-->
സിനിമയിലെ സെന്‍സറിങ്ങിനെക്കുറിച്ച് പ്രതികരിച്ച് നടി രേവതി. സിനിമയില്‍ നമുക്ക് ക്രിയേറ്റിവ് ഫ്രീഡം വേണമെന്നും എന്നാല്‍ റെസ്‌പോണ്‍സിബിള്‍ ആയ ഫിലിംമേക്കിങ് ആണ് ചെയ്യേണ്ടതെന്നും രേവതി പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങുന്ന സിനിമകളില്‍ വയലന്‍സ് കൂടുതലാണെന്നും തനിക്ക് ഇഷ്ടമുളള ഹീറോകള്‍ അത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കാണാന്‍ ഇഷ്ടമല്ലെന്നും രേവതി പറഞ്ഞു. തന്റെ ഏറ്റവും പുതിയ ബോളിവുഡ് സിനിമയായ അസ്സിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രേവതി.
'ഇതിൽ രണ്ട് ഭാഗങ്ങൾ ഉണ്ട്. ഒന്ന് നമുക്ക് ക്രിയേറ്റിവ് ഫ്രീഡം വേണം എന്ന ഭാഗം മറ്റൊന്ന് റെസ്പോൺസിബിൾ ഫിലിംമേക്കിങ്. നമുക്ക് എന്താണോ ശരിയെന്ന് തോന്നുന്നത് അത് വെച്ചിട്ട് സിനിമ എടുക്കണം. ഞാൻ ആണെങ്കിൽ അങ്ങനെയേ എടുക്കൂ. പക്ഷേ സിനിമയിൽ ചിലപ്പോഴൊക്കെ വയലൻസുകൾ വളരെ ഓവർ ആയി പോകുന്നുണ്ട്. യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ഇല്ല എന്നല്ല. യഥാർത്ഥ ജീവിതത്തിൽ ഉള്ള വയലൻസുകൾ വളരെയധികം മോശമാണ്. പക്ഷേ എനിക്ക് ഇഷ്ടമുള്ള ഹീറോകൾ അത്തരം കാര്യങ്ങൾ ചെയ്യുന്നത് കാണാൻ എനിക്ക് ഇഷ്ടമല്ല. അവിടെ സെൻസർ ബോർഡും നമ്മളും തമ്മിൽ ഒരു ഗിവ് ആൻഡ് ടേക്ക് ഉണ്ടാകണം. ഞാൻ ജനനായകൻ മുഴുവനും കണ്ടിട്ടില്ല. ഞാൻ അതിൽ രണ്ട് സീൻ മാത്രമേയുള്ളു', രേവതിയുടെ വാക്കുകൾ.
ജനനായകന്‍ സിനിമയുടെ സെന്‍സര്‍ വിഷയത്തെക്കുറിച്ച് ചോദ്യം ഉയരവെയാണ് രേവതിയുടെ പ്രതികരണം. അതേസമയം, താപ്‍സിയെ നായികയാക്കി അനുഭവ് സിൻഹ ഒരുക്കുന്ന സിനിമയാണ് അസ്സി. കനി കുസൃതി, രേവതി, ആദ്വിക് ജയ്‌സ്വാൾ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഫെബ്രുവരി 20 ന് ചിത്രം പുറത്തിറങ്ങും. അനുഭവ് സിൻഹ, ഗൗരവ് സോളങ്കി എന്നിവർ ചേർന്നാണ് സിനിമ എഴുതിയിരിക്കുന്നത്.