-->
ന്യൂഡല്‍ഹി: രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് രാജ്യസഭയില്‍ മറുപടി നല്‍കവേ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷനിരയെ വിമര്‍ശിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചയുടനെ, പ്രതിപക്ഷ എം.പിമാര്‍ രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. 83 വയസായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ഈ പ്രായത്തിലും ഇരിക്കാനും മുദ്രാവാക്യം മുഴക്കാനും കഴിയുന്നുണ്ടെന്നായിരുന്നു ഈ സമയം മോദിയുടെ പരിഹാസം. ഇതുവകവയ്‌ക്കാതെ മുദ്രാവാക്യംവിളി തുടര്‍ന്ന പ്രതിപക്ഷം ഏതാനും സമയത്തിനുശേഷം ഇറങ്ങിപ്പോയി. 'അവര്‍ ക്ഷീണിതരായി ഇറങ്ങിപ്പോയെ'ന്നായിരുന്നു വോക്കൗട്ടിനെതിരേയുള്ള മോദിയുടെ പരിഹാസം.
യൂറോപ്യന്‍ യൂണിയനുമായും അമേരിക്കയുമായും അടുത്തിടെ ഉണ്ടാക്കിയ വ്യാപാര കരാറുകളെക്കുറിച്ചും മോദി പരാമര്‍ശിച്ചു.
' 2014 ല്‍ കോണ്‍ഗ്രസ് കുഴപ്പങ്ങളാണ് അവശേഷിപ്പിച്ചത്. അത് വൃത്തിയാക്കാന്‍ എന്റെ സര്‍ക്കാരിന് വളരെയധികം പരിശ്രമിക്കേണ്ടിവന്നു. കോണ്‍ഗ്രസിന് ആസൂത്രണവും കാഴ്‌ചപ്പാടും ഇല്ലായിരുന്നു. കോണ്‍ഗ്രസിന്റെ തെറ്റുകള്‍ തിരുത്താന്‍ എന്‍.ഡി.എ. സര്‍ക്കാര്‍ ധാരാളം സമയം ചെലവഴിക്കുന്നുണ്ട്. 'ഗരീബി ഹഠാവോ' പോലുള്ള മുദ്രാവാക്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ് ജനത്തെ തെറ്റിദ്ധരിപ്പിച്ചു. പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമാണ് അവര്‍ ചെയ്‌തിരുന്നത്. പക്ഷേ, ഒരിക്കലും പൂര്‍ത്തിയാക്കുമായിരുന്നില്ല- പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം, ഡി.എം.കെ. തുടങ്ങിയ പാര്‍ട്ടികള്‍ കേന്ദ്രത്തിലും സംസ്‌ഥാനങ്ങളിലും പതിറ്റാണ്ടുകളായി ഭരിച്ചിട്ടുണ്ടെങ്കിലും പ്രധാനമായും അഴിമതിയുടെ പേരിലാണ് അറിയപ്പെടുന്നത്. 'ഇപ്പോഴും ആളുകള്‍ അവരെക്കുറിച്ചു സംസാരിക്കുമ്പോള്‍ വ്യാപാര കരാറുകളെക്കുറിച്ചല്ല, ബൊഫോഴ്‌സ് പോലുള്ള കരാറുകളെക്കുറിച്ചാണു സംസാരിക്കുന്നത്.- പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യയുടെ താല്‍പ്പര്യങ്ങളില്‍ കേന്ദ്രം വിട്ടുവീഴ്‌ച ചെയ്‌തുവെന്നും യു.എസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയെന്നുമുള്ള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടിയായാണ് ബൊഫോഴ്‌സ് അഴിമതിയെക്കുറിച്ചുള്ള പരാമര്‍ശമെന്നു കരുതുന്നു. യു.എസുമായുള്ള കരാര്‍ കാരണം കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് കോട്ടം സംഭവിക്കുമെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ കൃഷി, ക്ഷീരവികസനം തുടങ്ങിയ മേഖലകള്‍ സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്രം ഉറപ്പു നല്‍കുന്നു.
വികസിത് ഭാരതിനെക്കുറിച്ചുള്ള തന്റെയും സര്‍ക്കാരിന്റെയും കാഴ്‌ചപ്പാടുകളും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഇന്ത്യ ഉയര്‍ന്ന വളര്‍ച്ചയ്‌ക്കും കുറഞ്ഞ പണപ്പെരുപ്പത്തിനും സാക്ഷ്യം വഹിക്കുകയാണ്. 'ദുര്‍ബലമായ 5' ല്‍ നിന്ന്, രാജ്യം ഇപ്പോള്‍ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി മാറുകയാണ്.
കുടിയേറ്റ വിഷയത്തിലും മോദി പ്രതിപക്ഷത്തെ ആക്രമിച്ചു. കോടതി ഈ വിഷയത്തില്‍ സമ്മര്‍ദം നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഐ.ആര്‍. നടപടിക്രമങ്ങളെ വെല്ലുവിളിച്ച് സുപ്രീം കോടതിയില്‍ ഹാജരായ പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രധാനമന്ത്രി പരിഹസിച്ചു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് ചിലര്‍ ഏതുവിധേനയും കചവം തീര്‍ക്കുകയാണെന്നു മോദി പറഞ്ഞു. അധികാരത്തിന്റെ പിന്‍ബലത്തില്‍ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍ ചിലര്‍ക്കു വ്യഗ്രതയാണ്. തൃണമൂല്‍ നേതാക്കള്‍ പലവിഷയങ്ങളിലും വാചാലരാകുന്നുണ്ട്. സ്വന്തം ചെയ്‌തികളിലേക്കു തിരിഞ്ഞുനോക്കാന്‍ കൂടി അവര്‍ തയാറാകണം. അവിടത്തെ സര്‍ക്കാരാണ് ബംഗാള്‍ നിവാസികള്‍ക്കു തലവേദന. കോടതികളെ സമീപിച്ച് നുഴഞ്ഞുകയറ്റക്കാര്‍ക്കു സംരക്ഷണം തീര്‍ക്കുന്നത് മറ്റാരുമല്ല. അവരെ സംബന്ധിച്ച് ഏതുവിധേനയും അധികാരം നിലനിര്‍ത്തുക മാത്രമാണു ലക്ഷ്യം. നുഴഞ്ഞുകയറ്റക്കാര്‍ രാജ്യത്തെ യുവത്വത്തിന്റെ അവകാശങ്ങളും ജീവനോപാധികളും കവരുകയാണ്. ഗോത്രവര്‍ഗക്കാരുടെ ഭൂമി കൈയേറി നമ്മുടെ മക്കളുടെ ജീവനുതന്നെ ഭീഷണി ഉയര്‍ത്തുന്നു- മോദി പറഞ്ഞു. നോബല്‍ സൗത്തില്‍ ഇന്ത്യ 'നേതൃത്വ ശബ്‌ദമായി' മാറിയെന്ന് യൂറോപ്യന്‍ യൂണിയനുമായും അമേരിക്കയുമായും ഉള്ള വ്യാപാര കരാറുകള്‍ എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. വിശ്വമിത്രവും വിശ്വബന്ധുവും എന്ന നിലയില്‍ ഇന്ത്യ പല രാജ്യങ്ങള്‍ക്കും 'വിശ്വസനീയ പങ്കാളിയായി' ഉയര്‍ന്നുവന്നിട്ടുണ്ടെന്നും മോദി പറഞ്ഞു.
'ബിട്ടുവിനെ അധിക്ഷേപിച്ചത് സിഖുകാരനായതിനാല്‍'
ന്യൂഡല്‍ഹി: സിഖ് സമുദായത്തോടു കോണ്‍ഗ്രസ് പാര്‍ട്ടി പിന്തുടര്‍ന്നുപോരുന്ന വെറുപ്പിന്റെ അവസാന ഉദാഹരണമാണ് കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയില്‍നിന്നുണ്ടായ അധിക്ഷേപമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിലെ പ്രസംഗത്തിനിടയിലാണ് രാഹുലിനും കോണ്‍ഗ്രസിനുമെതിരേ ബിട്ടുസംഭവം മോദി ആയുധമാക്കിയത്. ബിട്ടുവിനെ വഞ്ചകനെന്നു വിളിച്ച ത് കോണ്‍ഗ്രസ് യുവരാജാവിന്റെ ധാര്‍ഷ്‌ട്യം പരകോടിയിലെത്തിയതിനു തെളിവാണ്. കോണ്‍ഗ്രസ് വിട്ട മറ്റൊരാളെയും ഈ രീതിയില്‍ അപമാനിച്ചിട്ടില്ല. ബിട്ടുവിനെ ലക്ഷ്യമിട്ടത് അദ്ദേഹം സിഖുകാരനായതുകൊണ്ടുമാത്രമാണ്. പരാമര്‍ശത്തിലൂടെ ബിട്ടുവിനെ മാത്രമല്ല രാഹുല്‍ അപമാനിച്ചത്, സിഖ് സമുദായത്തെയും ഗുരുപരമ്പരയെയുമാണ്- മോദി പറഞ്ഞു.
കഴിഞ്ഞദിവസം ലോക്‌സഭ ബഹിഷ്‌കരിച്ചശേഷം കവാടത്തിനുമുന്നില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തുന്നതിനിടെയാണ് കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കൊമ്പുകോര്‍ത്തത്. തന്നെ വഞ്ചകനെന്നു വിളിച്ച രാഹുലിനെ രാജ്യദ്രോഹിയെന്നു വിളിച്ചായിരുന്നു ബിട്ടുവിന്റെ തിരിച്ചടി.