-->
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തന്നെ നടക്കും. ഐ.എസ്.എല്ലിന്റെ 12 ാം പതിപ്പ് 14 ന് തുടക്കമിടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ എവിടെയാകുമെന്ന ചോദ്യത്തിന് ഉത്തരമായി. ജി.സി.ഡി.എ. ചെയര്‍മാന്‍ ചന്ദ്രന്‍പിള്ളയാണ് ബ്ലാസ്‌റ്റേഴ്‌സിന് കലൂര്‍ സ്‌റ്റേഡിയത്തില്‍ വാടകയിളവു നല്‍കുമെന്നും മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കുമെന്നും അറിയിച്ചത്.
കലൂര്‍ സ്‌റ്റേഡിയത്തിലെ വലിയ വാടക മൂലം ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ഹോം മത്സരങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റുമെന്നു വ്യക്‌തമാക്കിയിരുന്നു. ഡിസംബര്‍ 21 നു നടന്ന റേസിങ് മത്സരമാണ് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലെ ഗ്രൗണ്ടിന് വിനയായത്. ടര്‍ഫിന് കേടുപാടു സംഭവിച്ചു. അറ്റകുറ്റപ്പണി ചെയ്‌ത് സ്‌റ്റേഡിയം കൈമാറുമെന്ന് അറിയിപ്പുണ്ടായെങ്കിലും അതുണ്ടായില്ല. കോര്‍പറേഷന്‍ സ്‌റ്റേഡിയം കെ.എഫ്.എയ്‌ക്ക് ഇതുവരെ കൈമാറാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും കൊച്ചിയെ ആശ്രയിച്ചത്. കലൂര്‍ സ്‌റ്റേഡിയം അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് മത്സരങ്ങള്‍ക്കായി ഏറെക്കുറെ സജ്‌ജമായി. ഫ്‌ളഡ് ലൈറ്റുകള്‍ പിടിപ്പിക്കുന്ന ജോലികളാണ് ബാക്കി.
ടര്‍ഫുകള്‍ മികച്ചതാക്കുകയും സ്‌റ്റേഡിയത്തിലെ കസേരകള്‍ മാറ്റി പുതിയത് സ്‌ഥാപിക്കുകയും ചെയ്‌തു. സ്‌റ്റേഡിയത്തിനു ചുറ്റിലും മതിലുകള്‍ നിര്‍മിക്കുകയും പാര്‍ക്കിങിന് കൂടുതല്‍ സ്‌ഥലമൊരുക്കുകയും ചെയ്‌തു. നിലവില്‍ ബ്ലാസ്‌റ്റേഴ്‌സ് തൃപ്പൂണിത്തുറയിലാണ് പരിശീലിക്കുന്നത്. ആദ്യ ഹോം മത്സരം 22 നാണ് നിശ്‌ചയിച്ചത്.