Saturday, March 14, 2026 Last Updated 50 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.28 PM

കേരളം, ഫൈനലില്‍

uploads/news/2026/02/824148/sp1.jpg

ധാകുഖാന (അസം): സന്തോഷ്‌ ട്രോഫി ഫുട്‌ബോളില്‍ കേരളം തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍. ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ കേരളം സര്‍വീസസിനെ നേരിടും. ഇന്നലെ നടന്ന സെമി ഫൈനലില്‍ കേരളം പഞ്ചാബിനെ എതിരില്ലാത്ത നാല്‌ ഗോളുകള്‍ക്കും സര്‍വീസസ്‌ റെയില്‍വേസിനെ 2-0 ത്തിനും തോല്‍പ്പിച്ചു. കഴിഞ്ഞ തവണ കേരളത്തെ തോല്‍പ്പിച്ച്‌ പശ്‌ചിമ ബംഗാളാണു ജേതാക്കളായത്‌. കേരളവും സര്‍വീസസും സന്തോഷ്‌ ട്രോഫിയില്‍ എട്ടാം കിരീടമാണു ലക്ഷ്യമിടുന്നത്‌. കേരളം ഇതുവരെ 15 തവണ ഫൈനലില്‍ കളിച്ചു. 2023-24 സീസണിലാണ്‌ സര്‍വീസസ്‌ അവസാനം ഫൈനലില്‍ കളിച്ചത്‌. ധാകുഖാന ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളത്തിനായി മുഹമ്മദ്‌ റിയാസ്‌ രണ്ട്‌ ഗോളുകളും മുഹമ്മദ്‌ അജ്‌സല്‍, എം.. വിഘ്‌നേഷ്‌ എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു.
ഒന്നാം പകുതിയില്‍ തന്നെ മൂന്ന്‌ ഗോളുകള്‍ അടിച്ച്‌ ആധിപത്യം നേടാന്‍ കേരളത്തിനായി. മത്സരം ആരംഭിച്ചത്‌ മുതല്‍ ആക്രമണം പുറത്തെടുത്ത കേരള 16-ാം മിനിറ്റില്‍ ആദ്യ ഗോളടിച്ചു. വി. അര്‍ജുന്‍ എടുത്ത കോര്‍ണര്‍ കിക്കിനെ ഹെഡറിലൂടെ അജ്‌സല്‍ വലയിലാക്കി.
34-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ പിറന്നു. അര്‍ജുന്‍ നല്‍കിയ കോര്‍ണര്‍ കിക്കിനെ ബിബിന്‍ അജയന്‍ റിയാസിനു മറിച്ചു നല്‍കി. അവസരം കിട്ടിയ റിയാസിനു പിഴച്ചില്ല. ഒന്നാം പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കേ അജ്‌സലിന്റെ പാസില്‍നിന്ന്‌ വിഘ്‌നേഷ്‌ മൂന്നാം ഗോളടിച്ചു.
84-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ ഇ. സജീഷിന്റെ പാസിനെ റിയാസ്‌ തന്റെ രണ്ടാം ഗോളാക്കി. മധ്യനിര താരം ഹര്‍പ്രീത്‌ സിങിന്റെ പിഴവ്‌ സജീഷ്‌ മുതലാക്കുകയായിരുന്നു. കേരളത്തിന്റെ ഗോള്‍ കീപ്പര്‍ എസ്‌. ഹജ്‌മലിന്‌ അപൂര്‍വമായാണു പന്തില്‍ തൊടാനായത്‌. രണ്ടാം പകുതിയില്‍ മുഹമ്മദ്‌ ജസീനെ ഹജ്‌മലിനു പകരം കളിപ്പിച്ചു. മുഹമ്മദ്‌ അജ്‌സല്‍ രണ്ടുവട്ടം പഞ്ചാബിന്‌ ഭീഷണിയായിരുന്നു.
കോര്‍ണര്‍ കിക്കിനെ അജ്‌സല്‍ ഗോളിലേക്കു തിരിച്ചു വിട്ടെങ്കിലും ഹര്‍ജീതിന്റെ ഗോള്‍ ലൈന്‍ സേവ്‌ രക്ഷക്കെത്തി. വിഘ്‌നേഷ്‌, അജ്‌സല്‍, റിയാസ്‌ എന്നിവര്‍ തുടരെ പഞ്ചാബ്‌ ഗോള്‍ മുഖത്തെത്തി. തിരിച്ചടിക്കാന്‍ പഞ്ചാബ്‌ ടീമില്‍ തുടരെ മാറ്റംവരുത്തിയെങ്കിലും വെറുതേയായി. സിലാപതാര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റെയില്‍വേസിനെതിരേ സര്‍വീസസിനായി അഭിഷേക്‌ പവാറാണ്‌ രണ്ട്‌ ഗോളുകളുമടിച്ചത്‌. ഒന്നാം പകുതിയുടെ 33-ാം മിനിറ്റിലും 73-ാം മിനിറ്റിലുമായിരുന്നു പവാറിന്റെ ഗോളുകള്‍. 2023 ലാണ്‌ സര്‍വീസസ്‌ അവസാനം കിരീടം നേടിയത്‌.

Ads by Google
Thursday 05 Feb 2026 11.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW