Wednesday, March 11, 2026 Last Updated 19 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.26 PM

പ്രഥമ പരിഗണന ഊര്‍ജ ആവശ്യം നിറവേറ്റുക: രണ്‍ധീര്‍ ജയ്‌സ്വാള്‍

ന്യൂഡല്‍ഹി: പെട്രോളിയം ഉത്‌പന്ന വിഷയത്തില്‍ ജനങ്ങളുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുകയാണു പ്രഥമലക്ഷ്യമെന്നു വിദേശകാര്യമന്ത്രാലയ വക്‌താവ്‌ രണ്‍ധീര്‍ ജയ്‌സ്വാള്‍. റഷ്യന്‍ എണ്ണ വാങ്ങുന്നത്‌ ഇന്ത്യ നിര്‍ത്തിയെന്ന അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ അവകാശവാദം സംബന്ധിച്ച ചോദ്യങ്ങളോടുള്ള മറുപടിയായാണ്‌ ജയ്‌സ്വാള്‍ നിലപാട്‌ വ്യക്‌തമാക്കിയത്‌. 140 കോടി ജനതയുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടെന്ന്‌ ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. വിഷയത്തില്‍ സര്‍ക്കാരിന്റെ ഈ നിലപാട്‌ മുമ്പും പരസ്യമാക്കിയിട്ടുണ്ട്‌. വിപണി സാഹചര്യങ്ങള്‍ക്കും രാജ്യാന്തര മേഖലയിലെ ചലനങ്ങള്‍ക്കും അനുസൃതമായി നമ്മുടെ ഊര്‍ജ സ്രോതസുകളില്‍ വൈവിധ്യവത്‌കരിക്കുന്നതിലൂടെ ഈ ലക്ഷ്യം സാക്ഷാത്‌കരിക്കപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്‌.
ആത്യന്തികമായി ഇക്കാര്യത്തിലൂന്നിയാകും ഇന്ത്യ കൈക്കൊള്ളുന്ന തീരുമാനങ്ങളെന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു. വെനസ്വേലയുമായി ഇന്ത്യക്കു ദീര്‍ഘകാല കരാറുണ്ട്‌. വെനസ്വേലയില്‍നിന്നോ മറ്റു വിപണികളില്‍നിന്നോ എണ്ണ വാങ്ങുന്നതില്‍ രാജ്യത്തിനു തുറന്ന സമീപനമാണ്‌. അതു പക്ഷേ, വാണിജ്യപരമായി ലാഭകരമായിരിക്കണമെന്നു മാത്രം- ജയ്‌സ്വാള്‍ പറഞ്ഞു.
എണ്ണ വിപണനത്തില്‍ ഇന്ത്യയുടെ ദീര്‍ഘകാല പങ്കാളിയാണ്‌ വെനസ്വേല. 2008 മുതല്‍ അവിടത്തെ കമ്പനിയുമായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക്‌ വ്യാപാരപങ്കാളിത്തമുണ്ട്‌. 2019-20 വരെ വെനസ്വേലയില്‍നിന്ന്‌ ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്‌തിരുന്നു. പിന്നീട്‌ നിര്‍ത്തി. 2023-24ല്‍ ഇടപാടുകള്‍ പുനഃരാരംഭിച്ചെങ്കിലും ഉപരോധത്തിന്റെ പശ്‌ചാത്തലത്തില്‍ വീണ്ടും 2020 കാലയളവിലെ സാഹചര്യത്തിലേക്കു മടങ്ങാന്‍ നിര്‍ബന്ധിതരാകുകയായിരുന്നെന്നും അദ്ദേഹം വ്യക്‌തമാക്കി.

Ads by Google
Thursday 05 Feb 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW