Wednesday, March 11, 2026 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.26 PM

സംയുക്‌ത പ്രസ്‌താവന ദിവസങ്ങള്‍ക്കുള്ളില്‍, ഔപചാരിക കരാര്‍ മാര്‍ച്ചില്‍: പിയൂഷ്‌ ഗോയല്‍

ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ്‌ വ്യാപാര കരാര്‍ മാര്‍ച്ച്‌ പകുതിയോടെ ഒപ്പുവയ്‌ക്കുമെന്ന്‌ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ്‌ ഗോയല്‍. ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ക്ക്‌ അമേരിക്ക ഏര്‍പ്പെടുത്തിയ താരിഫ്‌ 18 ശതമാനമായി കുറയ്‌ക്കുക, റഷ്യയില്‍നിന്ന്‌ എണ്ണ വാങ്ങുന്നത്‌ ഇന്ത്യ നിര്‍ത്തുക, 50,000 കോടി ഡോളറിന്റെ അമേരിക്കന്‍ ഊര്‍ജ-സാങ്കേതിക ഉത്‌പന്നങ്ങള്‍ ഇന്ത്യ വാങ്ങുക തുടങ്ങിയവ ഉള്‍പ്പെടുന്നതാണു കരാറിലെ വ്യവസ്‌ഥകളെന്നാണു നിഗമനം. എന്നാല്‍ ഇക്കാര്യം വാണിജ്യ മന്ത്രി വ്യക്‌തമാക്കിയിട്ടില്ല. അതേസമയം വ്യാപാര കരാര്‍ സംബന്ധിച്ച്‌ അഞ്ചു ദിവസത്തിനുള്ളില്‍ സംയുക്‌ത പ്രസ്‌താവന പുറപ്പെടുവിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.
സംയുക്‌ത പ്രസ്‌താവന ഒപ്പുവച്ചു കഴിഞ്ഞാല്‍ എക്‌സിക്യൂട്ടീവ്‌ ഓര്‍ഡര്‍ വഴി ഇന്ത്യയുടെ ഉത്‌പന്നങ്ങള്‍ക്കുള്ള യു.എസ്‌്. താരിഫ്‌ 18 ശതമാനമായി കുറയുമെന്നാണ്‌ പിയൂഷ്‌ ഗോയലിന്റെ വിശദീകരണം. അതേസമയം ഔപചാരിക കരാര്‍ നടപ്പാകാന്‍ 30-45 ദിവസമെടുക്കുമെന്നും മാര്‍ച്ചില്‍ വെര്‍ച്വലായിട്ടായിരിക്കും അത്‌ ഒപ്പുവയ്‌ക്കുകയെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ വേഗത്തില്‍ നടപ്പാകാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനുശേഷം കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കരാര്‍ നിയമപരമായ ഒപ്പുവച്ചുകഴിഞ്ഞാല്‍ യു.എസിനു മേലുള്ള താരിഫ്‌ ഇന്ത്യ കുറയ്‌ക്കുമെന്ന്‌ വാണിജ്യ സെക്രട്ടറി രാജേഷ്‌ അഗര്‍വാള്‍ പറഞ്ഞു.
പ്രതിപക്ഷം ആവശ്യപ്പെട്ട കരാറിന്റെ വിശദാംശങ്ങള്‍ പിന്നീട്‌ പങ്കുവയ്‌ക്കുമെന്ന്‌ ബന്ധപ്പെട്ട വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
രാജ്യത്തെ ക്ഷീര, മത്സ്യബന്ധന മേഖലയെയും കര്‍ഷകരെയും അമേരിക്കന്‍ കയറ്റുമതിയില്‍നിന്നു വേണ്ടത്ര സംരക്ഷിച്ചിട്ടുണ്ടെന്നും അവര്‍ ഊന്നിപ്പറഞ്ഞു. 2025 ല്‍ ഒമാന്‍, യു.കെ, ന്യൂസിലാന്‍ഡ്‌, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായി ഒപ്പുവച്ച മറ്റു വ്യാപാര കരാറുകളിലേക്കും വിരല്‍ ചൂണ്ടിയ സ്രോതസുകള്‍ അവയില്‍ ഒരിളവും നല്‍യിട്ടില്ലെന്ന്‌ വ്യക്‌തമാക്കുകയും ചെയ്‌തു.
ട്രൂത്ത്‌ സോഷ്യലിലൂടെ യു.എസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപാണ്‌ തിങ്കളാഴ്‌ച രാത്രി കരാറിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്‌. ദീര്‍ഘകാലമായി കാത്തിരുന്ന വിശാലമായ വ്യാപാര കരാറിലേക്കുള്ള ചുവടുവയ്‌പ്പായി ഇത്‌ കണക്കാക്കപ്പെടുന്നു,
2030 ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ യു.എസ്‌ ഡോളറായി ഉയരുമെന്ന പ്രതീക്ഷയുണര്‍ത്തുന്നതാണു കരാര്‍. 7000-8000 കോടി ഡോളറിന്റെ എയര്‍ക്രാഫ്‌റ്റ്‌ ഇടപാടുകളും ഇതില്‍ ഉള്‍പ്പെടുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു. കരാര്‍ പ്രകാരം ഇന്ത്യ പ്രതിവര്‍ഷം 30000 കോടി ഡോളറിന്റെ സാധനങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടിവരുമെന്നും ഊര്‍ജം, വിമാനം, ചിപ്പുകള്‍ എന്നിവയുടെ പ്രധാന വിതരണക്കാരില്‍ ഒന്നായിരിക്കും യു.എസ്‌ എന്നും പറയപ്പെടുന്നു.

Ads by Google
Thursday 05 Feb 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW