-->
തിരുവനന്തപുരം : ഔദ്യോഗിക വാഹനത്തിനു മുന്നില്‍ എംഎല്‍എ എന്നെഴുതുന്നതിന് പകരം തനി മലയാളത്തില്‍ ' നിയമസഭാംഗം' എന്ന് എഴുതിയതിന് തനിക്ക് കിട്ടിയ പണിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തില്‍ വിവരിച്ച് തിരുവല്ല എംഎല്‍എ മാത്യു.ടി.തോമസിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. ഇന്നലെയുണ്ടായ സംഭവത്തില്‍ എംഎല്‍എ എന്നെഴുതാതെ നിയമസഭാംഗം എന്നെഴുതിയ ബോര്‍ഡ് വച്ചതിനെ തുടര്‍ന്ന് വാച്ച് ആന്റ് വാര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ അനുഭവമാണ് എംഎല്‍എ പങ്കുവച്ചിരിക്കുന്നത്.
വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ എംഎല്‍എയ്ക്ക് മാത്രമേ വാഹനം നിയമസഭാ അങ്കണത്തില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സാധിക്കുവെന്നും നിയമസഭാംഗത്തിന് പറ്റില്ലെന്നും വാച്ച് ആന്റ് വാര്‍ഡ് അറിയിക്കുകയായിരുന്നു. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷനാണ് മാത്യു ടി തോമസ്. അതുകൊണ്ടാണ് ഇംഗ്ലിഷിനു പകരം മലയാളത്തില്‍ ബോര്‍ഡ് വച്ചത്. എന്നാല്‍ നിയമസഭാ അങ്കണത്തില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ബോര്‍ഡ് തടസ്സമായി മാറുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
''ഞാന്‍ 2018 മുതല്‍ ഉപയോഗിക്കുന്ന കാറാണിത്. രണ്ടേകാല്‍ ലക്ഷം കി.മി ഓടിക്കഴിഞ്ഞു. ഇന്ന് നിയമസഭയില്‍ ചെന്ന് പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എന്നെ അത്ര പരിചയം ഇല്ലാത്ത ഒരു വാച്ച് & വാര്‍ഡ്, ഡ്രൈവര്‍ സീറ്റില്‍ ഇരിക്കയായിരുന്ന എന്നോട് വളരെ വിനയത്തോടെ പറഞ്ഞു. 'ഇവിടെ MLA മാരുടെ വാഹനങ്ങള്‍ക്കു മാത്രേ പാര്‍ക്കിങ് അനുവദിക്കൂ'. നിയമസഭ അംഗങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലേ എന്ന എന്റെ ചോദ്യത്തിന് ഉടനെ മറുപടി വന്നു. 'MLA മാരുടെ വാഹനം മാത്രമേ പറ്റു'. MLA എന്ന് ഇംഗ്ലിഷില്‍ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ എന്റെ ഡ്രൈവര്‍ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ് എന്ന് ഇന്ന് ബോധ്യപ്പെട്ടു. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷന്‍ കൂടിയായ ഞാന്‍ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നു''.