-->
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തിനിടെ, പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയം പാസാക്കി ലോക്‌സഭ. 2004 നു ശേഷം ആദ്യമായാണിത്. 2004 ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു ബജറ്റ് ചര്‍ച്ചയ്‌ക്ക് മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.
ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി 28 നു പാര്‍ലമെന്റിന്റെ സംയുക്‌തസമ്മേളനത്തെ അഭിസംബോധനചെയ്‌ത് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗത്തിനാണ് ലോക്‌സഭ ഇന്നലെ അംഗീകാരം നല്‍കിയത്. ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ള നന്ദിപ്രമേയത്തിന് പ്രതിപക്ഷം അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ടെങ്കിലും അവ നിരസിക്കപ്പെട്ടു. തുടര്‍ന്ന് സ്‌പീക്കര്‍ നന്ദി പ്രമേയം വായിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്കിടയില്‍ ശബ്‌ദവോട്ടോടെ പ്രമേയം പാസായി. ബുധനാഴ്‌ചയും ഇന്നലെയും നന്ദി പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, പ്രതിപക്ഷ അംഗങ്ങളുടെ ആവര്‍ത്തിച്ചുള്ള പ്രതിഷേധങ്ങളെയും ബഹളത്തെയും തുടര്‍ന്ന് സ്‌പീക്കര്‍ സഭ പിരിച്ചുവിട്ടു. ഇന്നലെ രാവിലെ 11ന് ആരംഭിച്ച ലോക്‌സഭാ സമ്മേളനം, പ്രധാനമന്ത്രി മോദിയെയും കേന്ദ്രസര്‍ക്കാരിനെയും ലക്ഷ്യമിട്ട് പ്രതിപക്ഷ എം.പിമാര്‍ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന് ഉടന്‍ നിര്‍ത്തിവച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാനുള്ള അവകാശം നിഷേധിച്ചെന്നു പ്രതിപക്ഷം ആരോപിച്ചു.ഇന്നലെ മൂന്നു തവണയാണു സഭ നിര്‍ത്തിവച്ചത്. രാവിലെ 11ന് ആരംഭിച്ച് ഒരു മിനിറ്റിനുള്ളില്‍ നിര്‍ത്തി. 12 ന് നടപടികള്‍ പുനരാരംഭിച്ചെങ്കിലും ബഹളത്തെത്തുടര്‍ന്ന് വീണ്ടും നിര്‍ത്തിവച്ചു. രണ്ടു മണിക്ക് നടപടികള്‍ പുനരാരംഭിച്ചെങ്കിലും വീണ്ടും ഉച്ചകഴിഞ്ഞ് മൂന്നുവരെ നിര്‍ത്തിവച്ചു. ഇതിനു പിന്നാലെ സഭ പിരിഞ്ഞു. ഇന്നു രാവിലെ 11 ന് നടപടികള്‍ പുനരാരംഭിക്കും.
2020 ലെ ഇന്ത്യ-ചൈന സംഘര്‍ഷത്തെ പരാമര്‍ശിക്കുന്ന മുന്‍ കരസേനാ മേധാവി എം.എം. നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ഓര്‍മക്കുറിപ്പിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സഭാ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തിയത്. പുസ്‌തകത്തിലെ ഭാഗങ്ങള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉദ്ധരിച്ചത് സഭാചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു ബി.ജെ.പി. ആരോപിച്ചു. സ്‌പീക്കര്‍ രാഹുലിന്റെ പ്രസംഗത്തിന്റെ സമയം വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. എന്നാല്‍, രാഹുലിനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നാരോപിച്ചു പ്രതിപക്ഷവും പ്രതിഷേധിച്ചു. ഏപ്രില്‍ രണ്ടിനാണ് ബജറ്റ് സമ്മേളനം അവസാനിക്കുന്നത്.