്റ് ജയം കുറിക്കുമ്പോള്‍ കളി തീരാന്‍ 155 പന്തുകള്‍ ശേഷിക്കുന്നുണ്ടായിരുന്നു. സ്‌കോട്ട്‌ലന്‍ഡിനെതിരേ 252 റണ്ണിനു ജയിച്ചതും ഓള്‍റൗണ്ട് മികവിനു തെളിവാണ്‌്. പാകിസ്‌താനെ 36 റണ്ണിനു തോല്‍പ്പിച്ചത് കടുത്ത മത്സരത്തിനൊടുവിലായിരുന്നു.
ഇന്ത്യയും അപരാജിതരാണ്. സിംബാബ്‌വേക്കെതിരേ 204 റണ്ണിനു ജയിച്ച ഇന്ത്യ പാകിസ്‌താനെ 58 റണ്ണിനു തോല്‍പ്പിച്ചിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച നെറ്റ് റണ്‍ റേറ്റുള്ള ടീമും ഇന്ത്യയാണ്. അഫ്‌ഗാനിസ്‌ഥാന്‍ സെമിയില്‍ 310 റണ്ണെടുത്തെങ്കിലും ഇന്ത്യ കളി തീരാന്‍ 53 പന്തുകള്‍ ശേഷിക്കേ ലക്ഷ്യത്തിലെത്തി. സിംബാബ്‌വേയ്‌ക്കെതിരേയുള്ള ജയം ബാറ്റിങ് പവറിലായിരുന്നു. ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിനു തോല്‍പ്പിച്ചത് മഴ നിയമത്തിന്റെ അടിസ്‌ഥാനത്തിലായെന്നു മാത്രം.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ 18 റണ്ണിനു തോല്‍പ്പിച്ചതാണ് ഏറ്റവും കടുത്ത മത്സരമായത്. ഇംഗ്ലണ്ടിനെതിരേ നടന്ന കഴിഞ്ഞ അഞ്ച് മത്സരത്തില്‍ മൂന്നിലും ഇന്ത്യയാണു ജയിച്ചത്. ജൂലൈ ഏഴിനായിരുന്നു അവസാനം ഏറ്റുമുട്ടിയത്. അന്ന് ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 10 കളികളിലായി 423 റണ്ണെടുത്ത ബെന്‍ മായ്‌സാണ് ഇംഗ്ലണ്ടിന്റെ പ്രധാന താരം. 102.91 സ്‌ട്രൈക്ക് റേറ്റുള്ള താരത്തിന്റെ ശരാശരി 47 റണ്ണാണ്. ഇതുവരെ 330 റണ്ണെടുത്ത ഓപ്പണര്‍ ബെന്‍ ഡോവ്‌കിന്‍സിനെയും കണക്കില്‍പ്പെടുത്തണം. ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിയാണ് ഏറ്റവും അപകടകാരി.
10 മത്സരങ്ങളിലായി 496 റണ്ണെടുക്കാന്‍ വൈഭവിനായി. 165.88 ആണ് സ്‌ട്രൈക്ക് റേറ്റ്. സെമിയില്‍ സെഞ്ചുറിയടിച്ച മലയാളി ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് എട്ട് കളികളിലായി 320 റണ്ണെടുത്തു. സ്‌പിന്നിനെ മികച്ച രീതിയില്‍ കളിക്കുന്ന ആരോണ്‍ മധ്യഓവറുകളില്‍ തിളങ്ങും. എട്ട് കളികളിലായി 19 വിക്കറ്റെടുത്ത മാനിയാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ മുമ്പന്‍. സ്‌പിന്നര്‍ ഫര്‍ഹാന്‍ 10 മത്സരങ്ങളിലായി 14 വിക്കറ്റെടുത്തു. ഒന്‍പത് മത്സരങ്ങളിലായി 14 വിക്കറ്റെടുത്ത ഹെനില്‍ പട്ടേലാണ് ഇന്ത്യക്കാരില്‍ മുമ്പന്‍. ഒന്‍പത് കളികളിലായി 12 വിക്കറ്റെടുത്ത ഖിലാന്‍ പട്ടേലും ഇന്ത്യക്ക് കിരീടത്തിലേക്കുള്ള പ്രതീക്ഷയാണ്.